Connect with us

Articles

കേരളം ഇന്ത്യയായി മാറുന്നു

Published

|

Last Updated

പെരുമ്പാവൂരില്‍, ദളിത് സമുദായാംഗവും അതീവം ദരിദ്രമായ സാമ്പത്തിക ചുറ്റുപാടില്‍ ജീവിക്കുന്നവളുമായ നിയമവിദ്യാര്‍ഥിനി ജിഷ അതിദാരുണമായ വിധത്തില്‍ കൊലപാതകം ചെയ്യപ്പെട്ട സംഭവമാണ് കേരളത്തെ ഇളക്കിമറിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാത്രിയില്‍ ബസില്‍ കയറിയ ഒരു വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെ തുടര്‍ന്ന് ഇന്ത്യയൊട്ടാകെ അലയടിച്ച രോഷം എന്തുകൊണ്ട് ഈ സംഭവത്തിന്റെ പേരില്‍ കേരളത്തിലെങ്കിലും ഉണ്ടായില്ല എന്ന ന്യായമായ ചോദ്യം സാമൂഹിക മാധ്യമങ്ങളിലൂടെ ഉയര്‍ന്നു വന്നപ്പോഴാണ്; അച്ചടി/ഇലക്‌ട്രോണിക് മാധ്യമങ്ങളും ഭരണക്കാരും പ്രതിപക്ഷവും മറ്റു രാഷ്ട്രീയക്കാരും എല്ലാം സട കുടഞ്ഞെഴുന്നേറ്റത്. ഇതിനകം, കേസ് തേച്ചുമാച്ചുകളയാന്‍ വിധത്തില്‍ വേണ്ട കാര്യങ്ങളെല്ലാം പോലീസ് ഒപ്പിച്ചു കഴിഞ്ഞിരുന്നു. അതിന്റെ ക്ലിനിക്കല്‍ വിവരണങ്ങള്‍ എല്ലാ മാധ്യമങ്ങളിലും ഉള്ളതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല. പ്രതിയെയോ പ്രതികളെയോ പിടികൂടാന്‍ സാധിക്കുമോ, പിടികൂടപ്പെടുന്ന പ്രതിയും പ്രതികളും തന്നെയായിരിക്കുമോ യഥാര്‍ഥ പ്രതി/കള്‍, അവരെ വധശിക്ഷക്ക് വിധേയരാക്കേണ്ടതല്ലേ, അവര്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തുന്ന വക്കീല്‍ ആരായിരിക്കും, അവരുടെ കാമഭ്രാന്ത് നിയന്ത്രിക്കാനായി ലിംഗം ഛേദിച്ചു കളയേണ്ടതല്ലേ, എന്ന തരത്തിലുള്ള സ്ഥിരം ചര്‍ച്ചകളൊക്കെ പുരോഗമിക്കുന്നുണ്ട്. ആകെയൊരു വ്യത്യാസമുള്ളത് എല്ലാത്തിനും ഓരോരോ ഹാഷ് ടാഗുകള്‍ കൂടി ഘടിപ്പിച്ചിട്ടുണ്ടെന്നതു മാത്രമാണ്. അത്തരം ചര്‍ച്ചകളെല്ലാം നിരര്‍ഥകമാണെന്നോ അല്ലെന്നോ വിലയിരുത്താനല്ല ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ ഫാസിസത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ ജാതിവെറിയും നവ മുതലാളിത്ത ജീവിതത്തില്‍ നിരന്തരം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കീഴാള വര്‍ഗത്തോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവവും ഈ സംഭവത്തെ എപ്രകാരമാണ് നിര്‍ണയിക്കുകയും നിശ്ചയിക്കുകയും അനിശ്ചിതമാക്കുകയും ചെയ്യുന്നതെന്ന് അവലോകനം ചെയ്യാനാണ് ശ്രമിക്കുന്നത്. സംവരണാനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയും അല്ലാതെയും ദളിത് സമുദായത്തില്‍ പെട്ടവരും അവിശ്വസനീയമാം വിധം തീരെ കുറഞ്ഞ വരുമാനമുള്ളവരുമായ കുട്ടികള്‍ – അവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ട് – പൊതു വിദ്യാഭ്യാസ മേഖലയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ നാം എങ്ങനെയാണ് അഭിമുഖീകരിക്കുന്നത് എന്നതാണ് അടിസ്ഥാന പ്രശ്‌നം. അവര്‍ നേരിടുന്ന വംശീയമായ അക്രമങ്ങളും ഒറ്റപ്പെടുത്തപ്പെടലുകളും മാനസിക സമ്മര്‍ദങ്ങളും ശാരീരിക മര്‍ദനങ്ങളും ബലാത്സംഗങ്ങളും കൊലപാതകങ്ങളും ഏതു വിധത്തിലുള്ള പരിഹാരപ്രക്രിയയിലേക്കാണ് ആലോചനകളെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോഴാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വ്യവസ്ഥാപിതത്വത്തിന്റെ കടുത്ത പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലെയുടേതിന് സമാനമായ അവസ്ഥ തന്നെയാണ് ജിഷയും നേരിട്ടതെന്ന് ബോധ്യപ്പെടുക.
കഴിഞ്ഞ ആഴ്ച ഞാനും സഖാക്കളും ഹൈദരാബാദില്‍ പോയിരുന്നു. സര്‍വകലാശാലയിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞിരുന്നുവെങ്കിലും യൂനിയന്‍ ചെയര്‍മാനും കോഴിക്കോട്ടുകാരനുമായ സുഹൈല്‍ കെ ടിയുടെ സഹായത്തോടെ ക്യാമ്പസിനകത്തേക്ക് പ്രവേശിക്കുകയും അവിടെ ചുറ്റിനടന്ന് കാണുകയും കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. രോഹിത് വെമുലെയുടെ ആത്മഹത്യയെ തുടര്‍ന്ന് ക്യാമ്പസിലെ അങ്ങാടിയായ ഷോപ് കോമിന്റെ മുറ്റത്ത് പന്തല്‍ കെട്ടി സമരം നടത്തിയിരുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയായിരുന്നതിനാല്‍ അവിടെയുണ്ടായിരുന്നില്ല. ആരുടെയും വ്യക്തിപരമായ ഭാവി അനിശ്ചിതത്വത്തിലാക്കേണ്ടതില്ലെന്ന തീരുമാനം തന്ത്രപരമാണ്. എന്നാല്‍ ദളിത് പീഡനത്തിനുത്തരവാദിയും കൊലക്കു കാരണമായ മര്‍ദനനടപടികളെടുത്ത ആളുമായ വൈസ് ചാന്‍സലര്‍ അപ്പാ റാവ് വിസി ലോഡ്ജില്‍ വീട്ടുതടവിലെന്നോണം പുറത്തിറങ്ങാന്‍ കഴിയാതെ ഒളിച്ചിരിപ്പാണ്. കീഴുദ്യോഗസ്ഥന്മാരെയും വകുപ്പു മേധാവികളെയും അവിടേക്ക് വിളിച്ചു വരുത്തി, ഔദ്യോഗിക യോഗങ്ങള്‍ സംഘടിപ്പിക്കുകയും നിര്‍ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു കൊണ്ടാണ് ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതായത്, വിദ്യാര്‍ഥികളുടെ കരുത്തും ശക്തിയും സംഘബലവും ചോര്‍ന്നിട്ടില്ല, എന്നാല്‍ സ്വന്തം ഭാവി പന്താടിക്കൊണ്ട് അരാജക നടപടികളിലേക്ക് അവര്‍ എടുത്തു ചാടിയിട്ടുമില്ല. ജാതിവെറിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാസിസത്തെ, തന്ത്രപരമായിട്ടല്ലാതെ സാഹസികമായ എടുത്തു ചാട്ടങ്ങളിലൂടെ പ്രതിരോധിക്കാനാകില്ല എന്ന കൃത്യമായ തിരിച്ചറിവ് വിദ്യാര്‍ഥികള്‍ സ്വായത്തമാക്കിയിരിക്കുന്നു എന്നു ചുരുക്കം.
പ്രശ്‌നങ്ങളും അവയുടെ അകം പൊരുളുകളും അത്ര ലളിതമാണെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. രോഹിത് വെമുലെയുടെ ആത്മഹത്യക്കു കാരണക്കാര്‍ എന്നാരോപിക്കപ്പെട്ടിരിക്കുന്ന വിസിക്കും കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള മറ്റുള്ളവര്‍ക്കും എതിരായ കേസ് എന്തായി എന്ന് സുഹൈലിനോട് ആരാഞ്ഞു. വളരെ വിചിത്രമായ രീതിയിലാണ് കാര്യങ്ങളുടെ പോക്ക് എന്നപ്പോഴാണ് ബോധ്യമായത്. രോഹിത് ദളിത് സമുദായക്കാരനല്ല എന്ന് വാദിക്കുന്ന സര്‍ക്കാര്‍/ഭരണകക്ഷി/അധികാരി വാദത്തിനെതിരായ തെളിവുകള്‍ ഹാജരാക്കാനും വാദിച്ച് ഫലിപ്പിക്കാനും സാധിക്കാത്ത രീതിയിലാണ് നീതിക്കു വേണ്ടിയുള്ള പോരാട്ടം ചെന്നുവഴിമുട്ടി നില്‍ക്കുന്നത്. രോഹിതും അമ്മയും അടക്കമുള്ള ചെറു കുടുംബം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തങ്ങളുടെ നാട്ടില്‍ നിന്നും പോന്ന് ഹൈദരാബാദിലാണ് താമസം. അവര്‍ക്കൊരു കാലത്തും സ്ഥിരം വീടോ മറ്റു സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. രോഹിത്തിന്റെ അച്ഛനെ സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. അവരെ ദത്തെടുത്തതു പോലെ സംരക്ഷിച്ചിരുന്ന ഒരു കുടുംബം ഒ ബി സി വിഭാഗത്തില്‍ പെട്ടവരാണ്. അവരാണ് രോഹിതിന്റെ പ്രാഥമിക വിദ്യാഭ്യാസവും മറ്റും പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. രോഹിത് ദളിത് സമുദായത്തില്‍ പെട്ട ആളാണെന്ന് സാക്ഷ്യപത്രം നല്‍കാന്‍ ഈ സാഹചര്യത്തില്‍ വില്ലേജ് ഓഫീസറും തഹസില്‍ദാറും എല്ലാം വിസമ്മതിച്ചേക്കും എന്നര്‍ഥം. അതായത്, സാമുദായികവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ സ്വസ്ഥമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് പറിച്ചെറിയപ്പെട്ടതിനാല്‍ പലയിടത്തായി അലയാന്‍ വിധിക്കപ്പെട്ടവരാണ് ഇതുപോലുള്ള ദളിത് ജന്മങ്ങള്‍. ആ അലച്ചിലിന് കാരണക്കാരായ വരേണ്യ/മുതലാളിത്ത/സവര്‍ണ/ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ അധികാരികളും നീതിപീഠവും തന്നെ സാക്ഷ്യപത്രങ്ങളപര്യാപ്തം എന്ന കാരണം പറഞ്ഞ് അവരുടെ നീതി നിഷേധിക്കുകയും ചെയ്യുന്നു. എന്തൊരു സങ്കീര്‍ണമായ വിഷമവൃത്തത്തിലാണ് ഇന്ത്യയിലെ ദളിത് സമുദായാംഗങ്ങള്‍ ചെന്നു പെട്ടിരിക്കുന്നത് എന്നു നോക്കുക. അവര്‍ക്കനുകൂലമായ നിയമസംഹിതകളും ഭരണഘടനാ വകുപ്പുകളും നിസ്സങ്കോചം കാറ്റില്‍ പറത്താന്‍ ഫാസിസ്റ്റുകള്‍ക്ക് ഇതിനാല്‍ എളുപ്പത്തില്‍ സാധിക്കുന്നു.
ഇതേ അവസ്ഥ തന്നെയാണ് ജിഷയും അമ്മ രാജേശ്വരിയും നേരിട്ടതും നേരിടുന്നതും. ജിഷ എസ് എസ് എല്‍ സിയോ ഹയര്‍ സെക്കന്‍ഡറിയോ പാസായപ്പോള്‍ പേരില്‍ നേരിയ വ്യത്യാസമുണ്ടെന്നതിന്റെ പേരില്‍ അത് തിരുത്താന്‍ ഓഫീസുകള്‍ കയറിയിറങ്ങി കാല്‍ കഴക്കുകയായിരുന്നു. പിന്നീട് അവര്‍ താമസിക്കുന്ന കക്കൂസ് പോലുമില്ലാത്ത (സ്വഛഭാരത്) ഒറ്റമുറി വീടും രണ്ട് സെന്റ് സ്ഥലവും പിടിച്ചടക്കാനുള്ള ഭൂമാഫിയയുടെ ഭീഷണികളും അവര്‍ക്കു നേര്‍ക്കുണ്ടായിരുന്നു. അതും കൂടാതെയാണ് അമ്മയെ ബൈക്കിടിച്ചതുമായി ബന്ധപ്പെട്ട പരാതി. ഇതിലൊന്നും ഫലപ്രദമായ നടപടിയെടുക്കാതെ പോലീസ് അലംഭാവം കാണിക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ്, ജിഷ അതി നിഷ്ഠൂരമായ വിധത്തില്‍ ശാരീരികാക്രമണത്തിന് വിധേയയായി കൊല്ലപ്പെട്ടപ്പോള്‍ മൃതദേഹം ധൃതിയില്‍ ദഹിപ്പിച്ച പോലീസ് നടപടിയും. ദളിത് സമുദായാംഗവും ദരിദ്രയുമായതു കൊണ്ട് അവരോട് എത്ര മേല്‍ അവഗണനയും അവമതിപ്പും കാട്ടിയാലും തങ്ങള്‍ക്കൊരു ചുക്കും വരാന്‍ പോകുന്നില്ല എന്ന ഉറച്ച ധാരണയുമായാണ് പോലീസ് മുന്നോട്ടു പോയതെന്നു ചുരുക്കം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പ്രവാസിത്തൊഴിലാളികള്‍ പെരുമ്പാവൂരിലും ചുറ്റുമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇവരില്‍ പെട്ട ആരോ ആണ് കുറ്റം ചെയ്തിട്ടുണ്ടാകുക എന്ന ഊഹം, കൃത്യമായ സൂചനകളോ തെളിവുകളോ ഇല്ലാതെ തന്നെ പോലീസ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ടിരുന്നു. തുമ്പൊന്നും കിട്ടിയില്ലെങ്കിലും ഇവരിലൊരാളെയോ രണ്ടാളെയോ പിടി കൂടി ഇവരാണ് കുറ്റവാളികള്‍ എന്ന് പ്രഖ്യാപിച്ച് തടിയൂരാന്‍ പൊലീസ് മിനക്കെട്ടു കൂടായ്കയില്ല. തിരഞ്ഞെടുപ്പാണല്ലോ കാലം.
ജാതി വെറിയും ദരിദ്രരോടുള്ള അവഗണനയും പുച്ഛവും നീതിനിഷേധവും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമെന്നതു പോലെ കേരളത്തിലും പ്രബലമാണെന്നു തന്നെയാണിത് കാണിക്കുന്നത്. രോഹിത് വെമുലെയെയും ജിഷയെയും പോലുള്ള ദരിദ്രരായ ദളിത് സമുദായാംഗങ്ങള്‍ പഠിച്ച് മുന്നേറുന്നത്; സമരരഹിതവും ജനാധിപത്യേതരവുമായ സ്വാശ്രയ വിദ്യാഭ്യാസത്തിലൂടെ പുതിയ ഇന്ത്യ ഉണ്ടാക്കി തീര്‍ക്കാം എന്ന് വിഭാവനം ചെയ്യുന്നവര്‍ക്ക് ചില്ലറ തടസ്സങ്ങളല്ല സൃഷ്ടിക്കുന്നത്. തങ്ങള്‍ക്കവകാശപ്പെട്ട സിവില്‍ സര്‍വീസ് ലാവണങ്ങളും വക്കീല്‍ ജഡ്ജി കസേരകളും മറ്റും മറ്റും ദളിതുകളും ദരിദ്രരും കൈയടക്കുന്നത് എങ്ങനെയാണ് വരേണ്യ-സവര്‍ണ-മുതലാളിത്ത കുട്ടപ്പന്മാര്‍ക്ക് സഹിക്കുക? ആ അസഹ്യതയും അസഹിഷ്ണുതയുമാണ് പൊതുബോധമായി പടര്‍ന്ന് ഇന്ത്യന്‍ കീഴാള-ദളിത് ജീവിതങ്ങള്‍ തുടര്‍ന്നും താറുമാറാക്കുന്നത്. അക്കൂട്ടത്തില്‍ പുരോഗമന-നവോത്ഥാന-പ്രബുദ്ധ കേരളവും പുറകോട്ടല്ല എന്നു തെളിയിക്കുന്ന വാര്‍ത്തകളാണ് പെരുമ്പാവൂരു നിന്നും പുറത്തു വന്നിരിക്കുന്നത്.

 

Latest