Connect with us

Ongoing News

ദീദി, ബോദി, ബോസ്; വാശിയേറിയ വി ഐ പി മണ്ഡലം

Published

|

Last Updated

മമത ബാനര്‍ജി, ചന്ദ്രകുമാര്‍ ബോസ്, ദീപ ദാസ്മുന്‍ഷി

കൊല്‍ക്കത്ത: ശനിയാഴ്ച നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലമാണ് ഭാബാനിപൂര്‍. വി ഐ പി സ്ഥാനാര്‍ഥികള്‍ അണിനിരക്കുന്നതോടൊപ്പം ശക്തമായ തൃകോണ മത്സരത്തിന്റെ കാറ്റും വീശിത്തുടങ്ങിയതോടെ മണ്ഡലം മൂന്ന് മുന്നണികളുടേയും ആവേശ ഭൂമിക കൂടിയായി മാറി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെന്ന ദീദി ആത്മവിശ്വാസത്തിന്റെ തേരില്‍ തന്റെ വിശ്വസ്ത മണ്ഡലത്തില്‍ ജനവിധി തേടുമ്പോള്‍ എതിരിടാന്‍ കരുത്തരായ സ്ഥാനാര്‍ഥികളെ തന്നെയാണ് ഇടത് – വലത് സഖ്യവും ബി ജെ പിയും രംഗത്തിറക്കിയത്.

മമത കഴിഞ്ഞാല്‍ പശ്ചിമബംഗാളില്‍ ഏറെ സ്വാധീനം ചെലുത്തിയ വനിത നേതാവായ ദീപ ദാസ്മുന്‍ഷിയെന്ന ബോദി (സഹോദരി യെയാണ് ഇടത് – വലത് സഖ്യത്തിന്റെ സ്ഥാനാര്‍ഥി. സുഭാഷ് ചന്ദ്രബോസിന്റെ ചരിത്രത്തില്‍ ഊര്‍ജ്ജം കൊള്ളുന്ന കൊല്‍ക്കത്തയുടെ മണ്ണിലേക്ക് നേതാജിയുടെ ബന്ധുവായ ചന്ദ്രകുമാര്‍ ബോസിനെയാണ് ബി ജെ പിയും രംഗത്തിറക്കിയത്. ഇവരെക്കൂടാതെ സ്വതന്ത്രരടക്കം 11 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
1991 മുതല്‍ മമതയെ ലോക്‌സഭയിലേക്ക് അയച്ച പാര്‍ലിമെന്റ് മണ്ഡലം ഉള്‍ക്കൊള്ളുന്ന മേഖലയാണ് ഭബാനിപൂര്‍. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച് ഭബാനിപൂര്‍ മമതയെ ബംഗാള്‍ ചരിത്രത്തിന്റെ ഭാഗമാക്കി.
എന്നാല്‍, മമത മുഖ്യമന്ത്രിയായ ശേഷം മണ്ഡലത്തിന്റെ ഒഴുക്കില്‍ കാര്യമായ വ്യതിയാനം വന്നിട്ടുണ്ട്. കോണ്‍ഗ്രസിനും സി പി എമ്മിനും നേരിയ തോതില്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇരുവരും ഒന്നിക്കുന്നതും ബി ജെ പിക്ക് കഴിഞ്ഞ പാര്‍ലിമെന്റ്, മുന്‍സിപല്‍ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റവും മമതക്ക് ഭീതി സൃഷ്ടിക്കുന്നുണ്ട്. മൂന്നര പതിറ്റാണ്ടോളം നാട് ഭരിച്ച സി പി എം നേതാക്കളെ വീഴ്ത്തിയ പശ്ചിമ ബംഗാളിലെ വോട്ടര്‍മാര്‍ ഇനിയും അട്ടിമറി സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി, കോണ്‍ഗ്രസ് – ഇടത് സഖ്യങ്ങള്‍.
തെക്കന്‍ കൊല്‍ക്കത്തയില്‍ ഉള്‍പ്പെടുന്ന ഭബാനിപൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ തൃണമൂലിന് കനത്ത തിരിച്ചടിയാണുണ്ടായത്. തൃണമൂല്‍ സ്ഥാനാര്‍ഥിയായ സുബ്രത ഭക്ഷി ഒരുലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചെങ്കിലും മമതയുടെ മണ്ഡലത്തില്‍ സുബ്രതക്ക് ലഭിച്ച വോട്ട് വളരെ കുറവായിരുന്നു.
183 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് തൃണമൂലിന് ഇവിടെ നിന്ന് ലഭിച്ചത്. 2015ലെ തിരഞ്ഞെടുപ്പില്‍ ഭബാനിപൂരിലെ എട്ടില്‍ ആറ് നഗരസഭ വാര്‍ഡുകളും തൃണമൂലിനൊപ്പം നിന്നപ്പോള്‍ ഓരോ വാര്‍ഡുകള്‍ വീതം ബി ജെ പിക്കും കോണ്‍ഗ്രസ് – ഇടത് സഖ്യത്തിനും നേടാനായിട്ടുണ്ട്.
മമത മുഖ്യമന്ത്രിയായ ശേഷം മണ്ഡലത്തില്‍ കോണ്‍ഗ്രസ്, സി പി എം, ബി ജെ പി പാര്‍ട്ടികള്‍ക്ക് ശക്തി വര്‍ധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിലെ മുഴുവന്‍ മേഖലകളിലും ഓടിനടക്കുന്നതിനിടെ സ്വന്തം മണ്ഡലത്തിലെത്താന്‍ മമതക്ക് സാധിക്കാത്തത് എതിരാളികള്‍ മുതലെടുത്തിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രചാരണത്തിന് സമയം കണ്ടെത്താന്‍ ബോസിനും ബോദിക്കും സാധിച്ചിട്ടുണ്ട്.

Latest