Connect with us

Articles

സര്‍വലോക തൊഴിലാളി അഥവാ പ്രവാസി മലയാളി

Published

|

Last Updated

“മാന്യമായ തൊഴില്‍ എന്നാല്‍ അവരവരുടെ തൊഴില്‍ ജീവിതം ആസ്വാദ്യകരമാകുക എന്നതാണ്. അഥവാ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും തൊഴില്‍ സ്ഥലത്തെ സുരക്ഷയും കുടുംബത്തിന്റെ സാമൂഹിക സംരക്ഷണവും നേടുകയും വ്യക്തിഗത വളര്‍ച്ച, സാമൂഹിക ചേര്‍ച്ച, ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍, ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധിക്കാനും പങ്കാളികളാകാനും സാധിക്കുക, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ അവസരം ലഭിക്കുകയും ചെയ്യുക”.
ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ മാന്യമായ തൊഴില്‍ എന്ന ആശയത്തിന്റെ രത്‌നച്ചുരുക്കമാണ് മുകളില്‍ എഴുതിയത്. സുസ്ഥിര വികസനം എന്ന അഭിലാഷത്തില്‍ സംഘടന മുന്നോട്ടുവെക്കുന്ന അജന്‍ഡകളില്‍ പ്രധാനപ്പെട്ടത് “ഡീസന്റ് വര്‍ക്ക്” ആണ്. മാന്യമായ തൊഴില്‍ എന്നാല്‍ മേല്‍പ്പറഞ്ഞ സാഹചര്യങ്ങളെങ്കിലും ഒത്തുവരണം എന്നതാണ് ഐ എല്‍ ഒയുടെ താത്പര്യം. “തൊഴിലാളി” എന്ന സങ്കല്‍പ്പത്തില്‍ തന്നെ കാതലായ മാറ്റം വന്ന കാലത്താണ് ഒരു ഓര്‍മപ്പെടുത്തലായി മെയ് ദിനം അഥവാ സര്‍വലോക തൊഴിലാളി ദിനം വരുന്നത്. സാധാരണ മലയാളി മനസ്സില്‍ തൊഴിലാളി എന്നാല്‍, ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ ആണ്. വീട്ടില്‍ നിന്ന് രാവിലെ കുളിച്ചു വസ്ത്രം മാറി ഓഫീസുകളിലോ കമ്പനികളിലോ വിദ്യാലയങ്ങളിലോ ജോലിക്കു പോകുന്നവര്‍ തൊഴിലാളികളല്ല. അവര്‍ അതുക്കുംമേലെ മറ്റെന്തോ ആണ്.
മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ തൊഴിലാളി വര്‍ഗം പ്രവാസികളായിരിക്കും. ഗള്‍ഫ് നാടുകള്‍, ഇതര വിദേശനാടുകള്‍, അന്യസംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിക്കു പോയവരില്‍ മഹാഭൂരിഭാഗവും തൊഴിലാളികളാണ്, മുതലാളിമാരല്ല. നാട്ടിലെ ചുമട്ടുതൊഴിലാളികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുള്ളവരുടെ കണക്കെടുത്താല്‍ അവരേക്കാള്‍ കൂടുതല്‍ ഗള്‍ഫുകാര്‍ ചുരുങ്ങിയ പക്ഷം തൃശൂര്‍ വടക്കോട്ടുള്ള മലബാര്‍ ജില്ലകളിലെങ്കിലും ഉണ്ടാകും. പ്രവാസി മലയാളികളില്‍ മൃഗീയഭൂരിപക്ഷം ഗള്‍ഫ് മലയാളികളാണ്.
ഗള്‍ഫില്‍ സ്വന്തം നിക്ഷേപം നടത്തി സ്ഥാപനം നടത്തുന്ന സംരംഭകര്‍ മാത്രമാണ് സാങ്കേതികമായി തൊഴിലാളിയിതരര്‍. ശേഷിക്കുന്നവരെല്ലാം അതതു രാജ്യത്തെ തൊഴില്‍ മന്ത്രാലയത്തിന്റെ ലേബര്‍ പെര്‍മിറ്റ് ലഭിച്ചതിനുശേഷം മാത്രം വരുന്നവരാണ്. ഗള്‍ഫ് ഗവണ്‍മെന്റുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ (റസിഡന്റ് കാര്‍ഡ്/ബത്താക്ക/ഇക്കാമ) ഫലത്തില്‍ ലേബര്‍ കാര്‍ഡ് കൂടിയാണ്. ഒരു സ്‌പോണ്‍സറുടെ അല്ലെങ്കില്‍ കമ്പനി ഉടമയുടെ കീഴില്‍ ജോലി ചെയ്യുന്നവരാണവര്‍. തസ്തികകളില്‍ വ്യത്യസ്തരെങ്കിലും ഗള്‍ഫ് ഗവണ്‍മെന്റുകളുടെ പരിഗണനയില്‍ ലേബര്‍ പെര്‍മിറ്റെടുത്തവരെല്ലാം വിദേശ തൊഴിലാളികളാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ള മുപ്പതു ലക്ഷം പ്രവാസി മലയാളി തൊഴിലാളികളുടെ വീണ്ടുവിചാരത്തിന്റെ ദിവസം കൂടിയാണ് മെയ്ദിനം.
തൊഴില്‍ സംസ്‌കാരത്തിന്റെ ഗുണാത്മകവും ക്രിയാത്മകവുമായ രീതികള്‍ മലയാളികള്‍ ശീലിച്ചത് ഗള്‍ഫില്‍നിന്നായിരിക്കും. പ്രൊഫഷനലിസവും ഹാര്‍ഡ് വര്‍ക്കുമുള്‍പ്പെടെ നമ്മുടെ നാടിന്റെ വികസനത്തിലും മനോഭാവ മാറ്റത്തിലും സ്വാധീനം ചെലുത്തിയ തൊഴില്‍ സംസ്‌കാരം പ്രവാസി മലയാളികള്‍ ശീലിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തു. മള്‍ട്ടി നാഷനല്‍ കമ്പനികളിലെ തൊഴിലനുഭവം മലയാളിക്കും മലയാളത്തിനും നല്‍കിയ സംഭാവന ചെറുതായിരിക്കില്ല. പ്രവാസി വ്യവസായി പ്രമുഖരില്‍ അധികപേരും തൊഴില്‍ തേടി വരികയും തൊഴിലെടുക്കുകയും കഠിനാധ്വാനത്തിലൂടെ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്തവരാണ്. ഗള്‍ഫിന്റെ പകര്‍ച്ചയില്‍നിന്നാണ് നാട്ടിലും നിരവധി പുരോഗമന വ്യവസായ, വാണിജ്യ സംരംഭങ്ങള്‍ക്കും ഷോപ്പിംഗ് കോംപ്ലക്‌സ് സമ്പ്രദായങ്ങള്‍ക്കും മുളപൊട്ടിയത്. അഥവാ പ്രവാസി മലയാളി തൊഴിലാളികളിലൂടെ വികസിച്ചു വന്ന നാട് എന്ന വായനക്കും വിശകലനത്തിനും കൂടി കേരളത്തിന് അര്‍ഹതയുണ്ട്.
എന്നാല്‍, പ്രവാസി മലയാളികളുടെ തൊഴിലാളിയനുഭവങ്ങള്‍ ആത്ര ആസ്വാദ്യകരമല്ല. ഗള്‍ഫ് നാടുകള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നുണ്ട്. ജോലി, ശമ്പളം, അധികശമ്പളം, അവധി, പാര്‍പ്പിടം, ചികിത്സ തുടങ്ങിവയെല്ലാം ലേബര്‍ നിയമത്തിലും കരാറിലും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ കരാറിലെ ചട്ടങ്ങള്‍ അറിയിക്കുന്നതിനോ പാലിക്കുന്നതിനോ തൊഴിലുടമകള്‍ വിസമ്മതം കാട്ടും. വ്യവസ്ഥകള്‍ കാലേക്കൂട്ടി പറഞ്ഞ് അതു പാലിക്കാനുള്ള മാന്യത അശ്ലീലമായി കാണുന്നു നല്ലൊരു ശതമാനം പേരും. അതുകൊണ്ടു തന്നെ കഫ്തീരിയകളുള്‍പ്പെടെ ചെറുകിട മധ്യനിര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കൊന്നും തൊഴിലവകാശങ്ങളോ അവധിയോ അധികവേതനമോ അപ്രാപ്യമാണ്. പണിയെടുപ്പിച്ചതിന്റെ ഉപകാരസ്മരണയില്‍ രണ്ടുകൊല്ലത്തിലൊരിക്കല്‍ നാട്ടില്‍ പോകുമ്പോള്‍ ടിക്കറ്റെടുത്തു കൊടുക്കാന്‍ സുമനസ്സു കാട്ടാത്തവര്‍ പോലുമുണ്ട്. മള്‍ട്ടി നാഷനല്‍ കമ്പനികളില്‍ ജോലി ചെയ്ത് ശമ്പളവും ആനുകൂല്യങ്ങളും മാസാദ്യത്തില്‍ കൃത്യമായി വാങ്ങി പോക്കറ്റിലിടുകയും ആഴ്ചയില്‍ രണ്ടുദിവസത്തെ അവധിയാഘോഷം ഫഌറ്റില്‍ കുടുംബത്തോടൊപ്പം ആസ്വദിക്കുകയും ചെയ്യുന്നവര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍പ്പോലും സ്ഥിതി വിഭിന്നമല്ല. ജോലിക്കാര്‍ക്ക് കൊല്ലത്തിലൊരിക്കല്‍ കുടുംബത്തെ കാണാന്‍ പോകാന്‍, വല്ലപ്പോഴുമൊരു അവധിയെടുക്കാന്‍, അധികജോലിക്ക് കൂലി കിട്ടാന്‍, മെഡിക്കല്‍ അലവന്‍സ് കിട്ടാന്‍ എന്തിന്, മാസശമ്പളം കിട്ടാന്‍വരെ ഭിക്ഷക്കാരെപ്പോലെ യാചിക്കണം. ഇത്തരം തൊഴിലവകാശങ്ങളുടെയും മാനുഷിക മര്യാദകളുടെയും നിഷേധം സര്‍വവ്യാപിയാണ്. പക്ഷേ പ്രബുദ്ധമായ സംസ്‌കാരത്തില്‍ ഊറ്റംകൊള്ളുന്ന മലയാളി മുതലാളിയനുഭവങ്ങള്‍ അത്ര ശുഭകരമല്ലെന്നു ചുരുക്കം. മറുവശത്ത് തൊഴിലില്‍ നിഷേധഭാവം പുലര്‍ത്തുന്ന തൊഴിലാളി സ്വഭാവങ്ങളുമുണ്ട്. ഡ്യൂട്ടി സമയത്തിന്റെ സിംഹഭാഗവും സോഷ്യല്‍ മീഡിയയില്‍ കൊന്ന് പ്രോഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും പ്രകടിപ്പിക്കാത്ത സ്റ്റാഫ് മെമ്പര്‍മാര്‍ സ്ഥാപനത്തിനും അതതു വ്യക്തിത്വത്തിനു തന്നെയും വഴിമുടക്കികളാണ്.
ഗള്‍ഫില്‍ മുന്‍നിര, കോര്‍പറേറ്റ് കമ്പനികളിലും ജോലി ചെയ്യുന്നവര്‍ ഏറെക്കുറെ കാര്യങ്ങളില്‍ സുരക്ഷിതരാണ്. ഇത്തരം സ്ഥാപനങ്ങളുടെ ഉടമകളും മാനേജര്‍മാരും പ്രഖ്യാപിത ചട്ടങ്ങള്‍ പാലിക്കാന്‍ സന്നദ്ധമാകുന്നു. ജീവനക്കാരെ എന്റര്‍ടെയ്ന്‍ ചെയ്തു വേണം സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ എന്ന മാനേജ്‌മെന്റ് രീതി പഠിച്ചവര്‍ നല്ല ഫലവുമുണ്ടാക്കുന്നു. ജീവനക്കാരില്‍ നിഷേധമനസ്സ് സൃഷ്ടിക്കപ്പെടാതെ ആസ്വാദ്യകരമായ തൊഴിലന്തരീക്ഷത്തില്‍നിന്നും മെച്ചപ്പെട്ട ഗുണം അനുഭവിപ്പിക്കാനും ഇവര്‍ക്കു സാധിക്കുന്നു. ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ കൃത്യമായി അനുവദിക്കുകയും അതിന്റെ പേരില്‍ തര്‍ക്കങ്ങളുടെ സാധ്യത പോലും റദ്ദു ചെയ്ത് സ്ഥാപനത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യണം എന്നാണ് മാനേജ്‌മെന്റ് തിയറികള്‍ നിര്‍ദേശിക്കുന്നത്. ഇത് ന്യൂജന്‍ സംരംഭകരെ സ്വാധീനിക്കുന്നതിന്റെ ഫലം ഗള്‍ഫ് തൊഴിലാളികള്‍ക്കും അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. തൊഴില്‍ സംസ്‌കാരത്തിലും പുതുതലമുറയില്‍ ക്രിയേറ്റിവിറ്റിയുടെ പുതുശീലങ്ങള്‍ കണ്ടുവരുന്നു.
ഗള്‍ഫ് തൊഴില്‍മോഹം മലയാളികളുടെ വീട്ടുമുറ്റത്തുനിന്ന് ഇനിയും വാടിയൊടിഞ്ഞു വീണിട്ടില്ല. അങ്ങിനെ വാട്ടിക്കളയേണ്ട സാഹചര്യവും ഇല്ല. സുസ്ഥിര വികസനത്തിന്റെ വൈവിധ്യവത്കരണപാതയില്‍ സഞ്ചരിക്കുന്ന ഗള്‍ഫ് നാടുകളില്‍ തൊഴിലവസരങ്ങള്‍ ഇനിയും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍, മലയാളി തൊഴില്‍ സമൂഹം വിദ്യാവഴിയില്‍ മുന്നേറിയപ്പോള്‍ ഗള്‍ഫില്‍ ചുരുങ്ങിയപക്ഷം അക്കൗണ്ടെന്റെങ്കിലുമാകാനുള്ള യോഗ്യത നേടുക എന്നത് അഭിലഷണീയമായി മാറിയിട്ടുണ്ട്. അതേസമയം, തൊഴില്‍ പീഡനങ്ങളുടെ, കബളിപ്പിക്കലിന്റെ കഥകള്‍ ഓരോ ദിവസവും സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. കമ്പനി ജോലിയെന്നു തെറ്റിദ്ധരിപ്പിച്ച് വീട്ടുജോലിയില്‍ കൊണ്ടുവന്ന് ശമ്പളവും സൗകര്യങ്ങളും നിഷേധിക്കപ്പെട്ട് കഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍പ്പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനായിരങ്ങള്‍ കൊടുത്ത് ഗള്‍ഫില്‍ തൊഴിലിനു വന്ന് കുടുങ്ങുന്നവരില്‍നിന്ന് ചുരുങ്ങിയപക്ഷം, മലയാളികളെങ്കിലും മുക്തരാകേണ്ടതുണ്ട്.
ഗള്‍ഫിനും ഗള്‍ഫിനു പുറത്തും വ്യാപിച്ചു കിടക്കുന്ന പ്രവാസി മലയാളി തൊഴിലാളി വര്‍ഗം തൊഴിലിടങ്ങളില്‍ തൊഴിലിലും പുരോഗതിയുടെ അനുഭവങ്ങള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും എല്ലാപേരും അത്ര സുരക്ഷിതരല്ല എന്നോ ബഹുഭൂരിഭാഗം പേരും ഡീസന്റ്‌വര്‍ക്ക് എന്ന കാഴ്ചപ്പാടിലേക്ക് ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട് എന്നും ഈ തൊഴിലാളിദിനവും ഓര്‍മപ്പെടുത്തുന്നു. മലയാളി കുടുംബങ്ങളെ നേരിട്ടോ അല്ലാതെയോ പ്രതിനിധികരിക്കുന്ന ഗള്‍ഫ് മലയാളി തൊഴിലാളികളെ ഒരു വര്‍ഗമായി അംഗീകരിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കം രൂപപ്പെട്ടുവരാത്തതിന്റെ പ്രശ്‌നംകൂടി ഇതിലുണ്ട്.

---- facebook comment plugin here -----

Latest