Connect with us

Kerala

കൊടുംക്രൂരതക്കിരയാകുന്ന ദളിതരില്‍ ജിഷയും; രാജ്യത്ത് ദളിതര്‍ക്കെതിരെയുള്ള ക്രൂരതകള്‍ വര്‍ധിക്കുന്നു

Published

|

Last Updated

കൊച്ചി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അരങ്ങ് വാഴുന്ന ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൊടുംക്രൂരതകളും കേരളത്തിലെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലേക്ക് പടികടന്നെത്തുന്നതിന്റെ ദു:സൂചനകളാണ് പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയായ ദളിത് യുവതി ജിഷയുടെ മരണം വിരല്‍ ചൂണ്ടുന്നത്. ദളിതയും ദരിദ്ര കുടുംബത്തിലും ജനിച്ചത് കൊണ്ട് മാത്രം ജീവിച്ചിരിക്കുമ്പോള്‍ പോലും ജിഷക്ക് നീതി ലഭിച്ചില്ലെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വെളിപ്പെടുത്തലുകള്‍.
ദളിതയായ പെണ്‍കുട്ടി നിയമ പഠനം നടത്തുന്നതും വളര്‍ന്ന് വരുന്നതും ശത്രുതയോടെ നോക്കിക്കണ്ടവര്‍ നേരത്തെ തന്നെ ജിഷക്കെതിരെ തിരിഞ്ഞിരുന്നെങ്കിലും പൊലീസ് പോലും പരാതികള്‍ അവഗണിക്കുകയായിരുന്നു. ജീവന് ഭീഷണിയുണ്ടായിരുന്നെന്ന് കാണിച്ച് നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ജിഷയുടെ മാതാവ് രാജേശ്വരി പറയുന്നു.രാജ്യത്ത് ക്രമാതീതമായി വളര്‍ന്ന് വരുന്ന ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഓരോ വര്‍ഷവും പുറത്ത് വിടുന്നത്.
2014 ല്‍ മാത്രം 58515 കേസുകളാണ് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ 68.6 ശതമാനവും പട്ടികജാതിക്കാര്‍ക്കെതിരെ 19 ശതമാനവും അതിക്രമങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം വര്‍ധിച്ചു . 2013ല്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരെ 6793 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014ല്‍ ഇത് 11451 ആയി ഉയര്‍ന്നു.
പട്ടിക ജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 2013ല്‍ 39408 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം 47064 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബീഫ് കഴിച്ചെന്നാരോപിച്ചും കടത്തിയെന്നും മറ്റുമായി ന്യൂനപക്ഷങ്ങളെയും, അമ്പലത്തില്‍ പ്രവേശിച്ചെന്നും മറ്റും ആരോപിച്ച് ദളിതരെ ചുട്ട് കൊല്ലുകയും ചെയ്യുന്ന സംഭവങ്ങള്‍ സമീപകാലത്ത് ദിനം പ്രതിയെന്നോണം റിപ്പോര്‍ട്ട് ചെയ്യെപ്പെട്ട് കൊണ്ടിരിക്കുകയാണ്. ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ 24.5 ശതമാനം ഉയര്‍ന്നെന്ന് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നു. .കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് രാജസ്ഥാനാണ് പട്ടിക വര്‍ഗ അതിക്രമത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്.മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് 34.5 ശതമാനം മുന്നില്‍ നില്‍ക്കുന്ന ഇവിടെ 3952 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത് . 2279 കേസുകളുമായി മധ്യപ്രദേശാണ് രണ്ടാം സ്ഥാനത്ത്. പട്ടികജാതി വിഭാഗങ്ങളില്‍ മുന്നില്‍ ഉത്തര്‍ പ്രദേശാണ്.8075 കേസുകള്‍.8028 കേസുമായി രാജസ്ഥാന്‍ ഇവിടെ രണ്ടാം സ്ഥാനത്തുമുണ്ട്.

---- facebook comment plugin here -----

Latest