Connect with us

Gulf

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല പൊളിച്ചെഴുതണം: ടി പി ശ്രീനിവാസന്‍

Published

|

Last Updated

TP SREENIVASAN 2

സിറാജ് മജ്‌ലിസില്‍ ടി പി ശ്രീനിവാസന്‍ സംസാരിക്കുന്നു. ശരീഫ് കാരശ്ശേരി സമീപം.

ദുബൈ: വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും എല്ലാവരും ഒത്തുപിടിച്ചാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍മാറ്റമുണ്ടാക്കാനാകുമെന്നും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മേധാവിയും വൈസ് ചെയര്‍മാനും നയതന്ത്ര വിദഗ്ധനുമായ ടി പി ശ്രീനിവാസന്‍ പറഞ്ഞു. സിറാജ് മജ്‌ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യം, അധ്യാപക പരിശീലനം, സാങ്കേതിക വിദ്യ, സ്വയംഭരണാവകാശം, ഗവേഷണം, അന്താരാഷ്ട്രവത്കരണം എന്നിങ്ങനെ ആറ് കാര്യങ്ങളാണ് മുന്നോട്ടുവെച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ആറ് കാര്യങ്ങളിലായി ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ വിചക്ഷണര്‍ തയ്യാറാക്കിയ 16ഓളം റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു.
കേരളം ഉന്നത വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നതില്‍ വളരെ നിരാശനാണ്. ഇതിനു വേണ്ടി എല്ലാവരും പറയുന്നുണ്ടെങ്കിലും ഒരു പ്രത്യേക അജണ്ട ആര്‍ക്കുമില്ല. എന്നാല്‍ വിദ്യാഭ്യാസരംഗം അപ്പാടെ അധഃപതിച്ചുകിടക്കുകയാണെന്ന ചിലരുടെ വാദഗതികള്‍ മുഖവിലക്കെടുക്കുന്നില്ല.

കോവളത്തുനടന്ന ആഗോള വിദ്യാഭ്യാസ ഉച്ചകോടിക്കിടെയുണ്ടായ സംഭവവികാസങ്ങളില്‍ വിഷമമുണ്ട്. ഈയൊരു കൂടിയാലോചനയിലേക്ക് രാഷ്ട്രീയപാര്‍ട്ടികളെയും വിദ്യാഭ്യാസ സംഘടനാ പ്രതിനിധകളെയുമെല്ലാം ക്ഷണിച്ചിരുന്നു. വിദേശ സര്‍വകലാശാല കേരളത്തില്‍ കൊണ്ടുവരാന്‍ വേണ്ടിയുള്ള ഒരു യോഗമായിരുന്നില്ല അത്. അത്തരത്തിലുള്ള കൂടിയാലോചനാ പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നതെന്ന് പലരും തെറ്റിദ്ധരിച്ചു. ലോകത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 30ഓളം വൈസ് ചാന്‍സലര്‍മാര്‍ സംബന്ധിച്ച മീറ്റിംഗായിരുന്നു അത്. വിദേശ സര്‍വകലാശാല കൊണ്ടുവരാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മേധാവിയായ തനിക്കോ സംസ്ഥാന സര്‍ക്കാരിനോ സാധിക്കില്ല. ഇന്ത്യന്‍ പാര്‍ലമെന്റിനാണ് ഇക്കാര്യത്തിലുള്ള പരമാധികാരം. ആറു വര്‍ഷമായി ഇതിന്റെ ബില്‍ പാര്‍ലമെന്റില്‍ കിടക്കുകയാണ്. രാജ്യത്തെ തന്നെ ആറോളം പ്രധാന സര്‍വകലാശാലകള്‍ ബില്‍ പാസാവും എന്ന പ്രത്യാശയില്‍ ഡല്‍ഹിയില്‍ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്.

വിദേശ സര്‍വകലാശാലകള്‍ രാജ്യത്ത് വന്നാല്‍ അതില്‍ നിന്നുകിട്ടുന്ന ലാഭത്തില്‍നിന്ന് ഒരു തുകപോലും പുറത്തുകൊണ്ടുപോവാന്‍ പറ്റില്ലെന്ന നിയമമുണ്ട്.
പഴയ വിദ്യാഭ്യാസ രീതിക്ക് മാറ്റം വരണമെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് മത്സരങ്ങള്‍ വേണം. 20,000 കുട്ടികളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍നിന്ന് സ്വന്തം പണം ചെലവഴിച്ച് പുറത്തുപോയി പഠനം നടത്തുന്നത്. ഈ പണമുണ്ടെങ്കില്‍ രണ്ടു ലക്ഷം പേര്‍ക്ക് അതേ വിദ്യാഭ്യാസം നമ്മുടെ രാജ്യത്ത് നല്‍കാന്‍ സാധിക്കും. പണമുള്ളവര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ് തുടങ്ങിയ മുന്‍നിര സര്‍വകലാശാലകളില്‍ പോയി പഠനം നടത്താന്‍ കഴിയും, പാവപ്പെട്ടവര്‍ക്ക് അതിനുകഴിയാത്ത സ്ഥിതിയാണ്.
അറബിക് സര്‍വകലാശാലയും അധ്യാപകര്‍ക്ക് പരിശീലന അക്കാഡമിയും സ്ഥാപിക്കണമെന്ന കാര്യം സര്‍ക്കാരിനു മുന്നില്‍ ശക്തമായി ശുപാര്‍ശ ചെയ്തതാണ്. പക്ഷേ ആരും അതിന് താത്പര്യം കാണിക്കുന്നില്ല. അറബിക് സര്‍വകലാശാല സ്ഥാപിക്കപ്പെടുന്നതോടെ തീവ്രവാദം വരുമെന്നാണ് ചിലര്‍ ഉയര്‍ത്തുന്നത്. ഈ വാദഗതി തികച്ചും തെറ്റാണ്. പാശ്ചാത്യ രാജ്യങ്ങളില്‍പോലും അറബി പഠനകേന്ദ്രങ്ങളും സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

സിവില്‍ സര്‍വീസിന്റെ സാധ്യതകള്‍ ഒരുപാട് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു കുട്ടി പോലും ഇതുവരെ സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവന്നിട്ടില്ല എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നതിനോട് കേരളത്തിലെ ഭരണാധികാരികള്‍ വലിയ താത്പര്യം കാണിക്കുന്നില്ല. സ്വയംഭരണാവകാശമുള്ള കോളജുകളില്‍ വളരെ സുതാര്യവും മികച്ച നിലവാരത്തോടെയും കൂടിയാണ് പഠനങ്ങള്‍ നടക്കുന്നത്. പക്ഷേ, സര്‍വകലാശാലകള്‍ അത് ഗൗനിക്കാത്ത അവസ്ഥയാണ്. പലതിനുമവര്‍ സമ്മതിക്കുന്നുമില്ല.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യു എ ഇ സന്ദര്‍ശനം വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്നും നയതന്ത്ര വിദഗ്ധനും നിരവധി രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത ടി പി ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ദൃഢത വരുത്താന്‍ ഇത് സഹായകമായി.
അബുദാബി ബുക്ക്‌ഫെയറിലെ സിറാജിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായം ചെയ്യാന്‍ അതിയായ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറാജ് ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സ്വാഗതം പറഞ്ഞു. ആനുകാലിക-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക രംഗത്തെ ചിന്തകളും ആശയങ്ങളും വായനക്കാരുമായി പങ്കുവെക്കുന്ന വേദിയാണ് സിറാജ് മജ്‌ലിസ്.

 

---- facebook comment plugin here -----

Latest