Connect with us

Editorial

മത്സ്യസമ്പത്ത് സംരക്ഷിക്കണം

Published

|

Last Updated

കേരള തീരത്തെ സമുദ്രത്തില്‍ നിന്നുള്ള മത്സ്യലഭ്യതയില്‍ വന്‍ കുറവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കേരള തീരത്ത് നിന്ന് 2014ല്‍ 5.76 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചിരുന്ന സ്ഥാനത്ത് 2015ല്‍ 4.82 ലക്ഷം ടണ്‍ ആണ് ലഭിച്ചതെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ (സി എം എഫ് ആര്‍ ഐ) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 16 ശതമാനത്തിന്റെ കുറവ്. കേരള ജൈവവൈവിധ്യ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ടും ഇതിന് അടിവരയിടുന്നു. 2013ലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, ഇന്ത്യന്‍ സമുദ്രതീരത്തു നിന്നു ലഭിച്ച മൊത്ത മത്സ്യസമ്പത്തില്‍ ഇതേ വര്‍ഷം 5.3 ശതമാനം കുറവാണുണ്ടായത്. സാധാരണക്കാരുടെ ഇഷ്ടവിഭവമായ മത്തിയുടെ ലഭ്യതയിലാണ് കേരള തീരത്ത് കൂടുതല്‍ കുറവ്. 2015ല്‍ മത്തിയുടെ ലഭ്യതയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 51 ശതമാനം ഇടിവുണ്ടായി. ആന്ധ്രാപ്രദേശ്, ബംഗാള്‍, ഒറീസ, തമിഴ്‌നാട് സ്ഥലങ്ങളില്‍നിന്നു ഇറക്കുമതിചെയ്യുന്ന മത്സ്യങ്ങളാണിപ്പോള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ ഏറെയും. രാജ്യത്ത് ഗുജറാത്തിനും തമിഴ്‌നാടിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് മത്സ്യ സമ്പത്തില്‍ കേരളം. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ സ്ഥാനം ഇനിയും പിറകിലേക്ക് പോകുമെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു.
ആഴക്കടലില്‍ വിദേശ കപ്പലുകളുടെ വര്‍ധിത തോതിലുള്ള മത്സ്യ ബന്ധനം, കാലാവസ്ഥാ വ്യതിയാനം മൂലം ജലതാപനിലയിലുണ്ടായ ഉയര്‍ച്ച, കടലിന്റെ ആവാസ വ്യവസ്ഥിതിയിലുണ്ടായ മാറ്റം തുടങ്ങിയവാണ് വിദഗ്ധര്‍ ഇതിന് പറയുന്ന കാരണം. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ സംഘടിപ്പിച്ച സമുദ്ര ശാസ്ത്രജ്ഞരുടെ സമ്മേളനം അനിയന്ത്രിതമായ മത്സ്യബന്ധനം മത്സ്യസമ്പത്തിന്റെ ഇടിവിന് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്തിയും അയലയും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമുള്ള മീനുകളായതിനാല്‍ കടലിലെ മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കുമെന്നാണ് ജൈവവൈവിധ്യ ബോര്‍ഡിലെ വിദഗ്ധര്‍ പറയുന്നത്. മത്തി ലഭ്യതയിലെ വന്‍ഇടിവ് ഇതുകൊണ്ടായിരിക്കണം. കടലിന്റെ അടിത്തട്ടില്‍ ഡെബിള്‍ നെറ്റ് വലകള്‍ ഉപയോഗിച്ചു നടത്തുന്ന മത്സ്യബന്ധനവും മീനുകളുടെ നാശത്തിനിടയാക്കുന്നുണ്ട്. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ കുഞ്ഞുങ്ങള്‍ ഇതില്‍ ധാരാളമായി അകപ്പെടുന്നു. മത്സ്യസമ്പത്ത് പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡെബിള്‍ നെറ്റ് വലകള്‍ സര്‍ക്കാര്‍ നിരോധിക്കുകയും വലയില്‍ കുടുങ്ങുന്ന ചെറുമീനുകളെ തിരികെ കടലില്‍ നിക്ഷേപിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഇത്തരം മത്സ്യക്കുഞ്ഞുങ്ങളെ കോഴിത്തീറ്റക്കും വളം നിര്‍മാണത്തിനുമായി ഉപയോഗപ്പെടുത്തുകയാണ്. ഈ ആവശ്യാര്‍ഥം 2.50 ലക്ഷം ടണ്‍ മത്സ്യം കേരളത്തില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. സ്വകാര്യ ബോട്ടുകള്‍ മത്തി, അയല, ചാള, വറ്റ തുടങ്ങിയവ അടക്കം ചെറുമീനുകളെ ഇതിനായി ഊറ്റിയെടുക്കുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മത്സ്യസമ്പത്തിന് മറ്റൊരു ഭീഷണി. ദീര്‍ഘകാലം കടലില്‍ കിടക്കുന്ന പ്ലാസ്റ്റിക്കുകള്‍ വെയിലേറ്റ് ഉരുകി ചെറുതുണ്ടുകളായിത്തീരുകയും ഇത് മത്സ്യങ്ങള്‍ ഭക്ഷണമാക്കുകയും ചെയ്യും. മീനിന്റെ വളര്‍ച്ചയെയും പ്രജനനത്തെയും ഇത് പ്രതികൂലമായി ബാധിക്കും. നമ്മള്‍ വില കൊടുത്ത് വാങ്ങുന്ന മീനുകള്‍ ഈ പ്ലാസ്റ്റിക്ക് വാഹികളാണ്. ഇത് മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റരിയോളജി നടത്തിയ പഠനമനുസരിച്ച് സമുദ്ര ജീവജാലങ്ങളുടെ ഭക്ഷണമായ പൈത്തോപ്ലാങ്ക്ടണ്‍ അതിവേഗം നശിക്കുന്നതും മത്സ്യസമ്പത്തിന്റെ കുറവിന് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കടലിലെ ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതാണത്രെ പൈത്തോപ്ലാങ്ക്ടണിന്റെ നാശത്തിന് കാരണം.
ഉപജീവനത്തിനായി മീന്‍പിടുത്തത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ജീവിതത്തെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട് മത്സ്യലഭ്യതക്കുറവ്. നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഇപ്പോള്‍ വറുതിയിലാണ്. മത്സ്യ മേഖലയെ വിട്ടു ഇവര്‍ നിര്‍മാണ മേഖലകളിലേക്കും മറ്റും ചേക്കേറുന്നുമുണ്ട്. ഇത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്കും നമ്മുടെ ഭക്ഷ്യസുരക്ഷക്കും ദോഷം ചെയ്യും. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ മത്സ്യത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. കേരളത്തിന്റെ പ്രതിശീര്‍ഷ മത്സ്യ ഉപഭോഗം ഒരു വര്‍ഷത്തില്‍ ശരാശരി 28 കി. ഗ്രാം വരും. ഇത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയോളമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ കടല്‍ മത്സ്യത്തിന്റെയും ഉള്‍നാടന്‍ മത്സ്യത്തിന്റെയും സംരക്ഷണത്തിന് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിന് സഹായകമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. കടല്‍ മലിനീകരണത്തിനെതിരെ ശക്തമായ ബോധവത്കരണം, കടലിന്റെ അടിത്തട്ടിലെ മത്സ്യങ്ങളെ ഊറ്റിയെടുക്കുന്ന വന്‍കിട യന്ത്രവത്കൃത ബോട്ടുകളെ നിയന്ത്രിക്കുക, ഇതിനായി ജലവാഹന നിരീക്ഷണ സംവിധാനം നടപ്പാക്കുക, മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയാന്‍ ശക്തമായ നിയമനിര്‍മാണം നടത്തുക തുടങ്ങിയ നടപടികള്‍ ഇക്കാര്യത്തില്‍ അനിവാര്യമാണ്.

Latest