Connect with us

Kerala

ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി, പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: മുഖ്യമന്ത്രി

Published

|

Last Updated

പെരുമ്പാവൂര്‍: ജിഷ കൊലപാതക കേസിലെ പ്രതിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റവാളിയെ പിടികൂടാനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഫലപ്രദമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു. ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ നാട്ടില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണിത്. സംഭവത്തിന് മറ്റൊരു മാനം കൊടുക്കരുത്. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് തന്നെ എല്ലാ തലങ്ങളിലും നിയമനടപടികള്‍ ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ തടയാന്‍ ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും ഏറെ സമയത്തിന് ശേഷമാണ് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ സാധിച്ചത്. മുഖ്യമന്ത്രി സംരക്ഷണം ഒരുക്കാന്‍ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയിരുന്നു. ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ബെന്നി ബെഹനാന്‍ എം.എല്‍.എയും പെരുമ്പാവൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പള്ളിയും ജിഷയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.

Latest