Connect with us

National

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ഇടനിലക്കാരന് രാഹുലിന്റെ ഉപദേഷ്ടാവുമായി ബന്ധമെന്ന് ബിജെപി

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിലേക്കും. ഇടപാടിന്റെ മധ്യസ്ഥനായിരുന്ന ഗ്യൂഡോ ഹാഷ്‌കെയുമായി രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവ് കനിഷ്‌ക സിംഗിന് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. ബിജെപി നേതാവ് കീര്‍ത്തി സോമയ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുന്ന കോണ്‍ഗ്രസിന് കൂടുതല്‍ തിരിച്ചടിയായിരിക്കുകയാണ് പുതിയ ആരോപണം.

2009 കാലത്ത് കനിഷ്‌ക സിംഗിന്റെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ എമാര്‍ എംജിഎഫില്‍ ഹാഷ്‌കെ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നെന്ന് കീര്‍ത്തി ആരോപിക്കുന്നു. 2010 ലാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കരാര്‍ നടപ്പിലാകുന്നത്. കനിഷ്‌ക സിംഗും ഹാഷ്‌കെയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കീര്‍ത്തി സോമയ്യ സിബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കത്തെഴുതിയിട്ടുണ്ട്.

കനിഷ്‌ക സിംഗുമായുള്ള ബന്ധവും ഹാഷ്‌കെ എമാര്‍ കമ്പനിയില്‍ ഡയറക്ടറായിരുന്നു എന്നതും രാഹുല്‍ ഗാന്ധിക്ക് നിഷേധിക്കാന്‍ സാധിക്കുമോ എന്ന് കീര്‍ത്തി സോമയ്യ ചോദിച്ചു. ഇടപാടില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സോണിയാ ഗാന്ധിയേയും ഹാഷ്‌കയെയും ഒരുമിച്ച് പരാമര്‍ശിച്ചത് സ്വാഭാവികം മാത്രമാണോ എന്നറിയാന്‍ തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോപണങ്ങള്‍ കനിഷ്‌ക സിംഗ് നിഷേധിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഹാഷ്‌കെ എമാര്‍ ഗ്രൂപ്പിന്റെ കമ്പനി ബോര്‍ഡില്‍ രണ്ട് മാസം അംഗമായിരുന്നെന്നും എന്നാല്‍ അദ്ദേഹം ബോര്‍ഡ് മീറ്റിംഗുകളില്‍ പങ്കെടുത്തിട്ടില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. ഹാഷ്‌കെ കമ്പനി സന്ദര്‍ശിക്കുകയോ കമ്പനി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.