Connect with us

National

സ്വകാര്യ മാനേജ്‌മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വകാര്യ മാനേജ്‌മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ അനുവദിക്കില്ലെന്നു സുപ്രീംകോടതി. മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) ഈ വര്‍ഷംതന്നെ നടപ്പാക്കാനുള്ള ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദേശം. സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശന പരീക്ഷ നടന്നുകഴിഞ്ഞ സാഹചര്യത്തില്‍ നീറ്റ് നടപ്പാക്കുന്നത് ഒരു വര്‍ഷം നീട്ടിവയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ വെള്ളിയാഴ്ചയും വാദം തുടരും.

ഹര്‍ജി പരിഗണിച്ച കോടതി സ്വകാര്യ മാനേജ്‌മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ന്യൂനപക്ഷ ഭൂരിപക്ഷ പരിഗണന ഉണ്ടാകില്ലെന്നും നിലപാടെടുത്തു. സ്വന്തമായി പ്രവേശനനിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവാകാമോയെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു.

നീറ്റ് ഉത്തരവ് ഭേദഗതി ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.

Latest