Connect with us

Kozhikode

തെരുവന്‍പറമ്പ് സ്‌ഫോടനം: കൈവിരലുകള്‍ ഫോറന്‍സിക് പരിശോധനക്ക്

Published

|

Last Updated

നാദാപുരം: തെരുവന്‍പറമ്പ് കിണമ്പ്രക്കുന്നില്‍ സ്റ്റീല്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടി ത്തെറിച്ച് പരുക്കേറ്റവരുടെ കൈവിരലുകള്‍ വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരത്തെ പോലീസ് ഫോറന്‍സിക് ലാബിലേക്കയച്ചു.
സ്‌ഫോടന സ്ഥലത്ത് ഫോറന്‍സിക് സംഘവും പോലീസും നടത്തിയ പരിശോധനയിലാണ് ചിന്നിച്ചിതറിയ രണ്ട് കൈവിരലുകളും മാംസാവശിഷ്ടങ്ങളും കണ്ടെടുത്തത്. കണ്ടെടുത്ത വിരലുകളുടെ ഡി എന്‍ എ പരിശോധനയും രക്തഗ്രൂപ്പും പരിശോധിക്കും. സ്‌ഫോടനത്തില്‍ ഒന്നിലധികം ആളുകളുടെ കൈവിരലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
വിരലുകള്‍ ആരുടേതെന്ന് അറിയാനും സംഭവത്തില്‍ പരിക്കേറ്റ അഞ്ച് പേരെ കൂടാതെ മറ്റാര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടൊ എന്നറിയാനുമാണ് വിരലുകള്‍ വിദഗ്ദ പരിശോധന നടത്തുന്നത്.
ഇതിനിടയില്‍ ബോംബ് നിര്‍മാണത്തിന് പുറത്ത് നിന്നെത്തിയവരെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണത്തിന് കിണമ്പ്ര കുന്നിലേക്ക് ആളുകളെ ബൈക്കുകളില്‍ എത്തിച്ചവരെ കുറിച്ചും വിവരം കിട്ടിയിട്ടുണ്ട്. ബൈക്കുകളുടെ നമ്പറും തിരിച്ചറിഞ്ഞ്, നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞത്. ബോംബ് നിര്‍മിക്കുന്നതിനിടെ പ്രദേശത്ത് കാവല്‍ നിന്നവരെക്കുറിച്ചും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ അറസ്റ്റുണ്ടാവുമെന്നാണ് പോലീസ് കേന്ദ്രത്തില്‍ നിന്നുളള സൂചന. ഇത് സംബന്ധിച്ചുളള അന്വേഷണം പുരോഗമിക്കുന്നുണ്ട്.
വെടിമരുന്ന് ലഭിച്ച സ്ഥലം, ബോംബ് നിര്‍മിച്ചതിന്റെ ഉദ്ദശം എന്നിവ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
ബുധനാഴ്ച രാത്രിയാണ് കല്ലാച്ചിക്കടുത്ത തെരുവന്‍പറമ്പ് കിണമ്പ്രക്കുന്നില്‍ ബോംബ് നിര്‍മിക്കുന്നതിനിടയില്‍ സ്‌ഫോടനത്തില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളള ഒരാളുടെ നില ഗുരുതരമാണ്.

Latest