Connect with us

Kerala

ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ഗുരുതര വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ആലപ്പുഴ: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ഗുരുതര വീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിന് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയലേഖ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ ഡോ. എം റംലക്ക് നല്‍കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിഎംഇ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന് കൈമാറി.

വിശദ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. എന്‍ ശശികല, ജോയന്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയരക്ടര്‍ ഡോ. ശ്രീകുമാരി എന്നിവര്‍ വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തും.

ഗൗരവസ്വഭാവമുള്ള കേസ് ആയിരുന്നിട്ടും വളരെ ലാഘവത്തോടെയാണ് സംഭവം കൈകാര്യം ചെയ്തതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോറന്‍സിക് അസോ. പ്രൊഫസര്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തില്ല. പിജി വിദ്യാര്‍ഥിയാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. സംഭവസ്ഥലം സന്ദര്‍ശിച്ചതും മൃതദേഹം ഏറ്റുവാങ്ങിയതും പിജി വിദ്യാര്‍ഥിയായിരുന്നു. ഏപ്രില്‍ 29ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് പോലീസിന് കൈമാറിയത് മെയ് നാലിനാണ്. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ക്ലാസെടുക്കാന്‍ ഉണ്ടായിരുന്നതിനാലാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാതിരുന്നതെന്നാണ് അസോ. പ്രൊഫസറുടെ വിശദീകരണം.

Latest