Connect with us

Malappuram

പരിശോധനയില്ല; കണ്ടെയ്‌നര്‍ ലോറികള്‍ ഓടുന്നത് അമിത ഭാരം കയറ്റി

Published

|

Last Updated

കോട്ടക്കല്‍: ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന കണ്ടെയ്‌നറുകള്‍ ഓടുന്നത് അമിത ഭാരം കയറ്റി. അനുവദിച്ചതിലും ഇരട്ടിയാണ് ഇവയില്‍ കയറ്റുന്ന ഭാരം. 25000 ടണ്‍ വരെയാണ് അനുവദിച്ചെതെങ്കിലും പലതിലും 32ഉം 35ഉം വരെ കയറ്റിയാണ് കേരളത്തിലേക്ക് കടക്കുന്നത്. രേഖയില്‍ അനുവദനീയമായ തൂക്കമായിരിക്കും രേഖപ്പെടുത്തിയിരിക്കുക.
ഇന്നലെ പാലച്ചിറമാട് അപകടത്തില്‍പെട്ട ലോറിയില്‍ 29 ടണ്ണാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അലുമിനിയം ഷീറ്റുകളാണ് കയറ്റിയിരുന്നത്. ഇതിലും കൂടുതലാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. പരിശോധന ഇല്ലാത്തതാണ് അമിത ഭാരവുമായി ഇത്തരം ലോറികള്‍ കേരളത്തിലേക്ക് കടക്കുന്നത്. എല്ലാ ലോറികളും രാത്രിയാണ് യാത്ര. കൈകാണിച്ച് നിര്‍ത്തിയാല്‍ തന്നെ ജീവക്കാരില്‍ പലരും ഇവരുടെ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നതിനാല്‍ പോലീസുകാരും കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് മുതിരാറില്ല. എംസാന്റ്, സിമന്റ്, വാഹനങ്ങള്‍, വിവിധ പാട്‌സുകള്‍, മണല്‍ തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ കയറ്റിയാണ് കണ്ടെയ്‌നറുകള്‍ കേരളത്തില്‍ ഓടുന്നത്. മുബൈ, ഹരിയാന, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ് അമിത ഭാരം കയറ്റി വരുന്ന ലോറികള്‍.
ഇവയാവട്ടെ കേരളത്തിലെ വളവുകള്‍ നിറഞ്ഞ റോഡുകളില്‍ പലപ്പോഴും നിയന്ത്രണം വിടുകയാണ് പതിവ്. മറിയുന്നതോടെ തലയും ഉടലും വേര്‍പ്പെടുന്ന ലോറികള്‍ മറ്റ് വാഹനങ്ങളില്‍ തട്ടി അപകടം വരുത്തും. കൊച്ചിയിലേക്കാണ് ഇവയിലധികവും വരുന്നത്. മലബാര്‍ ഭാഗങ്ങളില്‍ ഒരിടത്തും ഇത്തരം ലോറികളെ പരിശോധിക്കാറില്ല. ഇതിന്റെ മറവില്‍ മറ്റ് അനധികൃത കടത്തുകള്‍ പോലും കണ്ടെത്താന്‍ കഴിയില്ലെന്നതും യാഥാര്‍ഥ്യമാണ്. അതെ സമയം ഇത്തരം വാഹനങ്ങള്‍ രാത്രി പല വാഹനങ്ങളെയും തട്ടി തെറിപ്പിച്ച് കടന്നു കളയാറുണ്ട്.
പാലച്ചിറമാട് വളവില്‍ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. ബൈക്ക് യാത്രികനെ തട്ടി തെറിപ്പിച്ച് കടന്നു കളഞ്ഞ ലോറി എടരിക്കോട് വെച്ച് കേടായതിനെ തുടര്‍ന്നാണ് പിടികൂടാനായത്. പരിശോധനയും നടപടിയും ഇല്ലെന്നതിനാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ റോഡില്‍ കുരുതികളം തീര്‍ത്ത് ഓടുകയാണ് കണ്ടെയ്‌നര്‍ ലോറികള്‍.

Latest