Connect with us

Articles

പകല്‍ക്കിനാവുകള്‍ നിറച്ച ഗ്യാസ് കുറ്റികള്‍ !

Published

|

Last Updated

സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡകളെയും അത് നടപ്പാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനെയും എതിര്‍ക്കുന്നവര്‍ക്ക് പഞ്ഞമൊന്നുമില്ല ഇന്ത്യന്‍ യൂനിയനില്‍. ബി ജെ പിയുമായി അധികാരം പങ്കിടുന്ന ജമ്മു കാശ്മീര്‍ പി ഡി പി മുതല്‍ ഇങ്ങ് കേരളത്തിലെ പി ഡി പി വരെയോ അതിലധികോ നീളും ആ പട്ടിക. വര്‍ഗീയ – ഫാസിസ്റ്റ് ശക്തികളെ എതിരിടുമ്പോള്‍ യോജിക്കേണ്ടതല്ലേ എന്ന് ചോദിച്ചാല്‍ ഇവര്‍ക്കെല്ലാം പല ഉത്തരമായിരിക്കും. അതിന് കാരണങ്ങള്‍ പലതുണ്ടാകുകയും ചെയ്യും. ജമ്മു കാശ്മീര്‍ പി ഡി പിക്ക്, വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ നാഷനല്‍ കോണ്‍ഫറന്‍സുമായോ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാക്കാനാകില്ല. അത്തരമൊരു സഖ്യം തങ്ങളുടെ രാഷ്ട്രീയ പ്രസക്തിയെ തന്നെ ചോദ്യംചെയ്യുമെന്ന് അവര്‍ ഭയക്കുന്നു.
2017ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍ പ്രദേശിന്റെ കാര്യമെടുക്കാം. മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളുമൊക്കെ വര്‍ഗീയ ഫാസിസ്റ്റ് അജന്‍ഡകളെ എതിര്‍ക്കാന്‍ മുമ്പന്തിയിലുണ്ട്. പക്ഷേ, ബി ജെ പിയെ എതിര്‍ക്കാന്‍ ഇവരൊന്നിക്കുമെന്ന് കരുതാനേ വയ്യ. അതില്‍ സമാജ്‌വാദിക്കും ബി എസ് പിക്കും ചില ന്യായങ്ങളുണ്ട്. ബഹുകോണ മത്സരത്തില്‍ ഭൂരിപക്ഷത്തിന് വേണ്ടത്ര പ്രതിനിധികളെ നിയമസഭയിലെത്തിക്കാന്‍ പാകത്തില്‍ കരുത്തുണ്ട് ഈ പാര്‍ട്ടികള്‍ക്ക്. ബീഹാറില്‍ ഇത്തരമൊരു സ്വാധീനമില്ലാതിരുന്നിട്ടും ബി ജെ പിയെ തോല്‍പ്പിക്കാന്‍ നിതീഷും ലാലുവവുമൊന്നിച്ചപ്പോള്‍ മുലായം വിട്ടുനിന്നു. ജനതാദളങ്ങളെയൊക്കെ യോജിപ്പിക്കാന്‍ ഒരു വര്‍ഷത്തിലധികമായി നടക്കുന്ന ശ്രമങ്ങള്‍ വിജയം കാണാതിരിക്കുന്നതും മുലായത്തെപ്പോലുള്ള നേതാക്കളുടെ വിമുഖത കൊണ്ടാണ്. ബി ജെ പിയെ (കോണ്‍ഗ്രസിനെയും) എതിര്‍ക്കുമ്പോള്‍ തന്നെ താന്താങ്ങളുടെ ആധിപത്യം നിലനിന്നുകാണണമെന്ന് ഈ നേതാക്കള്‍ ആഗ്രഹിക്കുന്നു. ബീഹാറില്‍ ബി ജെ പിയെ തുരത്തിയ നിതീഷ് – ലാലു സഖ്യത്തെ വരുംകാലത്ത് ഇല്ലാതാക്കാന്‍ ഇത്തരം ആഗ്രഹങ്ങള്‍ കാരണമായേക്കാം.
ഒരു സംസ്ഥാനത്തെങ്കിലും ഒറ്റക്ക് അധികാരത്തില്‍ വരാന്‍ ശേഷിയും ശേമുഷിയുമുള്ള പാര്‍ട്ടികളുടെയും അതിന്റെ നേതാക്കളുടെയും കാര്യമാണിതൊക്കെ. അതുകൊണ്ട് തന്നെ അവക്ക്/അവര്‍ക്ക് ആഗ്രഹമോ അത്യാഗ്രഹമോ ഉണ്ടാകുന്നതില്‍ അത്ഭുതം തോന്നേണ്ടതില്ല. വര്‍ഗീയതയും അതിന്റെ പ്രയോക്താക്കളുടെ ഫാസിസ്റ്റ് മനോഭാവവും കണക്കിലെടുക്കുമ്പോള്‍ വകവെച്ചു കൊടുക്കാവുന്നതല്ല ഈ ആഗ്രഹ, അത്യാഗ്രഹങ്ങളെന്നത് മറന്നല്ല ഇത് പറയുന്നത്. പരസ്പരം പോരടിക്കുമ്പോള്‍ നേട്ടം വര്‍ഗീയ ഫാസിസത്തിനാണെന്ന് അറിയാതെയല്ല അത്യാഗ്രഹങ്ങളെന്നത് ഈ നേതാക്കളുടെയും അവരുടെ പാര്‍ട്ടികളുടെയും തെറ്റിന്റെ വലുപ്പം വര്‍ധിപ്പിക്കുകയും ചെയ്യും.
ഇത്തരം ആഗ്രഹങ്ങള്‍ സ്വപ്‌നത്തില്‍ പോലും കാണാന്‍ ത്രാണിയില്ലാത്ത ചില കേരള നീര്‍ക്കോലികളുടെ അത്യാഗ്രഹം ഈ ദേശീയ സാഹചര്യത്തില്‍ കുറേക്കൂടി കൗതുകമുള്ളതാണ്. അവരുടെയും പ്രധാന പോരാട്ടം (പോരാട്ടമെന്നേ പറയൂ) വര്‍ഗീയ ഫാസിസ്റ്റ് ശക്തികളോടാണ്. “”ഫാസിസത്തിന്റെ മുഴുവന്‍ വാദങ്ങളോടും ഒത്തുതീര്‍പ്പില്ലാതെ പൊരുതുന്ന ജാഗ്രതയുള്ള രാഷ്ട്രീയത്തിനായി, കേരളത്തിലെ ജനങ്ങളും മണ്ണും കൊള്ളയടിക്കപ്പെടാതിരിക്കാന്‍, എല്ലാ വിഭാഗങ്ങളുടെയും വ്യക്തികളുടെയും ആത്മാഭിമാനം സംരക്ഷിക്കപ്പെടാന്‍”” എന്നൊക്കെയാണ് അതിലൊന്നിന്റെ ലക്ഷ്യങ്ങളായി പറയുന്നത്. പാര്‍ട്ടി ഏതാണെന്നല്ലേ, മ്മളെ വെല്‍ഫെയര്‍ പാര്‍ട്ടി. ഇങ്ങനെയൊന്നും രേഖപ്പെടുത്തുന്നില്ലെങ്കിലും വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നുമുള്ള ജനങ്ങളുടെ മോചനം ലക്ഷ്യമാക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും (എസ് ഡി പി ഐ) വര്‍ഗീയ ഫാസിസത്തോട് വിട്ടുവീഴ്ചയുള്ള കക്ഷിയല്ല. ദളിതുകള്‍, പിന്നാക്ക വിഭാഗങ്ങള്‍, ഇതര പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ എന്നിവരുടെയൊക്കെ അവകാശ സംരക്ഷണം രണ്ടിന്റെയും അജന്‍ഡയിലുണ്ട്. ഇത് ആശയമാക്കി സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, സാമൂഹിക മാധ്യമ ഇടപെടലുകള്‍ എന്നിവയൊക്കെ പ്രധാനപരിപാടികള്‍. ഇതിലൂടെ ദളിത്, പിന്നാക്ക വിഭാഗങ്ങളും ഇതര പാര്‍ശ്വവത്കൃതരും തങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും ബദല്‍ ശക്തിയായി പടര്‍ന്ന് പന്തലിക്കുമെന്നും ഇവ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ ആഗ്രഹിക്കാനും അതിനായി പ്രയത്‌നിക്കാനുമുള്ള അവയുടെ അവകാശത്തെക്കുറിച്ച് തര്‍ക്കമേതുമില്ല.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും മത്സരിക്കുന്നുണ്ട്. 140 ഇടത്തും മത്സരിക്കാനുള്ള ശേഷി ഈ പാര്‍ട്ടികള്‍ക്കുണ്ട് എന്നതില്‍ പത്രം/ചാനല്‍ ഭക്ഷിക്കുന്ന ആര്‍ക്കും സംശയമുണ്ടാകാന്‍ ഇടയില്ല.! എങ്കിലും വിജയ/മത്സര സാധ്യതയുള്ള മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് മത്സരിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. അതിനുള്ള അവരുടെ അവകാശത്തെയും ആര്‍ക്കും ചോദ്യംചെയ്യാന്‍ സാധിക്കില്ല. നരേന്ദ്ര മോദിയുടെ ഇന്ത്യാ ഭരണം, അമിത് ഷായുടെ തന്ത്രങ്ങള്‍, വെള്ളാപ്പള്ളി നടേശനടക്കമുള്ള സമുദായ നേതാക്കളുമായുള്ള ബന്ധം തുടങ്ങിയവയൊക്കെ ഉപയോഗപ്പെടുത്തി കേരള നിയമസഭയില്‍ പ്രവേശിക്കാന്‍ സംഘ്പരിവാരം ശ്രമിക്കുമ്പോഴാണ് ഈ മത്സരമെന്നത് കണക്കിലെടുക്കണം. ഒരാളെ നിയമസഭക്കുള്ളിലെത്തിക്കാന്‍ സാധിച്ചാല്‍ 2021ലെ തിരഞ്ഞെടുപ്പാകുമ്പോഴേക്കും കൂടുതല്‍ വളരാമെന്നതാണ് അവരുടെ പ്രതീക്ഷ. അതത്ര അസംഭാവ്യമല്ലതാനും. സാഹചര്യങ്ങളിവ്വിധം നില്‍ക്കെ വര്‍ഗീയ ഫാസിസത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ളവര്‍ ഏത് പക്ഷത്തു നില്‍ക്കണമെന്നതാണ് പ്രധാന ചോദ്യം. ഒരിടത്തെങ്കിലും വിജയിച്ച് സാന്നിധ്യം തെളിയിക്കാന്‍ ശേഷിയില്ലാത്ത കൂട്ടരാകുമ്പോള്‍ പ്രത്യേകിച്ചും.
വര്‍ഗീയ ഫാസിസത്തിന് വേരിറക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കാതിരിക്കാന്‍ ഇടത് – ഐക്യ മുന്നണികളിലെ യോഗ്യരായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്‍കാന്‍ തീരുമാനിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാവുന്ന മാര്‍ഗം. എന്നാല്‍ അതിബുദ്ധിയും അത്യാഗ്രഹവും അതിന് തടയായി നില്‍ക്കുന്നു. ഇക്കുറി ബി ജെ പി കേരള നിയമസഭയില്‍ പ്രവേശിക്കുമെന്ന് ഈ പാര്‍ട്ടികള്‍ കരുതുന്നു. പ്രതിപക്ഷത്തിരിക്കാന്‍ നിയോഗിക്കപ്പെടുന്ന മുന്നണിയുടെ അല്ലെങ്കില്‍ ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ശിഥിലീകരണം അതോടെ തുടങ്ങുമെന്നും. അങ്ങനെ ശിഥിലീകരിക്കപ്പെട്ടാല്‍ വര്‍ഗീയ ഫാസിസത്തെ എതിര്‍ക്കാനും ദളിത് – പിന്നാക്ക – പാര്‍ശ്വവത്കൃത വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യാനും തങ്ങളല്ലാതെ മറ്റാരുണ്ട് എന്നാണ് മനോവിചാരം.!!
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിച്ച മണ്ഡലങ്ങളിലൊക്കെ തങ്ങളുടെ വോട്ട് ആ മുന്നണിക്കായിരുന്നുവെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രക്ഷാകര്‍തൃ സംഘടനയായ ജമാഅത്തെ ഇസ്‌ലാമി പറയുന്നത്. ആ വോട്ട് ഇക്കുറി വെല്‍ഫെയര്‍ പാര്‍ട്ടി പിടിക്കുന്നതോടെ ചില മണ്ഡലങ്ങളിലെങ്കിലും ഇടത് മുന്നണി തോല്‍ക്കുമെന്ന് അവകാശപ്പെടാത്ത ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കാണുക പ്രയാസം. അധികാരത്തുടര്‍ച്ച ലാക്കാക്കുന്ന ഉമ്മന്‍ ചാണ്ടി, ബി ജെ പിയുമായി ധാരണയുണ്ടാക്കി വോട്ട് മറിക്കുക കൂടി ചെയ്താല്‍ ഇടത് മുന്നണി വീണ്ടും പ്രതിപക്ഷത്തിരിക്കും. അതോടെ സി പി എമ്മിന്റെ കാര്യം അധോഗതി. അവരോട് ഇത്രകാലം ചേര്‍ന്നുനിന്ന സവര്‍ണ ഹിന്ദുക്കളും ഈഴവ സമുദായത്തിലെ ഒരു വിഭാഗവും ബി ജെ പിയിലേക്ക് ഒഴുകും. ബാക്കി വരുന്ന ഈഴവരും ദളിത് പിന്നാക്ക – പാര്‍ശ്വവത്കൃതരും വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ അണിചേരുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെയും വിചാരം. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ നയനിലപാടുകളെ ശക്തമായി എതിര്‍ക്കുന്നുവെന്ന തോന്നല്‍ ജനിപ്പിക്കുമ്പോഴും അവരുടെ ലക്ഷ്യം സി പി എമ്മാണ്. അതൊന്ന് ജീര്‍ണിച്ചാല്‍ തങ്ങള്‍ക്ക് വളമാകുമെന്ന കിനാവ്. അതിന്റെ അടിസ്ഥാനത്തിലാണ് റോഡപകടമുണ്ടായാല്‍ വണ്ടിയോടിച്ചവനോ വണ്ടി മുതലാളിയോ എസ് എഫ് ഐ/ഡി വൈ എഫ് ഐ/സി പി എം നേതാവാണോ എന്ന് കണ്ടെത്തി വിമര്‍ശിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന – വിദ്യാര്‍ഥി വിഭാഗം തിരക്കിട്ടിറങ്ങുന്നത്.
അല്ലെങ്കിലും കോണ്‍ഗ്രസില്‍ നിന്നോ യു ഡി എഫില്‍ നിന്നോ കൊഴിഞ്ഞെത്താനിടയുള്ളവരെക്കുറിച്ച് വെല്‍ഫെയറിനോ ജമാഅത്തിനോ മതിപ്പില്ല. അതൊരാള്‍ക്കൂട്ടമാണ്. കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിച്ച് ശീലമില്ലാത്ത, പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്ത ആള്‍ക്കൂട്ടത്തില്‍ നിന്നുള്ള പ്രതിനിധികള്‍ വരുന്നത് മൂല്യച്യുതിക്കല്ലാതെ മറ്റൊന്നിനും വഴിവെക്കില്ലല്ലോ? സി പി എമ്മില്‍ നിന്നാണ് ഒഴുക്കെങ്കില്‍ പ്രത്യയശാസ്ത്ര പ്രബുദ്ധത ഒരളവോളം ഉറപ്പാക്കാം. കേഡര്‍ പാര്‍ട്ടിയില്‍ മണ്ണൊലിപ്പുണ്ടായാല്‍ മീശ കൂടി മിനുക്കാമെന്ന് ചുരുക്കം.
സംഘ്പരിവാരം അത്യാവശ്യം വേരിറക്കിക്കഴിഞ്ഞാല്‍, അവരെ ചെറുക്കാനുള്ള ശക്തി മുസ്‌ലിം ലീഗിനില്ലെന്ന തോന്നല്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ വളരുമെന്നും ഈ രണ്ട് കൂട്ടരും മനപ്പായസമുണ്ണുന്നു. ലീഗില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ സമുദായാംഗങ്ങള്‍ കൂട്ടത്തോടെ തങ്ങളുടെ വേദികളിലേക്ക് എത്തുമെന്നും. അതോടെ കേരളത്തില്‍ അധികാരം നിര്‍ണയിക്കുന്ന പാര്‍ട്ടി വെല്‍ഫെയറോ എസ് ഡി പി ഐയോ അല്ലാതെ മറ്റൊന്നാകില്ല! അവിടെക്കൊക്കെ എത്തണമെങ്കില്‍ ആദ്യം വേണ്ടത് നിയമസഭാ പ്രാതിനിധ്യമുള്ള പാര്‍ട്ടിയായി ബി ജെ പി മാറുകയും സംഘ്പരിവാരം വളരുകയും വേണം. അതു വേണമെങ്കില്‍ പറ്റാവുന്നിടത്തൊക്കെ മത്സരിക്കണം ഇരു മുന്നണികളെയും എതിര്‍ക്കണം. എതിര്‍പ്പിനൊരു കൊഴുപ്പ് കൂട്ടണമെങ്കില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെക്കുറിച്ചും വന്‍കിടക്കാര്‍ ഭൂമി വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ചും വികസന പദ്ധതികളാല്‍ പുറമ്പോക്കിലേക്ക് തള്ളപ്പെട്ടവരെക്കുറിച്ചുമൊക്കെ പറയണം. പിന്നെ ദളിത് – പിന്നാക്ക അവഗണനയെക്കുറിച്ചും.
അഴിമതി, സ്വജനപക്ഷപാതം, ജനവിരുദ്ധമായ വികസന പദ്ധതികള്‍ എന്നിവയൊക്കെയുണ്ടെങ്കിലും അടുക്കളയില്‍ വേവുന്നത് എന്ത് എന്ന് പരിശോധിക്കാന്‍ സംഘ്പരിവാരത്തിന്റെ കിങ്കരന്‍മാര്‍ എത്തില്ലെന്ന ഉറപ്പ് കേരളത്തില്‍ ഇപ്പോഴുണ്ട്. അഥവാ ആരെങ്കിലുമെത്തിയാല്‍ ആട്ടിയോടിക്കാനുള്ള രാഷ്ട്രീയശക്തി നിലനില്‍ക്കുന്നുമുണ്ട്. അതിന്റെ കടക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങള്‍ക്ക് വളം നല്‍കി സ്വയം വളരാന്‍ ശ്രമിക്കുന്നവര്‍ കിണറ്റിലെ തവളയുടെ രാഷ്ട്രീയ ബുദ്ധി പോലും പ്രകടിപ്പിക്കുന്നില്ല എന്ന് ഖേദപൂര്‍വം ഓര്‍മിപ്പിക്കട്ടെ. വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന തോന്നലുണ്ടായപ്പോള്‍ മറ്റെതിര്‍പ്പുകള്‍ മാറ്റിവെച്ച് കോണ്‍ഗ്രസിനൊപ്പം ചേരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മടികാട്ടാതിരുന്ന ചരിത്രത്തിന് ഒരു പതിറ്റാണ്ടിന്റെ പ്രായമേ ആയുള്ളൂ. അതുകൊണ്ടാണ് സംഘ്പരിവാരത്തിന്റെ ദണ്ഡുകള്‍ അടുക്കളയിലേക്ക് നീളുന്നത് വൈകിയത്. അത്യാഗ്രഹവും അതിബുദ്ധിയും ഓര്‍മകളെ മറയ്ക്കുമ്പോള്‍ വര്‍ഗീയതയെന്ന അപകടത്തേക്കാള്‍ വലുതാകും ഭാവി സാധ്യതകള്‍. ഈ തവളകളും അവരിരിക്കുന്ന കിണറും ഓര്‍മകളെ മറയ്ക്കുന്ന അത്യാഗ്രഹ അന്ധകാരവും വോട്ടെണ്ണിക്കഴിഞ്ഞുമുണ്ടാകും. നേടിയ വോട്ടിന്റെ വര്‍ധിച്ച കണക്കും ജയപരാജയങ്ങള്‍ തീരുമാനി
ച്ചതിലെ മിടുക്കും നിറച്ച ഗ്യാസ് കുറ്റികളുമായി അവര്‍ സജീവമായി തുടരുകയും ചെയ്യും. അക്കാലത്തേക്ക് ഒരു നല്ല നമസ്‌കാരം.

 

Latest