Connect with us

Ongoing News

മണ്ണാര്‍ക്കാട്: അവകാശവാദങ്ങളിലല്ല; അടിയൊഴുക്കിലാണ്..

Published

|

Last Updated

ആര്‍ക്കും കോട്ടയെന്ന് അവകാശപ്പെടാനില്ലാത്ത മണ്ഡലമാണ് മണ്ണാര്‍ക്കാട്. ഇടതിനെയും വലതിനെയും ഒരു പോലെ ജയിപ്പിക്കുകയും തോല്‍പ്പിക്കുകയും ചെയ്ത ചരിത്രം മണ്ണാര്‍ക്കാട്ടുകാര്‍ക്ക് പഥ്യം . ഇത്തരമൊരു സാഹചര്യത്തില്‍ മണ്ഡലം ആര്‍ക്കും ഉറച്ച തട്ടകമായി എടുത്തുകാട്ടാനാകില്ല. ഇടതു മുന്നണിയിലെ ഘടകകക്ഷിയായ സി പി ഐ മണ്ണാര്‍ക്കാട്ട് മത്സരിക്കാന്‍തുടങ്ങിയിട്ട് പതിറ്റാണ്ടുകഴിഞ്ഞു. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. മുസ്‌ലിം ലീഗിലെ സിറ്റിംഗ് എം എല്‍ എ എന്‍ ശംസുദ്ദീനും സി പി ഐയിലെ കെ പി സുരേഷ്‌രാജും തമ്മിലാണ് പ്രധാന മത്സരം. പാലക്കാട്ട് ലീഗിന് അവകാശപ്പെട്ട ഒരേ ഒരു സീറ്റ് മണ്ണാര്‍ക്കാടാണ്.

സി പി ഐയും ലീഗും തമ്മിലാണ് പ്രധാന മത്സരമെങ്കിലും മണ്ഡലത്തില്‍ ബി ജെ പി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സാന്നിധ്യം അരക്കിട്ടുറപ്പിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി ഇവിടെ നേരിട്ട് മത്സരിക്കുന്നില്ല. സഖ്യ കക്ഷിയായ ബി ഡി ജെ എസിലെ എ പി കേശവദേവാണ് ബി ജെ പി ഉള്‍പ്പെട്ട എന്‍ ഡി എ സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി പി ഐയിലെ വി ചാമുണ്ണിയെ 8270 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കന്നിയങ്കത്തില്‍ ശംസുദ്ദീന്‍ ജയിച്ചത്.

MANNARKKADഅഞ്ച് വര്‍ഷക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നിരത്തിയാണ് ശംസുദ്ദീന്‍ തിരെഞ്ഞടുപ്പിനെ നേരിടുമ്പോള്‍ വികസനം കടലാസില്‍ മാത്രമെന്ന് ആരോപിച്ചാണ് എല്‍ ഡി എഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. മണ്ഡലത്തില്‍പ്പെട്ട അട്ടപ്പാടിയില്‍ ആദിവാസികളുടെ ദയനീയ ജീവിത സാഹചര്യവും പോഷകാഹാരക്കുറവും മൂലം ആദിവാസികുഞ്ഞുങ്ങള്‍ മരിച്ച് വീഴുമ്പോള്‍ മണ്ഡലത്തില്‍ എന്ത് വികസനമാണ് നടന്നതെന്ന് മറുചോദ്യമാണ് എല്‍ ഡി എഫ് ഉന്നയിക്കുന്നത്.

ഏതാനും റോഡുകള്‍ നന്നാക്കിയാല്‍ മാത്രം മണ്ഡലത്തില്‍ വികസനമാകില്ലെന്നും ജനങ്ങളുടെ ജീവിതനിലവാരവും കാര്‍ഷികമേഖലയിലെ തകര്‍ച്ചയും പരിഹരിക്കാന്‍ മാത്രമെ നാടിന്റെ വികസനമാകുകയൂള്ളുവെന്നും ഇടത് മുന്നണി വാദിക്കുന്നു.
മണ്ണാര്‍ക്കാട്ട് വികസനം ഫഌകസ് ബോര്‍ഡുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നുവെന്നാണ് ഇടത് മുന്നണി ആരോപിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയിലെ പടലപിണക്കമാണ് ലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് ആധാരമായതെങ്കില്‍ ഇത്തവണ ഇടത് മുന്നണി ഒറ്റക്കെട്ടായാണ് തിരെഞ്ഞടുപ്പിനെ നേരിടുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തദ്ദേശസ്വയഭരണസ്ഥാപന തിരഞ്ഞെടുപ്പ് വേളയില്‍ ലീഗിനുള്ളില്‍ അസ്വസ്ഥത പൊട്ടിത്തെറിക്കുകയുണ്ടായി. ഈ അസ്വസ്ഥതകള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും മറനീക്കി വന്നെങ്കിലും സംസ്ഥാന നേതാക്കള്‍ ഇടപെട്ട് താത്കാലിക അനുരഞ്ജനം ഉണ്ടാക്കിയിരിക്കയാണ്.

എന്നാല്‍ അണികള്‍ക്കിടയില്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. 1957ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൃഷ്ണമേനാന്റെ വിജയത്തിലൂടെയാണ് മണ്ണാര്‍ക്കാടിന്റെ തിരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത്. 1960ല്‍ സി പി ഐയിലെ കൃഷ്ണന്‍ കൊങ്ങശേരി വിജയിച്ചു. 1965ല്‍ സി പി എമ്മിലെ ശങ്കരന്‍ നിയമസഭയിലെത്തി. 67ല്‍ സി പി എമ്മിലെ ഇ കെ ഐ ബാവയും 70ല്‍ സി പി എമ്മിലെ തന്നെ ജോണ്‍ മന്‍ജുരാമും വിജയിച്ചു. 77ല്‍ സി പി ഐയിലെ എ എന്‍ യൂസുഫ് സി പി എമ്മിലെ സി എസ് ഗംഗാധരനെ തോല്‍പ്പിച്ചു. 1980ലാണ് ലീഗ് ആദ്യമായി ജയിക്കുന്നത്.

അന്നത്തെ തിരഞ്ഞെടുപ്പില്‍ എ പി ഹംസയാണ് വിജയിച്ചത്. 82ല്‍ സി പി ഐയിലെ കുമാരന്‍ സീറ്റ് തിരിച്ചു പിടിച്ചു. 87ലും 91ലും ലീഗിന്റെ കല്ലടി മുഹമ്മദ് വിജയിച്ചു. 96ല്‍ സി പി ഐയിലെ ജോസ് ബേബി ജയിച്ചപ്പോള്‍ 2001 ല്‍ ലീഗിലെ കളത്തില്‍ അബ്ദുല്ല വിജയിച്ചു. 2006ല്‍ വീണ്ടും സി പി ഐയിലെ ജോസ്‌ബേബി നിയമസഭാംഗവും ഡെപ്യൂട്ടി സ്പീക്കറുമായി.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഇടത് മുന്നണിക്ക് ലഭിച്ച വന്‍ മുന്നേറ്റത്തിനൊപ്പം പ്രാദേശിക തലത്തില്‍ ലീഗിനെതിരെ വന്ന ശക്തമായ പ്രതിഷേധവും യു ഡി എഫ് സ്ഥാനാര്‍ഥിക്ക് കനത്ത വെല്ലുവിളിയാണ്. പാലക്കാട്ട് പാര്‍ലിമെന്റ് മണ്ഡലം ഉള്‍ക്കൊള്ളുന്ന മണ്ണാര്‍ക്കാട്ട് കഴിഞ്ഞ ലോക്‌സഭയില്‍ യു ഡി എഫിന് വോട്ടിംഗ് നില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ 13 വാര്‍ഡുകള്‍ നേടി യു ഡി എഫും എല്‍ ഡി എഫും ഒപ്പത്തിനൊടൊപ്പം നിന്നപ്പോള്‍ ഏഴില്‍ അഞ്ച് പഞ്ചായത്തുകളിലും എല്‍ ഡി എഫ് ഭരണം പിടിച്ചെടുത്തു.

71 വാര്‍ഡുകളില്‍ എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ കേവലം 39 വാര്‍ഡുകളില്‍ മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്. മണ്ണാര്‍ക്കാട്ടെ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് യു ഡി എഫ് സ്ഥാനാര്‍ഥി ശംസുദ്ദീനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാതലത്തില്‍ തിരിച്ചടി പ്രതീക്ഷിക്കുന്ന മുസ്‌ലീം ലീഗ്, ബി ജെ പിയുടെ വോട്ടില്‍ കണ്ണുംനട്ട് അണിയറയില്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, മണ്ഡലത്തിലെ ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്ന ബി ജെ പി – ബി ഡി ജെ എസ് സഖ്യം ലീഗ്, യു ഡി എഫ് നീക്കത്തെ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.

ആദിവാസി വോട്ടുകള്‍ നിറയെ ഉളള മണ്ഡലത്തില്‍ ആദിവാസികളുടെ സ്‌നേഹം പിടിച്ചുപറ്റുന്നവരോടപ്പം വിജയം കൂടെ നില്‍ക്കും. ആദിവാസികുഞ്ഞുങ്ങള്‍ മരിച്ച് വീഴുമ്പോള്‍ ആദിവാസി മേഖലകളായ അഗളി, പുതൂര്‍, ഷോളയൂര്‍, കോട്ടോപ്പാടം വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചനാതീതം. ഇതെല്ലാം അതിജീവിക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് കഠിന പ്രയത്‌നം വേണ്ടിവരും. വെള്ളറട

---- facebook comment plugin here -----

Latest