Connect with us

Kerala

പി സി ജോര്‍ജിനെ പരാമര്‍ശിക്കാതെ വി എസ് പൂഞ്ഞാറില്‍

Published

|

Last Updated

കോട്ടയം: പൂഞ്ഞാറില്‍ ഇടതുമുന്നണി അവസാന നിമിഷം പിന്തുണ നിഷേധിച്ച പി സി ജോര്‍ജിനെതിനെ യാതൊന്നും പരാമര്‍ശിക്കാതെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസംഗം. എല്‍ ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി സി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മുണ്ടക്കയത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യ എതിരാളിയായ പി സി ജോര്‍ജിനെതിരെ ഒരക്ഷരം മിണ്ടാതെ ഒറ്റ വാചകത്തില്‍ വി എസ് പ്രസംഗം അവസാനിപ്പിച്ചത്.

തുട്ട് വാങ്ങി കേരളം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു വി എസിന്റെ പ്രസംഗം.
അതേസമയം, കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പ്രചാരണത്തിനെത്തിയ സി പി എം പൊളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ പി സി ജോര്‍ജിനെ പേരെടുത്ത് പറയാതെ പരിഹസിച്ചിരുന്നു. എല്‍ ഡി എഫിന് വീരവാദക്കാരുടെ പിന്തുണ വേണ്ടെന്നു പറഞ്ഞ പിണറായി മാന്യന്മാരുവേണം പൂഞ്ഞാറില്‍ നിന്ന് വിജയിച്ചുവരേണ്ടതെന്നും പറഞ്ഞിരുന്നു.
മതികെട്ടാന്‍മല, മൂന്നാര്‍ വിഷയങ്ങളില്‍ വി എസിന്റെ വലംകൈയായി നിന്നിരുന്ന പി സി ജോര്‍ജിനെതിരെ വി എസ് എന്തെങ്കിലും പറയുമോ എന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. വി എസ് മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തിനു വേണ്ടി താന്‍ കൈപൊക്കുമെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ വി എസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തനിക്കുവേണ്ടിയായിരുന്നെന്ന് പി സി ജോര്‍ജ് പ്രതീകരിച്ചത്. വി എസ് പറഞ്ഞതിന്റെ അര്‍ഥം തനിക്ക് വോട്ട് ചെയ്യണമെന്നാണ്. അഴിമതിക്കെതിരെ പോരാടുന്നത് താനാണെന്നും വി എസിനോട് ബഹുമാനമാണെന്നും ജോര്‍ജ് പറഞ്ഞു.

Latest