Connect with us

Articles

വെള്ളം കരുതി ഉപയോഗിക്കാം

Published

|

Last Updated

ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ജലയുദ്ധങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ യുദ്ധങ്ങളാകട്ടെ, എണ്ണക്ക് വേണ്ടി നടക്കുന്ന യുദ്ധങ്ങളേക്കാള്‍ ക്രൂരവും രൂക്ഷവുമാണ്. പല രാജ്യങ്ങളിലും കുടിവെള്ളത്തിന് പെട്രോളിനെപ്പോലെയോ അതിലേറെയോ വില നല്‍കേണ്ടിവരുന്നു.

ജലം ജീവന്റെ ആധാരമാണ്. അത്യുദാരനായ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്. പ്രകൃതി വിഭവങ്ങളില്‍ ഏറ്റവും വിലപ്പെട്ടതാണ്. വെള്ളമില്ലാതെ ജീവനില്ല. വെള്ളമില്ലാത്ത ഒരു ലോകക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഭക്ഷണമൊന്നും കഴിക്കാതെ ഒരാള്‍ക്ക് ഒരു മാസം വരെ കഷ്ടിച്ച് ജീവിക്കാമത്രേ. പക്ഷേ, വെള്ളം കുടിക്കാതെ ഒരാഴ്ച പോലും പിടിച്ചുനില്‍ക്കാനാകില്ല. ഒരു തുള്ളി വെള്ളം പോലും ഒരു ശക്തിക്കും സ്വന്തവും സ്വതന്ത്രവുമായി ഉണ്ടാക്കാനാകില്ല.
ലോകത്ത് ഏറ്റവും മഴ ലഭിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലും സമൃദ്ധമായ മഴ ലഭിക്കുന്ന കേരളത്തിലും അതിരൂക്ഷമായ ജലക്ഷാമം അനുഭവിക്കുകയാണ്. കേരളത്തില്‍ വര്‍ഷത്തില്‍ ഏകദേശം 120 ദിവസത്തോളം മഴ ലഭിക്കുന്നുണ്ട്. നിരവധി ജലസ്രോതസ്സുകളും നദികളുമുള്ള കേരളത്തില്‍ ചൂട് ചുട്ടുപൊള്ളുകയാണ്. സൂര്യാഘാതമേറ്റ് മരണം സംഭവിക്കുന്നു. ജല ദൗര്‍ലഭ്യം ഇതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലേറെയും അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കേണ്ടിവരുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എയര്‍കണ്ടീഷന്‍ മതിയാകാത്ത വിധത്തില്‍ ചൂട് കൂടിയാല്‍ എങ്ങനെ സഹിക്കും? വെള്ളം ഇനിയും വരണ്ട് വറ്റിയുണങ്ങിയാല്‍ കുടിവെള്ളം എവിടെ നിന്ന് ലഭിക്കും? “”നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജലസ്രോതസ്സുകള്‍ ഭൂമിയിലേക്ക് വലിഞ്ഞുപോയാല്‍ പിന്നെ ആരാണ് നിങ്ങള്‍ക്ക് ദാഹജലം തരിക”” എന്ന് ഖുര്‍ആന്‍(സൂറത്തുല്‍ മുല്‍ക്) ചോദിക്കുന്നു. ആത്യന്തികമായി വെള്ളം നല്‍കാന്‍ അല്ലാഹുവിനല്ലാതെ കഴിയില്ല. അല്ലാഹു ചോദിക്കുന്നു: “”നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? മേഘത്തില്‍ നിന്ന് അതിനെ ഇറക്കിത്തരുന്നത് നിങ്ങളാണോ അതോ നാമാണോ?””(അല്‍ വാഖിഅ).
കുടിവെള്ളം വില കൊടുത്ത് വാങ്ങുന്നത് വിദേശ നാടുകളില്‍ സാര്‍വത്രികമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തീവില കൊടുത്ത് വെള്ളം വാങ്ങേണ്ടിവരുന്നുണ്ട്. സുലഭമായി മഴ ലഭിക്കുന്ന കേരളത്തിലും കുപ്പിവെള്ളം സുലഭമായിക്കഴിഞ്ഞു. ഏഷ്യയിലെ 850 ദശലക്ഷം ജനങ്ങള്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമല്ലെന്നും കുട്ടികളടക്കം ലക്ഷോപലക്ഷം പേര്‍ ജലജന്യ രോഗങ്ങളാല്‍ മരണമടയുന്നുണ്ടെന്നും ഏഷ്യന്‍ വികസന ബേങ്ക് ചൂണ്ടിക്കാട്ടുന്നു.
കുടിനീരിനുള്ള അവകാശം പണമുള്ളവര്‍ക്ക് മാത്രം മതിയോ? ജീവന്‍ നിലനിര്‍ത്താന്‍ പ്രകൃതി കനിഞ്ഞരുളിയ വെള്ളം ദാഹാര്‍ത്തരായവര്‍ക്ക് നിഷേധിക്കാന്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കോ സ്വകാര്യ കമ്പനികള്‍ക്കോ അവകാശമുണ്ടോ? ദരിദ്ര രാജ്യങ്ങളിലെ അനേകം മനുഷ്യര്‍ ദാഹിച്ച് തൊണ്ട വരണ്ട് പിടഞ്ഞ് മരിക്കുമ്പോഴും കുടിവെള്ളം വലിയ വിലക്ക് വില്‍പ്പന നടത്തി ലാഭം കൊയ്യുന്ന കുത്തക മുതലാളിമാരെ ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു. പട്ടിണിപ്പാവങ്ങള്‍ കുടിവെള്ളം വാങ്ങാനാകാതെ നരകിക്കുന്ന ദുരവസ്ഥ ഒരിക്കലും അനുവദിച്ചുകൂടാത്തതാണ്. ജനം കുടിവെള്ളത്തിന് പായുമ്പോഴും കുടിവെള്ളക്കച്ചവടം പൊടിപൊടിക്കുകയാണ്.
വിപണിയില്‍ വിലക്ക് വില്‍ക്കപ്പെടുന്ന ചരക്കാകരുത് വെള്ളം. അത് ഈ ഭൂഗോളത്തിലെ സമസ്ത ജീവജാലങ്ങളുടെതുമാണ്. അവയുടെ നിലനില്‍പ്പിന്റെ പൊതുവായ പ്രഭവമാണ്. മനുഷ്യന്റെ മൗലികാവകാശമാണ്. അത് സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും അതിന്റെ ദൗര്‍ലഭ്യതയും മലിനീകരണവും തടയേണ്ടതും തലമുറകള്‍ക്ക് വേണ്ടി അതിനെ സൂക്ഷിക്കേണ്ടതും നമ്മുടെ മൗലികമായ കര്‍ത്തവ്യമാണ്. ജീവജലത്തിന്റെ കച്ചവടവത്കരണവും കുത്തകവത്കരണവും ചെറുത്തുതോല്‍പ്പിക്കേണ്ടതാണ്. ജനങ്ങള്‍ക്ക് ജലത്തിനുള്ള മൗലികാവകാശം വക വെച്ചുകൊടുക്കാനും ആ അവകാശത്തെ തടയാനുള്ള നീക്കങ്ങളെ ചെറുക്കാനും ശ്രമിക്കേണ്ടത് അനിവാര്യമാണ്.
വെള്ളം പൊതുമുതല്‍ പോലെയാണെന്നും ആവശ്യത്തിന് മാത്രം ഉപയോഗിച്ച് മിച്ചം വരുന്നത് സൂക്ഷിച്ചുവെക്കണമെന്നും മറ്റുള്ളവര്‍ക്ക് തടയരുതെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ജലം നശിപ്പിക്കുന്നതിനെ മതം കുറ്റകൃത്യമായി കാണുന്നു. സമുദ്രത്തില്‍ നിന്ന് ശുദ്ധീകരണം നടത്തുകയാണെങ്കില്‍ പോലും അമിത ഉപയോഗം അരുത് എന്നാണ് ഇസ്‌ലാമിക വീക്ഷണം.
കുളിക്കാനും അലക്കാനും നനക്കാനും കഴുകാനും മറ്റും യഥേഷ്ടം വെള്ളം ഉപയോഗിച്ചുശീലമുള്ള കേരളീയ സമൂഹം ഈ വിഷയത്തില്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. ടാപ്പ് തുറന്നിട്ട് മറ്റു ജോലികള്‍ ചെയ്യുന്നതും ടാങ്ക് നിറഞ്ഞൊഴുകുന്നതും ഒഴിവാക്കിയേ മതിയാകൂ. വരണ്ട് വിണ്ടുകീറിയ ജസസ്രോതസ്സുകളും മലിനമായിക്കൊണ്ടിരിക്കുന്ന ഭൂഗര്‍ഭജലവും നമ്മുടെ മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി ഉയര്‍ന്നുനില്‍ക്കുന്നു.