Connect with us

International

യു എസിന്റെ ഏഷ്യന്‍ ഇടപെടല്‍ പരാജയം; അവസരം മുതലെടുക്കാന്‍ ചൈന

Published

|

Last Updated

ബീജിംഗ്: ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന തന്ത്രപരമായ ഇടപെടലുകള്‍ പരാജയമാണെന്ന് ചൈന. ഏഷ്യന്‍ സ്വഭാവവിശേഷങ്ങളുള്ള ഒരു മാതൃകാ സുരക്ഷാസംവിധാനത്തിന്റെ രൂപവത്കരണത്തിലേക്ക് ചൈനയോടൊപ്പം ഏഷ്യയിലെ മറ്റു രാജ്യങ്ങളും പങ്കാളികളാകണമെന്നും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ആവശ്യപ്പെട്ടു. ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍ നടന്ന വിദേശ മന്ത്രിതല സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ പരസ്പര ധാരണയും പരസ്പര ചര്‍ച്ചകളും വര്‍ധിപ്പിക്കണം. അതുപോലെ ഏഷ്യയുടെ സ്വഭാവഗുണങ്ങളുള്ള ഒരു മാതൃകാ സുരക്ഷാ സംവിധാനവും പരിപോഷിപ്പിച്ചെടുക്കണം. ഈ പുതിയ മാതൃക മേഖലയിലെ അധികാര ശ്രേണിക്ക് ചൈന നല്‍കുന്ന വലിയ സംഭാവനയായിരിക്കുമെന്നും സി ജിന്‍പിംഗിന്റെ പ്രസംഗത്തെ ഉദ്ദരിച്ച് ചൈനയിലെ ഔദ്യോഗിക പത്രം പ്യൂപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ചൈനയുടെ നേതൃത്വത്തിലുള്ള ഈ സുരക്ഷാ സംവിധാനത്തിന്റെ വിശദവിവരം ഇപ്പോഴും വ്യക്തമായിട്ടില്ല. അതേസമയം, ചൈനയുടെ മാത്രം അധികാരത്തിലാകാതെ, തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായിരിക്കും ഈ സംവിധാനമെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
ഒബാമയുടെ നേതൃത്വത്തിലുള്ള ഒബാമ ഭരണകൂടത്തിന്റെ ഏഷ്യന്‍ രാജ്യങ്ങളിലെ ഇടപെടലുകള്‍ പരാജയമായിരുന്നുവെന്നാണ് ചൈനയുടെ വിശദീകരണം. യു എസ് നടപ്പാക്കിയ ഏഷ്യ- പെസഫിക് തന്ത്രപ്രധാന ഇടപെടലുകള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു നിലക്കും സമാധാനം കൊണ്ടുവന്നില്ല. അതേസമയം, ഏഷ്യന്‍ രാജ്യങ്ങളില്‍ അസ്ഥിരമായ ഒരു സാഹചര്യം രൂപപ്പെട്ടുവരാന്‍ ഇത് കാരണമാകുകയും ചെയ്തു. യു എസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇടപെട്ടത് സുരക്ഷയും സമാധാനവും കൊണ്ടുവന്നില്ല. അതിന് പകരം അസ്ഥിരതയാണ് ഉണ്ടായത്. ഇതിന് ബദലായി ഏഷ്യയുടെ സ്വഭാവഗുണങ്ങളുള്ള ഒരു സുരക്ഷാ സംവിധാനമാണ് ആവശ്യം. ഇത് ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചക്കും വികാസത്തിനും ഏറ്റവും അനുയോജ്യമായിരിക്കുമെന്നും ചൈന അവകാശപ്പെടുന്നു.
ചൈനയുടെ നിലപാടുകള്‍ ഇങ്ങനെയാണെങ്കിലും വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധം ഈ നീക്കത്തിന് കല്ലുകടിയാകുമെന്ന് സംശയിക്കപ്പെടുന്നു. ദക്ഷിണ ചൈനാ സമുദ്രത്തെ കുറിച്ച് ചൈനയും അമേരിക്കയും ഇടഞ്ഞുനില്‍ക്കുന്ന സമയത്താണ് പുതിയ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ചൈനീസ് പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത് എന്നത് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest