Connect with us

Ongoing News

പോര് മുറുകും; വിമതക്കാറ്റില്‍ ഇരി'കൂറ്' മാറുമോ..?

Published

|

Last Updated

കെ സി ജോസഫ്, കെ ടി ജോസ്,

കണ്ണൂരിലെ കിഴക്കന്‍മലയോര മണ്ഡലമായ ഇരിക്കൂറിലെ മത്സരം ഇത്തവണ ഒന്നു കൂടി കടുക്കും. എല്ലാ തവണയും പോലെ യു ഡി എഫിന് ഇക്കുറി എളുപ്പത്തില്‍ ജയിച്ചു കയറാനാകില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മണ്ഡലത്തില്‍ ഉയര്‍ന്നു വന്ന വിമതപ്പടയാണ് ഒരു പക്ഷെ ഇവിടെ ഇത്തവണ യു ഡി എഫിന് ഏറ്റവും വലിയ തലവേദനയാകുകയെന്നാണ് സൂചന. ഇരിക്കൂറില്‍ കോട്ടയം കാരനെന്താ കാര്യം എന്ന ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് മുപ്പത്തിനാല് വര്‍ഷമായി. ആദ്യം പ്രതിപക്ഷക്കാരാണ് ഇതു ചോദിച്ചുതുടങ്ങിയത്. ഏറ്റവുമൊടുവില്‍ യു ഡി എഫില്‍നിന്നും ഈചോദ്യമുയര്‍ന്നു തുടങ്ങി. നാട്ടുകാരേക്കാള്‍ കോട്ടയംകാരന്‍ മതി എന്നാണ് ഇതിന് ഇരിക്കൂറുകാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന മറുപടി. കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പുകളിലായി ഈ മറുപടി അവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

കോട്ടയം സ്വദേശി കെ സി ജോസഫ് തന്നെയാണ് എട്ടാം തവണയും ഇരിക്കൂറില്‍ യു ഡിഎഫ് സ്ഥാനാര്‍ഥി. ജോസഫില്‍ നിന്ന് ഇരിക്കൂര്‍ പിടിക്കാന്‍ പാര്‍ട്ടികളേയും സ്ഥാനാര്‍ഥികളേയും മാറിമാറി പരീക്ഷിക്കുന്ന ഇടത് മുന്നണി ഇത്തവണ സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ടി ജോസിനെയാണ് രംഗത്തിറക്കിയത്. ബി ജെ പി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് എ പി ഗംഗാധരനാണ് എന്‍ ഡി എ സ്ഥാനാര്‍ഥി.
1982 ലാണ് കെ സി ജോസഫ് ഇരിക്കൂറില്‍ ആദ്യമായി മത്സരിക്കാനെത്തുന്നത്്. അന്നുമുതല്‍ തുടര്‍ച്ചയായി ഏഴ് തവണയാണ് വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചു ഗ്രാമവികസന-സാംസ്‌കാരിക മന്ത്രിയായി. ജനതാപാര്‍ട്ടിയുടെ എസ് കെ മാധവനായിരുന്നു കന്നിമത്സരത്തിലെ എതിരാളി. ആന്റണി കോണ്‍ഗ്രസിന്റെ ലേബലിലായിരുന്നു തുടക്കമത്സരം.

87ല്‍ സി പി എമ്മിലെ ജയിംസ് മാത്യു ജോസഫിനെ നേരിടാനിറങ്ങി പരാജയമേറ്റുവാങ്ങി. 91ല്‍ മൂന്നാം മത്സരത്തില്‍ കോട്ടയംകാരനായ കേരള കോണ്‍ഗ്രസ്-ജെയുടെ ജോര്‍ജ് സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കി. പക്ഷേ, രക്ഷയുണ്ടായില്ല. നാട്ടുകാരനും ജോസഫ് ഗ്രൂപ്പുകാരനുമായ എ ജെ ജോസഫ് 96ല്‍ എതിര്‍സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ മണ്ഡലത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം പിറന്നു. 17,832 വോട്ടിന് കെ സി നാലാം തവണയും നിയമസഭയില്‍. 2001 ല്‍ കോട്ടയത്തുനിന്നു വനിതാ സ്ഥാനാര്‍ഥിയെ ഇറക്കി. പ്രഫ മേഴ്‌സി ജോണ്‍ തോറ്റത് 16,904 വോട്ടിന്.
ഇടതുതരംഗം ആഞ്ഞടിച്ച 2006 ല്‍ സി പി എമ്മിലെ ജയിംസ് മാത്യു വീണ്ടും എതിരാളിയായി. കെ സി ആദ്യമായി വിയര്‍ത്ത മത്സരത്തില്‍ 1,831 വോട്ടിന് കഷ്ടിച്ചു രക്ഷപ്പെട്ടു.

irikkorകഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി പി ഐക്കായിരുന്നു കെ സിയെ നേരിടാന്‍ നിയോഗം. നാട്ടുകാരനായ പി സന്തോഷ് കുമാറിനെ 11,757 വോട്ടിന് മറികടന്ന് ഏഴാം വിജയാഘോഷം. എട്ടാം മത്സരത്തിന് തയ്യാറെടുത്ത കെ സി ജോസഫ് ഇരിക്കൂര്‍ വിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ പോസ്റ്ററും ബാനറും കോലംകത്തിക്കലുമായി രംഗത്തിറങ്ങിയിരുന്നു. തിരുവനന്തപുരത്തും ഡല്‍ഹിയിലുമായി ചര്‍ച്ചകളും ഒരുപാടു നടന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. കെ സി തന്നെ വീണ്ടും സ്ഥാനാര്‍ഥിയായി.

അതേസമയം, കെ സി ജോസഫിനെതിരേ കര്‍ഷക കോണ്‍ഗ്രസ് നേതാവാണ് വിമത വേഷത്തില്‍ മത്സരിക്കുന്നത്. കര്‍ഷക കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റും ജനശ്രീ ജില്ലാ കോഓഡിനേറ്ററുമായിരുന്ന കരുവഞ്ചാലിലെ അഡ്വ. ബിനോയ് തോമസാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ജോസഫിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവച്ച മണ്ഡലത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെയും ഫേസ്ബുക്ക് കൂട്ടായ്മയുടെയും പിന്തുണയോടെ പൊതുസ്വതന്ത്രനായാണ് ബിനോയ് മത്സരിക്കുന്നത്. നേരത്തെ സ്ഥാനം രാജിവച്ച ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ ഉള്‍പ്പടെയുള്ളവരുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. മണ്ഡലത്തിലെ 14,000 പേര്‍ അംഗങ്ങളായ ഫേസ്ബുക്ക് കൂട്ടായ്മയുടെ പിന്തുണയും ഇവര്‍ ഉറപ്പിക്കുന്നുണ്ട്. നേരത്തേ വിമത പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പുറത്താക്കിയ അഡ്വ. കെ ജെ ജോസഫും ഇരിക്കൂറില്‍ സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്.

മൂന്നര പതിറ്റാണ്ട് മുമ്പുള്ള ഇരിക്കൂര്‍ പാതകളും പാലങ്ങളുമായി ആകെ മാറിയെന്നും കെ സി മന്ത്രിയായ കഴിഞ്ഞ അഞ്ചുവര്‍ഷം വികസനവിപ്ലവം തന്നെയുണ്ടായെന്നും യു ഡി എഫുകാര്‍ അവകാശപ്പെടുന്നു. ഇതിന്റെ വിളവെടുപ്പായിരിക്കും കെ സി ജോസഫിന് ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും അവര്‍ പറയുന്നു. കോണ്‍ഗ്രസിലേയും യു ഡി എഫിലേയും പ്രാദേശികവാദികളിലാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ. ഇത്തവണ ജോസഫിനെതിരേ ഉയര്‍ന്ന പ്രതിഷേധം തങ്ങള്‍ക്കനുകൂല വോട്ടായി മാറുമെന്ന് ഇടതുപക്ഷം കരുതുന്നു.

കോട്ടയംകാരനായ ജോസഫ് ദീര്‍ഘകാലം ജനപ്രതിനിധിയായത് ഇരിക്കൂറിന്റെ വികസനത്തെ പിന്നോട്ടടിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇരിക്കൂറുകാരനല്ലെങ്കിലും മലയോരവാസിയും കുടിയേറ്റകര്‍ഷകന്റെ മകനുമാണ് ഇടതുസ്ഥാനാര്‍ഥി കെ ടി ജോസ്. ഇദ്ദേഹത്തിന്റെത് കന്നിമത്സരമാണ്. ജില്ലാ പഞ്ചായത്തിലും ആറളം ഗ്രാമപഞ്ചായത്തിലും അംഗമായിരുന്നു. തൊട്ടടുത്ത മണ്ഡലമായ പേരാവൂരിലെ കീഴ്പള്ളിയാണ് സ്വദേശം. സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി ഡി രാജയുടെ സഹോദരന്‍ കൂടിയാണ്. ജനകീയനായ കര്‍ഷകന്‍ എന്ന നിലയില്‍ കെ ടി ജോസ് മണ്ഡലത്തില്‍ സുപരിചിതനാണ്.

വളരെ വൈകിയാണ് എന്‍ ഡി എ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഘടകകക്ഷിയായ കേരള വികാസ് കോണ്‍ഗ്രസിനു മാറ്റിവച്ച ഇരിക്കൂറില്‍ ജോസ് ചെമ്പേരിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പിന്മാറി. എ പി ഗംഗാധരന്‍ അങ്ങനെ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥിയായി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്ഥമായി രണ്ടായിരത്തോളം വോട്ടുകള്‍ കൂടിയിട്ടുണ്ടെങ്കിലും ബി ജെ പി മണഡലത്തിലെ നിര്‍ണ്ണായക ശക്തിയല്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest