Connect with us

Kerala

ഉമ്മന്‍ചാണ്ടിയുടെ തട്ടിപ്പിന്റെ ഇരയാണ് ഇന്‍ഫോസിസ്; രേഖകളുമായി വിഎസ്

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ ചാണ്ടിയുടെ വികസന തട്ടിപ്പിന് ഇരയായിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. സ്ഥാപനമായ ഇന്‍ഫോസിസാണെന്നും വിഎസ് ആരോപിക്കുന്നു. വി.എസ് ഇത്തവണ രേഖകള്‍ പുറത്തുവിട്ടാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനം അഴിച്ചുവിടുന്നത്.

ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്ന ഐടി വികസനം ശരിയല്ലെന്ന് തുറന്നുകാട്ടുകയാണ് വിഎസ്. രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരാണപത്രത്തില്‍ നിന്ന് പിന്‍മാറിയെന്നും ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് അവര്‍ പിന്‍മാറിയതെന്നും വി.എസ് തെളിവുകള്‍ നിരത്തി വ്യക്തമാക്കുന്നു. ഫെയ്‌സ് ബുക്ക് പോരിന്റെ തുടര്‍ച്ചയിലാണ് ഈ വെളിപ്പെടുത്തലും നടത്തിയിരിക്കുന്നത്. നിങ്ങളുടെ ഐടി വികസനം സന്തോഷ് മാധവന്റെ പാടത്താണെന്നും അതിനാലാണ് ഇത് അന്താരാഷ്ട്ര തട്ടിപ്പാണെന്ന് താന്‍ പറഞ്ഞതെന്നും വി.എസ് കുറിക്കുന്നു.

50 ഏക്കര്‍ സ്ഥലത്ത് പതിനായിരം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുന്ന മറ്റൊരു ക്യാമ്പസും ഇന്‍ഫോസിസ് പ്രഖ്യാപിച്ചിരുന്നു. ഭരണം മാറിയ ശേഷം 2012 ഏപ്രിലില്‍ ഇന്‍ഫോസിസ് 47 കോടി രൂപ നല്‍കി ഈ പദ്ധതിയുടെ ധാരണാപത്രവും ഒപ്പു വച്ചതാണ്. എന്നാല്‍ 2015 മേയില്‍ ഈ സ്ഥാപനം ഈ തുക മടക്കി വാങ്ങുകയും 10000 പേര്‍ക്ക് ജോലി ലഭിക്കേണ്ട ഈ പദ്ധതിയില്‍ നിന്ന് പിന്മാറുകയും ചെയ്തു.

2015 മെയ് 18നും അതെ മാസം 29നും മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച കത്തില്‍ ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് പിന്‍മാറുന്നത് എന്നവര്‍ വ്യക്തമാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച സഹകരണത്തെക്കുറിച്ച് കത്തില്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുവെന്നും പറഞ്ഞ് കത്ത് സഹിതമാണ് വിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി സ്ഥാപനമാണ് ഇന്‍ഫോസിസ്. ഇപ്പോള്‍ തന്നെ 11000 പേര്‍ക്ക് ജോലി നല്‍കുന്ന ഒരു ക്യാമ്പസ് ഇന്‍ഫോസിസിന് തിരുവനന്തപുരത്തുണ്ട്. താന്‍ മുഖ്യമന്ത്രിയായിരിക്കെ ഇവരുടെ ബാംഗഌര്‍ ഓഫീസ് സന്ദര്‍ശിക്കുകയും ഈ ക്യാമ്പസിന് വേണ്ട എല്ലാ സഹായങ്ങളും ഇടത് സര്‍ക്കാര്‍ കൊടുക്കുകയും ചെയ്തതാണെന്ന് വിഎസ് വ്യക്തമാക്കുന്നു.

ഇടതു സര്‍ക്കാരിന്റെ കാലത്ത് ഒറാക്കിള്‍ ഉള്‍പ്പടെ അനേകം പ്രമുഖ സ്ഥാപനങ്ങള്‍ കേരളത്തിലേക്ക് വന്നു എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് ഇന്‍ഫോസിസ് പിന്മാറിയത് പോലെ ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച കാപ്‌ജെമിനി, അസഞ്ചെര്‍ എന്നിവയും പിന്മാറി. എന്നിട്ടും ഐ ടി വികസനത്തെ പറ്റി സംസാരിക്കാനുള്ള തൊലിക്കട്ടി മുഖ്യമന്ത്രിയ്ക്ക് ഉണ്ടാകുന്നു എന്നതാണ് അതിശയമെന്നും പോസ്റ്റില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനം, ഐടി വ്യവസായത്തോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമീപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും അത് ചൂണ്ടിക്കാട്ടി 10000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയില്‍ നിന്ന് പിന്മാറുകയും ചെയ്തിരിക്കുന്നു. തെളിവ് പുറത്തു വന്ന സ്ഥിതിക്കെങ്കിലും പൊതു ജനങ്ങള്‍ക്ക് മറുപടി നല്‍കണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നത്.

 

Latest