Connect with us

National

സോണിയയെ അറസ്റ്റ് ചെയ്യാന്‍ ബിജെപിക്കു ധൈര്യമുണ്ടോയെന്ന് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ ബിജെപി സര്‍ക്കാരിനെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്. ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ഇറ്റാലിയന്‍ കോടതിയില്‍ നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്ന നേതാക്കളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും കെജരിവാള്‍ ചോദിച്ചു. ബിജെപി ഒരിക്കലും ഇതു ചെയ്യില്ല. ഇക്കാര്യത്തില്‍ ബിജെപിയുടേത് സദുദ്ദേശ്യമല്ല. കഴിഞ്ഞ അഞ്ചു കൊല്ലമായി ബിജെപി ഇതു സംബന്ധിച്ച് പ്രസ്താവനകള്‍ പുറത്തിറക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഉറ്റചങ്ങാതിമാരാണ്. അതിനാല്‍ തുടര്‍നടപടികളൊന്നുമുണ്ടാകില്ലെന്നും കെജരിവാള്‍ പറഞ്ഞു.

അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ പേര് രാജ്യസഭയില്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണു വീണ്ടും ഇക്കാര്യം ചൂടേറിയ ചര്‍ച്ചയായി മാറിയത്. പുതുതായി നാമനിര്‍ദേശം ചെയ്യപ്പെട്ടു സഭയിലെത്തിയ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണു ഹെലികോപ്റ്റര്‍ ഇടപാടിലെ കോഴവിവാദവുമായി ബന്ധപ്പെടുത്തി സോണിയയുടെ പേര് പരാമര്‍ശിച്ചത്. ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ ഇറ്റാലിയന്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കത്തില്‍ സോണിയയെക്കുറിച്ചു പരാമര്‍ശമുണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം.

Latest