Connect with us

Ongoing News

എതിരാളികളെ നര്‍മത്തില്‍ തളച്ച് ഉഴവൂര്‍

Published

|

Last Updated

മലപ്പുറം: രാഷ്ട്രീയത്തില്‍ വാക്കുകള്‍ കൊണ്ടുള്ള പോര് പുതുമയുള്ള കാര്യമല്ല. കടുത്ത ആരോപണ പ്രത്യാരോപണങ്ങള്‍ രാഷ്ട്രീയത്തില്‍ പതിവാണ്. എന്നാല്‍ എതിരാളികളെ നര്‍മത്തില്‍ പൊതിഞ്ഞ വാക്കുകളുമായി നേരിടുന്ന നേതാവാണ് എന്‍ സി പി സംസ്ഥാന ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍. ഈ തിരഞ്ഞെടുപ്പ് കാലത്തും അദ്ദേഹത്തിന്റെ നര്‍മ സംഭാഷണങ്ങള്‍ പ്രതിയോഗികളുടെ കുറിക്ക് കൊള്ളുന്നവയാണ്. ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പ്രചാരണ യോഗങ്ങളിലെല്ലാം പ്രവര്‍ത്തകരെ നിര്‍ത്താതെ ചിരിപ്പിക്കുന്ന ഉഴവൂര്‍ തമാശകള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ കേള്‍വിക്കാര്‍ ഏറെയുണ്ട്. യു ഡി എഫിനെ കണക്കിന് കളിയാക്കുന്ന ഉഴവൂര്‍ പ്രചാരണ യോഗങ്ങളിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസത്തെ മലപ്പുറം പ്രസ്‌ക്ലബിന്റെ നേതൃ ശബ്ദം പരിപാടിയിലും അദ്ദേഹം ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി.
ബാര്‍ പൂട്ടിയോ, എത്ര ബാര്‍ തുറക്കും തുടങ്ങിയ പല തരത്തിലുള്ള ചോദ്യങ്ങളാണ് യു ഡി എഫിന്. ഇതു കേട്ടാല്‍ തോന്നും രണ്ടെണ്ണം അടിക്കാനാണോ എന്ന്. എന്നാല്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നുമില്ല. പിണറായി വിജയന് ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മാത്രമേ നേരമുള്ളു. ഈയിടെ ഒരു കലക്ടര്‍ അദ്ദേഹത്തിന്റെ കൈയില്‍ ഒരു തുണി കെട്ടിയത് കണ്ട് ഉഴവൂര്‍ കാര്യം അന്വേഷിച്ചു, നേരത്തെ ചെറിയ ഒരു പൊട്ടലുണ്ടായിരുന്നുവത്രെ, ഇപ്പോള്‍ സര്‍ക്കാര്‍ ഇറങ്ങുന്നതിന് മുമ്പ് കായല്‍ മുഴുവന്‍ പതിച്ച് നല്‍കുന്നതിന്റെ ഫയല്‍ ഒപ്പിട്ട് കൈ ഒടിഞ്ഞതാണെന്നായിരുന്നു കലക്ടറുടെ മറുപടി. അത്രമാത്രം ഫയലുകളിലാണ് സര്‍ക്കാര്‍ അവസാന നിമിഷം ഒപ്പിടീക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കടല്‍കൂടി പതിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സുധീരന്‍ ഇടപെട്ട് അത് അടുത്ത തവണത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. എല്‍ ഡി എഫ് വരും എല്ലാം ശരിയാകുമെന്ന് കൂടുതല്‍ പറയുന്നത് കെ പി സി സി പ്രസിഡന്റ് വി എം സുധീരനാണെന്നാണ് ഉഴവൂരിന്റെ അഭിപ്രായം. പ്രതാപന്റെ ചെവിട്ടിലും സുധീരന്‍ ഇത് തന്നെയാണ് പറയുന്നതത്രെ. ഉഴവൂര്‍ പറഞ്ഞു.

Latest