Connect with us

Articles

പുരനിറഞ്ഞു നില്‍ക്കുന്നവരും പുരക്കുമീതെ വളര്‍ന്നവരും

Published

|

Last Updated

കെട്ടുപ്രായം കഴിഞ്ഞ് പുര നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെപ്പേര്‍ സ്ഥാനാര്‍ഥി മോഹികളായി കോണ്‍ഗ്രസ് തറവാട്ടില്‍ ശ്വാസം മുട്ടിക്കഴിയുന്നു എന്ന കാര്യം ഓര്‍മിപ്പിച്ചത് എം എം ഹസനായിരുന്നു. ഇത് തത്കാലം ഹസന് ഗുണം ചെയ്‌തെങ്കിലും – ദീര്‍ഘകാലമായി ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ഫഌക്‌സ് ബോര്‍ഡുകളായിട്ടെങ്കിലും ജനശ്രദ്ധയില്‍ ഇടം നേടാന്‍ കാത്തുകാത്തിരുന്ന യുവതീയുവാക്കളില്‍ ഏറെപ്പേര്‍ക്കും യാതൊരു ഗുണവും ചെയ്തില്ല. എത്രനാളാണ് തങ്ങളിങ്ങനെ മറ്റുള്ളവരുടെ പെട്ടിയും ചുമന്ന് ചെരുപ്പും തുടച്ച് പാര്‍ട്ടിക്കുള്ളില്‍ കഴിയേണ്ടതെന്നറിയാതെ അങ്കലാപ്പിലാണ് കെ എസ് യു യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, എന്‍ ടി യു സി തുടങ്ങി കോണ്‍ഗ്രസ് എന്ന പ്രധാന ഗ്രഹത്തെ പ്രദിക്ഷിണം ചെയ്യുന്ന ഉപഗ്രഹവാസികള്‍. പാവങ്ങള്‍!.

“കാനനച്ചോലയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ”” ഈ ചന്ദ്രികമാരുടെ ചോദ്യത്തിനു പാര്‍ട്ടിയിലെ വല്ല്യേട്ടന്മാരായ രമണന്മാര്‍ക്കെന്നും പറയാനുള്ളത് എന്നും ഒരേ ഒരു പല്ലവി “നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം ഇന്നുവേണ്ട ഇന്നുവേണ്ടോമലാളെ.” പാവം ചന്ദ്രികമാര്‍ ഇവന്മാര്‍ ഒരിക്കലും തങ്ങളെ ഒരിടത്തും കൊണ്ടുപോകുകയില്ലെന്നു ബോധ്യമാകുമ്പോഴേക്കും ചന്ദ്രികയുടെ കെട്ടുപ്രായമൊക്കെ കഴിഞ്ഞു മൂക്കില്‍ പല്ലുവന്നിരിക്കും.
ഇടതുപക്ഷത്തും വലതുപക്ഷത്തും നമുക്ക് ഇത്തരക്കാരെ കാണാം. സി പി ജോണ്‍ എം എല്‍ എ ആയില്ലെങ്കിലെന്ത് അതിനും അപ്പുറമല്ലേ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ പദവി. ഇടതുപക്ഷത്തും ഇത്തരം ചില അഭയാര്‍ഥികളുണ്ട് . ധര്‍മടമോ കല്യാശ്ശേരിയോ തളിപ്പറമ്പോ പോലെ ഇടതുപക്ഷം ജയിക്കുമെന്നുറപ്പുള്ള മണ്ഡലം മത്സരിക്കാന്‍ തന്നില്ലെങ്കില്‍ താനിനി മത്സരിക്കുന്നേയില്ലെന്നാണ് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചിരിക്കുന്നത്. അതിനൊരു ശാപത്തിന്റെ ധ്വനിയുണ്ട്. ബ്രഹ്മചാരികളുടെ ശാപം ഫലിക്കുമെന്നാണ് പറയുന്നത്. ശാപമോക്ഷം ഉറപ്പുതരുന്നതരത്തില്‍ -അടുത്ത ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ ചെറിയാന്‍ ഫിലിപ്പിനെ കുടിയിരുത്താന്‍ മുമ്പത്തേതിലും മുന്തിയ ഒരു ലാവണം കണ്ടെത്താതിരിക്കില്ല.
മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്നു പറഞ്ഞതുപോലെയായില്ലേ സുരേഷ്‌ഗോപിയുടെ രാജ്യസഭാ പ്രവേശം. എത്രയെത്ര ഭൈമികാമുകന്മാരായിരുന്നു ആ പദവിയില്‍ കണ്ണും നട്ടുകഴിഞ്ഞിരുന്നത്. രാജ്യസഭാംഗം എന്നത് അത്ര ചില്ലറക്കാര്യമൊന്നുമല്ല. വിജയമല്യയെപോലുള്ള വന്‍കിട തട്ടിപ്പുകാര്‍ക്കുപോലും ഏതു സമയത്തുവേണമെങ്കിലും കയറിവരാനും എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാനും സ്വാതന്ത്ര്യമുള്ള ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭയാണ്. ഒരിക്കല്‍ കടന്നുകൂടിയാല്‍ അടുത്ത ആറു വര്‍ഷത്തെ കാര്യത്തില്‍ ഒന്നും ആശങ്കപ്പെടേണ്ടതില്ല. കാര്യപ്രാപ്തിയുണ്ടെങ്കില്‍ പിന്നെ ഒരറുപതുവര്‍ഷത്തേക്കു ഒരു മുന്‍ നാടുവാഴിയുടെ സര്‍വാന്തസ്സുകളോടും നാട്ടിലെവിടെയും തലയെടുപ്പോടെ നടക്കാനുള്ള സുരക്ഷിത മാര്‍ഗം. ബി ജെ പി സുഹൃത്തുക്കള്‍ സുരേഷ് ഗോപിയെ കണ്ടു പഠിക്കട്ടെ. വെറുതെ നാട്ടിന്‍ പുറങ്ങളില്‍ നടന്ന് കവാത്തു പരിശീലിച്ചിട്ടും കാവിക്കൊടി പിടിച്ചിട്ടും എന്തു കാര്യം. കാണേണ്ടവരെ കാണേണ്ടതുപോലെ കാണുക. തിരഞ്ഞെടുപ്പു സ്ഥാനാര്‍ഥിത്വം എന്നൊക്കെ പറഞ്ഞ് മഞ്ഞുകൊണ്ട് നടന്ന് കെട്ടിവെച്ച കാശു കളയുന്നതില്‍ എത്രയോ ഭേദമാണിത്. ഛലൊ ദല്‍ഹി,ദേക്കൊ മോദി, ബോലോ ഭാരത് മാതാ കീ ജയ്.!
മഹത്തായ നമ്മുടെ ഭരണഘടനയില്‍ സദുദ്ദേശ്യത്തോടെ എഴുതിച്ചേര്‍ത്ത ചില നല്ല വകുപ്പുകള്‍ ഇത്രമേല്‍ ദുര്‍വിനിയോഗം ചെയ്യപ്പെട്ടതിനു പൂര്‍വമാതൃകകള്‍ ചൂണ്ടിക്കാണിക്കാനില്ല. കക്ഷിരാഷ്ട്രീയവും ആയി പ്രത്യക്ഷ ബന്ധമൊന്നും പുലര്‍ത്താത്ത എന്നാല്‍ രാജ്യപുരോഗതിക്കായി സര്‍വാത്മനസമര്‍പ്പിതരായ ശാസ്ത്രസാങ്കേതിക-കലാസാഹിത്യ രംഗത്തെ അതുല്യ പ്രതിഭകള്‍ക്കും രാഷ്ട്രം നല്‍കുന്ന അംഗീകാരമാണ്. പരമോന്നത നിയമനിര്‍മാണസഭയായ രാജ്യസഭയിലേക്കുള്ള രാഷ്ട്രപതിയുടെ നോമിനേഷന്‍. സുരേഷ് ഗോപി എന്ന ശരാശരിക്കു താഴെ നില്‍ക്കുന്ന ഈ സിനിമാ നടനും പഴയ കഥയിലെ ചായത്തില്‍ വീണ കുറുക്കനും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്നു ബോധ്യപ്പെടാന്‍ മുമ്പ് ഈ ബഹുമതിക്ക് അര്‍ഹരായവരുടെ പട്ടിക പരിശോധിച്ചാല്‍ മതി.
ഒരു സര്‍ക്കാറിന്റെ ഭരണകാലയളവില്‍ പന്ത്രണ്ട് അംഗങ്ങളെയാണ് ഇങ്ങനെ നിയമിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ലെന്നതൊഴികെ മറ്റു രാജ്യസഭാംഗങ്ങള്‍ക്കുള്ള എല്ലാ അവകാശാനുകൂല്യങ്ങളും ഇവര്‍ക്കുണ്ട്. നരേന്ദ്ര മോദിയുടെ മുന്‍ഗാമിയായിരുന്നു വാജ്‌പേയി പോലും ഇത്തരം നാമനിര്‍ദേശങ്ങളില്‍ അല്‍പ്പം കൂടെ മാന്യത പുലര്‍ത്തിയിരുന്നു. നാനാദേശ്മുഖ് , ലതാമങ്കേഷ്‌ക്കര്‍ ഫാലി എസ് നരിമാന്‍, ചോരാമസ്വാമി,ഹേമമാലിനി, കെ കസ്തൂരിരംഗന്‍ ഇങ്ങനെ രാജ്യത്തെങ്ങും അറിയപ്പെടുന്ന പ്രതിഭാശാലികളായിരുന്നു അവര്‍. കേരളത്തില്‍ നിന്നും സുരേഷ് ഗോപിയുടെ മുന്‍ഗാമികളായ രാജ്യസഭയില്‍ ഇപ്രകാരം നാമനിര്‍ദേശം ചെയ്യപ്പെട്ട് എത്തിച്ചേര്‍ന്നവര്‍ നാലുപേരായിരുന്നു. നയതന്ത്രജ്ഞനും ചരിത്രകാരനുമായ സര്‍ദാര്‍ കെ എം പണിക്കര്‍, പ്രഥമജ്ഞാനപീഠ ജേതാവ് ജി ശങ്കരക്കുറുപ്പ് , അബു എബ്രഹാം, ആര്‍ക്കും ഒരു പിഴവും ആരോപിക്കാനാകാത്ത തിളക്കമാര്‍ന്ന വ്യക്തിത്വങ്ങള്‍. ആ പാരമ്പര്യമെല്ലാം കടപുഴകി വീഴുകയാണ്. ഇതെല്ലാം കാണുമ്പോള്‍ ആരും ചോദിച്ചുപോകും – കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനൊ വെറും ശുംഭനൊ?
പുരാണത്തിലെ യയാദിയുടെ കഥയോര്‍ക്കുന്നില്ലേ? രണ്ടു കാര്യങ്ങളിലായിരുന്നു ഈ രാജാവിന് താത്പര്യം ഒന്ന് അധികാരം മറ്റൊന്ന് രതി. രണ്ടും ഒരുപോലെയെന്നു ഫ്രൊയിഡും ആധുനിക മനഃശാസ്ത്രജ്ഞന്മാരും പറയുന്നു. മിക്കവരും ശ്രമിക്കുന്നത് ഒന്നിനെ മറ്റേതിനെക്കൊണ്ട് പകരം വെക്കാനാണ്. പാവങ്ങള്‍. ദയനീയമാണ് ഈ യയാതിമാരുടെ കഥ. ഒരിക്കല്‍ മുനിശാപം നിമിത്തമാണത്രെ യയാതിക്കു യൗവനം നഷ്ടപ്പെട്ടുപോയി. ജരാനരകള്‍ പിടികൂടി. സ്വന്തം വാര്‍ധക്യം രാജാവിനെ വല്ലാതെ വിഷമിപ്പിച്ചു. അതിനിടയിലാണ് വനത്തില്‍ വേട്ടയാടന്‍ പോയ രാജാവ് ഒരു സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. അവളെ ഭാര്യയായിക്കിട്ടാതെ രാജാവിനുറക്കം വരില്ല. പല വഴിക്കു ശ്രമം നടത്തി. രാജാവിന്റെ ജരാനരകള്‍ ആര്‍ക്കെങ്കിലും കൈമാറി പകരം അയാളുടെ യൗവനം വാങ്ങാന്‍ തയ്യാറായാല്‍ വിവാഹത്തിനു സമ്മതിക്കാമെന്നായി അവള്‍. അദ്ദേഹം വീട്ടില്‍ വന്ന യൗവനയുക്തരായ തന്റെ പുത്രന്മാരെ വിളിപ്പിച്ചു. തന്റെ ആഗ്രഹപൂര്‍ത്തി വരുത്താന്‍ അപേക്ഷിച്ചു. അവരില്‍ ഒരുവന്‍ പുരു ഒഴികെ ബാക്കിയുള്ളവരൊക്കെ പിതാവിന്റ മുഖത്തു ചെരുപ്പൂരി അടിച്ചില്ലെന്നു മാത്രം. പുരു തന്റെ യൗവനം യയാതിക്കു നല്‍കി യയാതിയുടെ വാര്‍ധക്യം ഏറ്റുവാങ്ങി വനവാസത്തിനു പുറപ്പെട്ടു. ത്യാഗിയായ മകന്റെ ചെലവില്‍ അച്ഛന്‍ തന്റെ കാമുകിയും ഒത്തു രതിസുഖം ആസ്വദിച്ചു. എന്നാണ് കഥ. ( മഹാഭാരതം ആദിപര്‍വം 82,83,അധ്യായങ്ങള്‍ പത്മപുരാണം, വി എസ് ഖണ്ഡേക്കര്‍ യയാതി, – നോവല്‍).
ഇത്തരം ചില യയാതിമാര്‍ നമ്മുടെ രാഷ്ട്രീയത്തില്‍ കടംവാങ്ങിയ യൗവനവുമായി അധികാരസല്ലാപം നടത്തുന്നു. ഒരേ മണ്ഡലത്തെ സ്ഥിരമായി പ്രതിനിധീകരിച്ച അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയവര്‍, അതിനായി ആഗ്രഹിക്കുന്നവര്‍. ഉമ്മന്‍ചാണ്ടിയും കെ സി ജോസഫും കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും ഇ അഹമ്മദുമൊക്കെ വലതുവശത്താണെങ്കില്‍ വലതും ഇടതുമല്ലാതെ പി സി ജോര്‍ജും കെ ആര്‍ ഗൗരിയമ്മയും . എല്ലാ അര്‍ഥത്തിലും കേരള ചരിത്രത്തില്‍ സ്വന്തം വ്യക്തി മുദ്രപതിപ്പിച്ചവരാണ് ഗൗരിയമ്മയും വി എസും. യാതൊരു സ്ഥാനമാനങ്ങളുടെയും അകമ്പടി കൂടാതെ തന്നെ കേരളീയര്‍ അവരെ എന്നെന്നും നെഞ്ചിലേറ്റി ലാളിക്കും. ആ നിലക്കു അവര്‍ക്കിനിയെങ്കിലും മത്സര ഗോഥയില്‍ നിന്ന് മാറിനിന്ന് അനുയായികള്‍ക്കു ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി രാഷ്ട്രീയ സേവനം തുടരാവുന്നതല്ലെയുള്ളൂ. എന്തുകൊണ്ടിവരിതിന് തയ്യാറാകുന്നില്ല? ഉത്തരം ഒന്നേയുള്ളൂ. അധികാരം ഒരു ലഹരിയാണ്. മദ്യപാനികള്‍ക്കു വേണ്ടി ഡി-അഡിക്ഷന്‍ സെന്റര്‍ നടത്തുന്നവര്‍ക്ക് അധികാര ലഹരിയിലടി മപ്പെട്ടവര്‍ക്കായിട്ടും ഒരു ഡി-അഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്ന കാര്യം ഗൗരവമായി ആലോചിക്കാവുന്നതാണ്.
ദേശീയ സ്വാതന്ത്ര്യസമരത്തിലും പുന്നപ്ര വയലാര്‍ പോലുള്ള കാര്‍ഷിക സമരങ്ങളിലുമൊക്കെ ത്യാഗപൂര്‍ണമായ പങ്കാളിത്തം വഹിച്ചവരുടെ തലമുറയില്‍ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളാണ് വി എസ് അച്യുതാനന്ദന്‍. സ്വന്തം പാര്‍ട്ടിയുടെ സാധ്യതകള്‍ക്കു പോലും ഒരു ഭീഷണിയായി വേണ്ടതിലും വേണ്ടാത്തതിലും ഒക്കെ തലയിട്ട് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ അദ്ദേഹം നടത്തി വരുന്ന ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ തിളക്കമാര്‍ന്ന ഭൂതകാലത്തിനു മങ്ങലേല്‍പ്പിക്കുന്നു. ഇതുതന്നെയല്ലേ ഇപ്പുറത്തുള്ള ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഒക്കെ കാര്യം- തുടക്കത്തില്‍ തന്നെ അധികാരരാഷ്ട്രീയവും ആയി സല്ലപിക്കാന്‍ അവസരം കിട്ടിയ ഇവര്‍ തങ്ങളുടെ ഭൂതകാല സംഭാവനകള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ വിലപേശല്‍ നാടകങ്ങളില്‍ നിന്ന് പിന്‍മാറി അവരിരിക്കുന്ന കസേരകള്‍ അവരുടെ പാര്‍ട്ടിയിലെ പുതു തലമുറക്കായി കൈമാറിയിരുന്നെങ്കില്‍ എത്ര മാതൃകാപരമാകുമായിരുന്നു അവരുടെ നടപടി. വിക്രമാദിത്യനെ പിടികൂടിയ വേതാളത്തെ പോലെ ഗൗരിയമ്മയും ബാലകൃഷ്ണ പിള്ളയും ഒക്കെ ഇടതുപക്ഷത്തിന്റെ മുതുകില്‍ കയറി ഇരുന്നവരെ ഞെരിക്കുന്നത് തികച്ചും സഹതാപാര്‍ഹമായ ഒരു കാഴ്ചയാണ്. അവസാനം വരെ ഉമ്മന്‍ചാണ്ടിയോടൊപ്പം നിന്നിട്ട് ഒടുവില്‍ ഇടതുപക്ഷത്തേക്ക് ചാടിയ പത്തനാപുരം കോണ്‍ഗ്രസ് എന്ന അപ്പന്‍ മകന്‍ പാര്‍ട്ടിയെ ഒപ്പം നിര്‍ത്തുന്നതിന്റെ പേരില്‍ ഇടതുപക്ഷം പരക്കെ ആക്ഷേപിക്കപ്പെടുന്നു.
ആദര്‍ശം, അഴിമതിവിരോധം എന്നൊക്കെപ്പറഞ്ഞ ഈ വൃദ്ധനേതാക്കന്മാര്‍ നമ്മുടെ രാജ്യത്തെ കുട്ടിച്ചോറാക്കുകയല്ലേ ചെയ്യുന്നത്? മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കും പ്രായം ഇത്രയായിട്ട് അവരുടെ ആരോഗ്യത്തില്‍ അവര്‍ അഹങ്കാരം കൊള്ളുന്നു.എങ്ങനെ കൊള്ളാതിരിക്കും അവര്‍ക്കു ലഭിക്കുന്ന ചികിത്സാസഹായങ്ങളും ആരോഗ്യപരിരക്ഷയും ഇന്ത്യയില്‍ ഏതു സാധാരണ പൗരനാണ് ലഭിക്കുന്നത്? വി എസിന്റെ ആരോഗ്യത്തിനു പിന്നില്‍ അദ്ദേഹം അവകാശപ്പെടുന്നതു പോലെ ദിവസവും രണ്ടു നേരത്തെ അര മണിക്കൂര്‍ നടത്തവും മര്യാദക്കുള്ള ആഹാരവും മാത്രമാണെന്നു വിശ്വസിക്കാന്‍ പ്രയാസം. ദീര്‍ഘകാലമായി അദ്ദേഹം അനുഭവിച്ചുപോരുന്ന അധികാരത്തിന്റെ ലഹരി കൂടാതെ ലണ്ടനില്‍പ്പോയി നടത്തിയ ചികിത്സ. ആദര്‍ശധീരന്‍ ആന്റണി രാജ്യസഭയില്‍ പോയി വായ്തുറന്നത് നമ്മളാരും കേട്ടില്ല. അദ്ദേഹം ഈയിടെ വാര്‍ത്തയില്‍ സ്ഥാനം പിടിച്ചത് സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ പോയി നേടിയ സുഖചികിത്സയിലൂടെയാണ്. പ്രസിദ്ധ ഹാസ്യനടന്‍ ഇന്നസെന്റിനു എം പിയായതിനു തൊട്ടുപിന്നാലെ ദല്‍ഹിയില്‍ ക്യാന്‍സര്‍സെന്ററില്‍ നിന്നു സൗജന്യ ചികിത്സ. നമ്മുടെ ഒരു പ്രധാനപ്പെട്ട ഇടതുപക്ഷ എം എല്‍ എ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ മെഡിക്കല്‍റീ പേഴ്‌സ്‌മെന്റെ ഇനത്തില്‍ കൈപ്പറ്റിയത്. നാലു ലക്ഷം രൂപ. സര്‍ക്കാര്‍ ചെലവില്‍ എം എല്‍ എമാരും എം പിമാരും അവരുടെ കുടുംബാംഗങ്ങളും സൗജന്യമായി ഉല്ലാസയാത്രകളില്‍ ഏര്‍പ്പെടുന്നതും വിദേശചികിത്സ ആസ്വദിക്കുന്നതും നമ്മളെല്ലാം കാണുന്നു. ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയില്‍ അഴിമതിയുടെ കറ പുരളാത്ത ഏത്ര മന്ത്രിമാരാണുള്ളത്? സ്വന്തം പേരിലും ബിനാമിപ്പേരുകളിലും അവര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു സമ്പാദിച്ച സ്വത്തുക്കളുടെ വിവരം പരസ്യപ്പെടുത്താന്‍ എന്തുവഴികളാണ് നമുക്ക് മുന്നിലുള്ളത്? ഇത്തരം ചോദ്യങ്ങളാണ് വോട്ടുതേടി കൂപ്പുകൈകളുമായി ജനത്തിനു മുന്നിലെത്തുന്ന സ്ഥാനാര്‍ഥിപ്പടയോട് നമ്മള്‍ ചോദിക്കേണ്ടത്.
ഈ സ്വതന്ത്രന്മാരെയും വിമതന്മാരെയും വെറുതെവിട്ടുകൂടാ. എന്താണവരുടെ ലക്ഷ്യം? – ജയിക്കില്ലെന്നറിയാം. കെട്ടിവെച്ച കാശുപോലും കിട്ടില്ല. എന്നിട്ടും നോട്ടക്കവകാശപ്പെട്ട വോട്ടുകള്‍ തങ്ങള്‍ക്കു തരൂ എന്നു പറയുന്നതിന്റെ അര്‍ഥം മറ്റൊന്നാണ്. ഞങ്ങളും ഇവിടെയുണ്ടെന്ന് മുഖ്യധാരാ നേതാക്കളെ ഓര്‍മിപ്പിക്കുക- കണ്ടില്ലെ ബിജു രമേശ് -ഒരു സീറ്റിനുവേണ്ടി തമിഴ്‌നാട്ടിലെ ജയലളിതാമാഡത്തിന്റെ കാല്‍ക്കല്‍ വീഴുന്നു. ഈ പോക്കുപോയാല്‍ ബി ജെ പി മാത്രമല്ല ജയലളിതാപാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും എന്തിനു ശിവസേനപോലും ഇന്നെല്ലെങ്കില്‍ നാളെ ഈ കേരളത്തില്‍ അക്കൗണ്ട് തുറന്നു എന്നുവരും.

Latest