Connect with us

Gulf

റസ്റ്റോറന്റുകളില്‍നിന്ന് ഭക്ഷണം കഴിച്ച് സിറിയന്‍ കുരുന്നുകളുടെ വിശപ്പടക്കാം

Published

|

Last Updated

ദോഹ: നഗരത്തിലെ ചില റസ്റ്റോറന്റുകളില്‍നിന്നും ഭക്ഷണം കഴിച്ചാല്‍ സിറിയയിലെ വിശന്നു വലയുന്ന കുരുന്നുകള്‍ക്ക് ഒരു നേരത്തേ ഭക്ഷണമായി അതു മാറും. രാജ്യത്തെ ഒരു ഡസനിലേറെ റസ്റ്റോറന്റുകള്‍ വരുന്ന വെള്ളിയാഴ്ചയിലെ വരുമാനം സിറിയയിലെ ദുരിതബാധിതരെ സഹായിക്കാനായി മാറ്റിവെക്കും. യുദ്ധക്കെടുതിയില്‍ ദുരിതം പേറുന്ന അലെപ്പോ നിവാസികള്‍ക്കുവേണ്ടിയാണ് മാനുഷീകമായ ഇടപെടല്‍.
ഖത്വറിലെ നിരവധി സന്നദ്ധ സംഘങ്ങള്‍ ഇതിനകം അലെപ്പോയിലേക്ക് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെയാണ് ആസ്‌പെയര്‍ സോണ്‍, കതാറ ഹോസ്പിറ്റാലിറ്റി (എ കെ എച്ച്) എന്നിവ ഖത്വര്‍ ചാരിറ്റിയുമായി കൈകോര്‍ത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുദ്ധവും ബോംബുകളും തകര്‍ത്ത സിറിയന്‍ ജനതക്ക് സഹായമെത്തിക്കുന്നതില്‍ ഖത്വര്‍ എപ്പോഴും കൂടെയുണ്ടെന്നും ഈ നീക്കം മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമാകുമെന്നും ആസ്‌പെയര്‍ കതാറ ഹോസ്പിറ്റാലിറ്റി സി ഇ ഒ ഖുലൂദ് അല്‍ ഹായില്‍ അറിയിച്ചു.
കതാറ കള്‍ച്ചറല്‍ വില്ലജിലെയും ആസ്‌പെയര്‍ പാര്‍ക്കിലെയും റസ്റ്റാറന്റുകളും ടീ ഷോപ്പുകളുമാണ് ഈ ദൗത്യത്തില്‍ പങ്കുചേരുന്നത്. ചപ്പാത്തി ആന്‍ഡ് കരക്, ലൗസാര്‍ സീ ഫുഡ് മാര്‍ക്കറ്റ്, ലേ വെസൂവിയോ, ഇറ്റാലിയന്‍ റസ്റ്റോറന്റ്, ചാക്ലേറ്റ്, ബുര്‍ഗേരി, സലാഡ് ബൊട്ടീഗ് തുടങ്ങി ഒരു ഡസനിലേറെ ഭക്ഷണ സ്റ്റാളുകളാണ് വെള്ളിയാഴ്ചത്തെ വരുമാനം മുഴുവന്‍ ഈ പദ്ധതിയിലേക്കു ദാനം ചെയ്യും.
അലെപ്പോയിലേക്ക് ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഖത്വര്‍ ചാരിറ്റി, ഖത്വര്‍ റെഡ് ക്രസന്റ് തുടങ്ങിയ സംഘങ്ങളെ വെബ്‌സൈറ്റ് വഴിയോ ഹോട്ട്‌ലൈന്‍ വഴിയോ ബന്ധപ്പെടാം. ഖത്വര്‍ ചാരിറ്റി അലെപ്പോ പുനരധിവാസത്തിനായി ഒരു കോടി ഖത്വര്‍ റിയാലാണ് കണക്കാക്കുന്നത്. വൈദ്യ, ഭക്ഷണ വിതരണത്തിനായി രണ്ടു ലക്ഷം ഡോളര്‍ ചവലവു വരുന്ന പദ്ധതിക്ക് ഖത്വര്‍ റെഡ്ക്രസന്റ് തുടക്കമിട്ടു.
അലെപ്പോയിലെ ഏറ്റവും പുതിയ ബോംബാക്രമണങ്ങളെ തുടര്‍ന്ന് അറബ് ലീഗിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ ഖത്വര്‍ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അറബ് ലീഗിന്റെ സുപ്രധാന യോഗം ഇന്നു നടക്കും.