Connect with us

Kerala

കൃഷ്ണപിള്ള സ്മാരകം തകര്‍ക്കാന്‍ കാരണം സി പി എമ്മിലെ വിഭാഗീയത: ക്രൈം ബ്രാഞ്ച്

Published

|

Last Updated

ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍ക്കാട്ടെ സ്മാരകം തകര്‍ത്തത് സിപി എം പ്രവര്‍ത്തകര്‍ തന്നെയാണെന്നും പാര്‍ട്ടിയിലെ വിഭാഗീയതയാണ് അക്രമത്തിന് കാരണമെന്നും ക്രൈം ബ്രാഞ്ച്. നേരത്തെ കേസ് അന്വേഷിച്ച പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ തന്നെയാണ് ക്രൈം ബ്രാഞ്ചും കണ്ടെത്തിയിട്ടുള്ളത്. ക്രൈം ബ്രാഞ്ച് എസ്പി. പി ബി രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന്‍, കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി സാബു, സി പി എം ഡി വൈഎഫ് ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരെ പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പെട്ടവര്‍ തന്നെയാണ് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച് പ്രതികളായി ചേര്‍ത്തിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.

കൃഷ്ണപിള്ള ഒളിവില്‍ കഴിയുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ച മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടം വീട്ടിലെ സ്മാരകം 2013 ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെയാണ് കത്തിച്ചത്.
കഞ്ഞിക്കുഴിയിലെ സി പി എം വിഭാഗീയതയെത്തുടര്‍ന്ന് പ്രതികള്‍ സ്മാരകത്തിന് തീവെപ്പ് നടത്തിയ ശേഷം കൃഷ്ണപിള്ളയുടെ പ്രതിമ അടിച്ചുതകര്‍ത്തെന്നാണ് കേസ്. കേസിലെ പ്രധാന സാക്ഷികളും സി പി എമ്മുകാരാണ്. കേസിലെ പ്രതികള്‍ എല്ലാവരും വി എസ് പക്ഷക്കാരാണ്. ലതീഷ് ബി ചന്ദ്രന്‍ ഗൂഢാലോചന നടത്തിയാണ് സ്മാരകം തകര്‍ത്തതെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.സ്മാരകം തകര്‍ക്കലിലേക്ക് നയിച്ചത് സി പി എമ്മിലെ വിഭാഗീയതയാണ്. സി പി എമ്മിന്റെ ശക്തികേന്ദ്രമായ മുഹമ്മ കണ്ണര്‍കാട്ട് പാര്‍ട്ടി നടപടികള്‍ നേരിട്ട വി എസ് പക്ഷക്കാരായ ലതീഷ്, മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവര്‍ ആസൂത്രണം ചെയ്താണ് അക്രമം നടത്തിയത്. സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം ഉണ്ടാക്കാനായി സമീപ പ്രദേശമായ കായിപ്പുറത്തെ ഇന്ദിരാഗാന്ധിയുടെ സ്തൂപവും ഇവര്‍ തകര്‍ത്തിരുന്നു.കൃഷ്ണപിള്ള സ്മാരകം പോലും സംരക്ഷിക്കാന്‍ കഴിയാത്തവരാണ് ഔദ്യോഗിക പക്ഷ നേതൃത്വം എന്ന് വരുത്തിത്തീര്‍ക്കുകയും ഇവരുടെ ലക്ഷ്യമായിരുന്നു.
മുന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ എല്ലാം തന്നെ ഇപ്പോഴത്തെ അന്വേഷണ സംഘവും ശരിവെച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം ഇപ്പോള്‍ പ്രതികളാക്കപ്പെട്ടവരില്‍ ഒതുക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

---- facebook comment plugin here -----

Latest