Connect with us

National

മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകള്‍ക്കും കേന്ദ്ര വിവരാവാകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് കമ്മീഷന്റെ നടപടി.
വിദ്യാഭ്യാസ യോഗ്യതയെ പറ്റി കൃത്യമായ വിവരം ലഭിക്കുന്നതിന് മോദിയുടെ ഡിഗ്രി റോള്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ സര്‍വകലാശാലകള്‍ക്ക് കൈമാറാന്‍ വിവരാവകാശ കമ്മീഷണര്‍ എം.ശ്രീധര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞമാസം വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി സര്‍വകലാശാല തയ്യാറായിരുന്നില്ല. രജിസ്റ്റര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ തങ്ങളുടെ കയ്യിലില്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍വകലാശാലയില്‍നിന്നുള്ള പ്രതികരണം.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേജരിവാള്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ക്കു കത്തെഴുതുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ബിരുദം ഇല്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശമുണ്ട്്. ഇക്കാര്യം മറച്ചു വെക്കുന്നത് തെറ്റാണെന്നുമാണ് കെജ്‌രിവാള്‍ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ തനിക്കു ഡല്‍ഹി സര്‍വകലാശാലയില്‍നിന്നും ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവുമുണെ്ടന്നാണ് മോദി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.