Connect with us

National

അഗസ്റ്റ വെസ്റ്റ്ലന്‍ഡ്: രാജ്യസഭ പ്രക്ഷുബ്ധം

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് അ ധ്യക്ഷ സോണിയാഗാന്ധിക്ക് പങ്കുണ്ടെന്ന ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് രണ്ട് തവണ നിര്‍ത്തിവെച്ച സഭ ഉച്ചയോടെ പിരിഞ്ഞു. രാജ്യസഭയില്‍ കന്നി പ്രസംഗത്തിനെത്തിയ സുബ്രഹ്മണ്യം സ്വാമി അഗസ്റ്റ് വെസ്റ്റ്‌ലന്‍ഡ് ഇടപാടില്‍ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭയിലില്ലാത്ത വ്യക്തിയെക്കുറിച്ച് സംസാരിക്കരുതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ചു.
എന്നാല്‍, സുബ്രഹ്മണ്യം സ്വാമി മുമ്പ് നോട്ടീസ് നല്‍കിയതാണെന്നും അദ്ദേഹത്തിന് സംസാരിക്കുന്നതിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് അരുണ്‍ജെയ്റ്റ്‌ലിയും സ്മൃതി ഇറാനിയും രംഗത്തെത്തിയതോടെ ബഹളമായി. ഇതേത്തുടര്‍ന്ന് മൂന്ന് മിനുട്ട് മാത്രം സുബ്രഹ്മണ്യം സ്വാമിക്ക് സഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കി. സുബ്രഹ്മണ്യം സ്വാമി ആരോപണം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് ചാടിയെണീറ്റു. സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധം ആരംഭിച്ചു. സഭയിലില്ലാത്ത വ്യക്തികളെക്കുറിച്ച് ആരോപണം ഉന്നിയിക്കുന്നത് സഭാ നടപടികള്‍ക്ക് വിരുദ്ധമാണെന്ന് വിഷയത്തില്‍ ഇടപെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹൈലിക്കോപ്ടര്‍ ഇടാപാടുമായി ബന്ധപ്പെട്ട് കമ്പനിയെ യു പി എ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍, മോദി സര്‍ക്കാറാണ് മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരിച്ചുകൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് സോണിയ ഗാന്ധിക്കെതിരെയുളള വിവരങ്ങള്‍ക്ക് നരേന്ദ്രമോദി ഇടനിലക്കാരെ ബന്ധപ്പെട്ടുവെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇടനിലക്കാരനായ ജയിംസ് മാത്യുവിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതമെന്ന് അരുണ്‍ ജെയ്റ്റ്ലി സഭയില്‍ പറഞ്ഞു. സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തെത്തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെത്തുടര്‍ന്ന് രണ്ട് തവണ രാജ്യ സഭ നിര്‍ത്തിവെച്ചു.