Connect with us

Gulf

ദുബൈയിലെത്തുന്ന വിനോദസഞ്ചാരികള്‍ രേഖപ്പെടുത്തിയത് മികച്ച യാത്രാനുഭവം

Published

|

Last Updated

ദുബൈ: എമിറേറ്റിലെത്തുന്ന വിനോദസഞ്ചാരികളുടെ സംതൃപ്തി അളക്കുന്നതിനായി ദുബൈ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് പുതിയ രീതി ആവിഷ്‌കരിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ വിസിറ്റേഴ്‌സ് സര്‍വേ (ഡി ഐ വി എസ്) എന്ന പുതിയ രീതിയിലൂടെയുള്ള കണക്കുകള്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പുറത്തുവിട്ടു. 2015ലെ ദുബൈയിലെ യാത്രാ അനുഭവത്തിന് 61 ശതമാനം പേരും 9+ സ്‌കോറാണ് നല്‍കിയിരിക്കുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിനോദസഞ്ചാരികള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് വന്‍ സ്വീകാര്യതയാണ് സന്ദര്‍ശകരില്‍നിന്ന് ലഭിക്കുന്നതെന്നും വിനോദസഞ്ചാരമേഖലയില്‍ മികച്ച യാത്രാനുഭവമാണ് ദുബൈയിലെത്തുന്ന ഓരോ സന്ദര്‍ശകനും രേഖപ്പെടുത്തുന്നതെന്നും ദുബൈ കോര്‍പറേഷന്‍ ഫോര്‍ ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് സി ഇ ഒ ഇസാം ഖാസിം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു. ഈ വര്‍ഷം മൂന്ന് തീം പാര്‍ക്കുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. മികച്ച ഹോട്ടല്‍ താമസ സൗകര്യങ്ങളും ബീച്ച്-മറൈന്‍ വിനോദങ്ങളും ഇവിടെയുണ്ട്. ആഗോള നിലവാരമുള്ള വിപണികള്‍ ഉയര്‍ന്ന ഷോപ്പിംഗ് അനുഭവമാണ് നല്‍കുന്നത്. സാഹസിക വിനോദങ്ങള്‍ക്ക് ഉതകുന്ന സൗകര്യങ്ങള്‍ ദുബൈയിലുണ്ട്.
സാംസ്‌കാരിക-കലാ-പൈതൃക പ്രോത്സാഹനത്തിനായി ദുബൈ നഗരസഭയും സാംസ്‌കാരിക-കലാ കേന്ദ്രവും സംയുക്തമായി ദുബൈ ഹിസ്റ്റോറിക്കല്‍ ഡിസ്ട്രിക്ട് പദ്ധതി ഒരുക്കുന്നുണ്ട്. ഖോര്‍ ദുബൈ (ക്രീക്ക്)യിലാണിത്. എമിറേറ്റിന്റെ മറ്റു ചരിത്രയിടങ്ങളായ ബര്‍ ദുബൈ, അല്‍ ഫഹീദി, ദേര എന്നിവയെല്ലാം ഇതിനടുത്താണ്.
കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക സന്ദര്‍ശക റിപ്പോര്‍ട്ട് പ്രകാരം 64.9 ശതമാനമാണ് സന്ദര്‍ശകരെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. സര്‍വേ പ്രകാരം 2015ലെ സന്ദര്‍ശകര്‍ ഐകണ്‍ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തത് ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിലൊന്നായ ദുബൈ മാള്‍ സ്ഥിതിചെയ്യുന്ന ദുബൈ ഡൗണ്‍ ടൗണിനെയാണ്. ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ ആകര്‍ഷിച്ചത് ദുബൈ അക്വാറിയമാണ്. ദുബൈയിലെത്തിയ സഞ്ചാരികളില്‍ 86 ശതമാനവും ഇവിടം സന്ദര്‍ശിച്ചു. രണ്ടാം സ്ഥാനത്ത് ദുബൈ ഫൗണ്ടെയ്‌നും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സെല്‍ഫി എടുക്കാന്‍ ഇഷ്ടപ്പെടുന്ന ബുര്‍ജ് ഖലീഫയുമാണ്. പാം ജുമൈറയും ബുര്‍ജുല്‍ അറബും മികച്ച ഹോട്ടലുകളായി സന്ദര്‍ശകര്‍ തിരഞ്ഞെടുത്തു.

---- facebook comment plugin here -----

Latest