Connect with us

Kerala

പിഞ്ചുബാലന് സൂര്യാഘാതമേറ്റു; സംരക്ഷണമില്ലാതെ അങ്കണ്‍വാടികള്‍

Published

|

Last Updated

തൃക്കരിപ്പൂര്‍: അങ്കണ്‍വാടി വിദ്യാര്‍ഥിയായ അഞ്ച് വയസ്സുകാരന് സൂര്യാഘാതമേറ്റു. പടന്ന വടക്കെപ്പുറത്തെ കെ രതീപന്റെ മകന്‍ കാര്‍ത്തികിനാണ് പൊള്ളലേറ്റത്. മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചുവന്നും കരുവാളിച്ചും കാണപ്പെട്ട കുട്ടിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവുംതലയില്‍ സാമൂഹിക നീതി വകുപ്പിന്റെ അങ്കണ്‍വാടിയിലെ വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. മുപ്പത്തഞ്ചോളം കുട്ടികള്‍ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ 20 കുട്ടികളാണുള്ളത്. കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ ഒരു ഫാന്‍ പോലും ഇവിടെയില്ലായെന്ന് നാട്ടുകാര്‍ പറയുന്നു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള പടന്ന, ചെറുവത്തൂര്‍ തുടങ്ങിയ നിരവധി അങ്കണ്‍വാടികളില്‍ ഫാനില്ലാത്തത് കുരുന്നുകളുടെ ആരോഗ്യനിലക്ക് ഭീഷണിയാകുന്നുണ്ടെന്ന് പരാതിയുണ്ട്. ചെറുവത്തൂര്‍ കാരി തട്ടാത്ത് പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടിയിലും സ്ഥിതി പരിതാപകരമാണ്. സ്വകാര്യ വ്യക്തിയുടെ വാടകമുറിയില്‍ ഫാനും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഇരുപതോളം കുരുന്നുകളാണ് കനത്ത ചൂട് സഹിച്ച് കഴിയുന്നത്.