Connect with us

Ongoing News

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഒഴുകുന്നു; പിടിച്ചെടുത്തത് 113 കോടി

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് 113 കോടി രൂപ. തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന അസാം എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണങ്ങളുടെ ഒഴുക്കുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തമിഴ്‌നാട്ടില്‍ മാത്രം ഇക്കാലയളവില്‍ 68.31 കോടി പിടിച്ചെടുത്തു. കേരളത്തില്‍ നിന്ന് 17.84 കോടിയും പശ്ചിമ ബംഗാളില്‍ നിന്ന് 14.56 കോടിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
വോട്ടര്‍മാരെ സ്വാധീനിക്കാനായി തമിഴ്‌നാട്ടില്‍ വ്യാപകമായ തോതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണം ഒഴുക്കുന്നുണ്ടെന്നും കഴിഞ്ഞ ഓരാഴ്ചക്കുള്ളില്‍ 12 കോടി രൂപ ഇവിടെ നിന്ന് പിടിച്ചെടുത്തതായും വക്താക്കള്‍ അറിയിച്ചു. വരുമാന നികുതി വിഭാഗം, തിരഞ്ഞെടുപ്പ് കമ്മീഷന്‍, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇത്രയും തുക പിടിച്ചെടുക്കാന്‍ സാധിച്ചത്.
പതിവ് പോലെ തമിഴ്‌നാട്ടില്‍ കള്ളപ്പണം ഒഴുക്ക് വര്‍ധിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്കയിലാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ പണമടക്കമുള്ള ഉപഹാരങ്ങള്‍ കൊടുത്ത് സ്വാധീനിക്കുന്നത് തിരഞ്ഞെടുപ്പിന്റെ ജനാധിപത്യ സ്വഭാവത്തിന് ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി തമിഴ്‌നാട്ടില്‍ വോട്ടര്‍മാര്‍ക്കിടയിലേക്ക് പണം ഒഴുകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പണമൊഴുക്ക് നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ പ്രത്യേക അന്വേഷണ സംഘത്തേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ തമിഴ്നാട്ടിലെ കരുര്‍ ജില്ലയില്‍ നിന്ന് വോട്ടര്‍മാര്‍ക്ക് നല്‍കാനായി ഒരു കോടി രൂപയും മുണ്ട്, സാരി തുടങ്ങിയ ഉത്പന്നങ്ങളും പിടിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും അതീവ രഹസ്യമായി സംഘം പ്രവര്‍ത്തിക്കും. കള്ളപ്പണത്തിന്റെ വരവ് നിയന്ത്രിക്കാന്‍ ഓരോ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും വരുമാന നികുതി വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പ്രത്യേക ജാഗ്രതാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
പണത്തിന് പുറമെ മദ്യമടക്കമുള്ള ലഹരി ഉത്പന്നങ്ങളുടെയും ഉപഹാരങ്ങളുടെയും കടത്ത് ഇല്ലാതാക്കാന്‍ ശ്രമം ശക്തമാക്കിയിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന നടത്തുന്ന സംഘങ്ങളില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.