Connect with us

Sports

മിലാനിലേക്ക് മാഡ്രിഡ്‌

Published

|

Last Updated

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വീണ്ടും മാഡ്രിഡ് ഡെര്‍ബി. 2014 ലിസ്ബണ്‍ ഫൈനലില്‍ കൊമ്പുകോര്‍ത്ത റയല്‍മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും ഈ മാസം 28ന് മിലാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കൊമ്പുകോര്‍ക്കും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കന്നി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്ന സ്വപ്‌നം ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് റയലിന്റെ മുന്നേറ്റം. ആദ്യപാദം ഗോള്‍ രഹിതമായിരുന്നു. മാഡ്രിഡില്‍ നടന്ന രണ്ടാം പാദത്തില്‍ സെല്‍ഫ് ഗോളാണ് സിറ്റിയുടെ കഥ കഴിച്ചത്. റയല്‍ വിംഗര്‍ ഗാരെത് ബെയ്‌ലിന്റെ ക്രോസ് സിറ്റിയുടെ ഫെര്‍നാന്‍ഡോയുടെ കാലില്‍ തട്ടി വലയിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. ആദ്യപകുതിയില്‍, ഇരുപതാം മിനുട്ടിലാണ് സന്ദര്‍ശക നിരയെ ഞെട്ടിച്ച ഗോള്‍ പിറന്നത്. റയലിന്റെ താരനിരയെ കണ്ട് പേടിച്ചതുപോലെയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ കളി. എതിരാളികളുടെ മാനസികാധിപത്യം തകര്‍ക്കാന്‍ സിറ്റിയുടെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങളൊന്നുമുണ്ടായില്ല.
ഗാരെത് ബെയ്‌ലിനെ കൃത്യമായി മാര്‍ക്ക് ചെയ്യാതെ ക്രിസ്റ്റ്യാനോയെ വളയാനായിരുന്നു സിറ്റിയുടെ ശ്രമം. എന്നാല്‍ മധ്യനിരയില്‍ തകര്‍ത്തു കളിച്ച ടോണിക്രൂസ് ഇംഗ്ലീഷ് ക്ലബ്ബിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു. ലൂക മോഡ്രിചിലേക്കും ക്രിസ്റ്റ്യാനോയിലേക്കും ബെയ്‌ലിലേക്കും അനായാസം പന്തെത്തിച്ച ടോണി ക്രൂസ് മത്സരം റയലിന്റെ വരുതിയില്‍ തന്നെ നിര്‍ത്തി. ബെയ്‌ലിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതും ലൂക മോഡ്രിച്, ക്രിസ്റ്റ്യാനോ എന്നിവരുടെ ഷോട്ടുകള്‍ സിറ്റി ഗോളി ജോ ഹാര്‍ട് തട്ടിമാറ്റിയതുമൊക്കെ റയലിന്റെ ആധിപത്യം വരച്ചു കാട്ടുന്നു. ഫെര്‍നാണ്ടീഞ്ഞോ റയലിന്റെ ഗോള്‍മുഖം വിറപ്പിച്ചത് മാത്രമാണ് സിറ്റിക്ക് എടുത്തു പറയാനുള്ളത്.
രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിംഗിനെ കളത്തിലിറക്കിയപ്പോഴാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നീക്കങ്ങള്‍ക്ക് ചടുലത കൈവന്നത്. റയലിന്റെ ലുകാസ് വാസ്‌ക്വുസ് അപകടകരമായ ഫൗളില്‍ സ്റ്റെര്‍ലിംഗിനെ വീഴ്ത്തിയത് ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്നതായിരുന്നു. സ്ലോവേനിയന്‍ റഫറി ഡാമിര്‍ സ്‌കൊമിനയെ സിറ്റി കളിക്കാര്‍ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
ഗാരെത് ബെയ്ല്‍ റയലിന്റെ പ്രധാന താരമായി മാറുന്ന കാഴ്ചയാണ് സിറ്റിക്കെതിരെ കണ്ടത്. ക്രിസ്റ്റ്യാനോയിലാണ് ഏവരും ശ്രദ്ധയൂന്നിയത്. പക്ഷേ, ബെയ്‌ലായിരുന്നു മുന്നേറ്റത്തില്‍ അപകടകാരിയായത്.
മാഞ്ചസ്റ്റര്‍ സിറ്റിയെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരാക്കുന്ന പരിശീലകനാകാനുള്ള മാനുവല്‍ പെല്ലെഗ്രിനിയുടെ സ്വപ്‌നവും വ്യഥാവിലായി. സീസണോടെ ക്ലബ്ബ് വിടുന്ന പെല്ലെഗ്രിനി ബയേണിന്റെ സ്ഥാനമൊഴിയുന്ന കോച്ച് പെപ് ഗോര്‍ഡിയോളക്കാണ് വഴിമാറുന്നത്. ബയേണിന് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുക്കുകയെന്ന ഗോര്‍ഡിയോളയുടെ പരിശ്രമം ഇത്തവണയും ഫലം കണ്ടിരുന്നില്ല. സിറ്റിയെ പോലെ ബയേണും സെമിയില്‍ പുറത്തായി.
മാഡ്രിഡ്: മാഡ്രിഡിലെ പത്രങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ച റയല്‍മാഡ്രിഡിനെ പ്രശംസ കൊണ്ട് മൂടുന്നു. മാഡ്രിഡ്, ചാമ്പ്യന്‍സ് ലീഗിന്റെ തലസ്ഥാനം എന്നാണ് സ്‌പോര്‍ട്‌സ് പത്രമായ മാര്‍സ വിശേഷിപ്പിച്ചത്.
2014 ലിസ്ബണ്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് റയല്‍ പത്താം ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയത്. ഇത് ചൂണ്ടിക്കാട്ടി, ലിസ്ബണിന്റെ രണ്ടാം പാദം മിലാനില്‍ എന്ന് മാര്‍സ എഴുതുന്നു. സെര്‍ജിയോ റാമോസ് ലിസ്ബണില്‍ നേടിയ ഹെഡര്‍ ഗോള്‍ ഇനിയും മറന്നിട്ടില്ല, മിലാനില്‍ കിരീടം ഉയര്‍ത്താന്‍ റയലിന് ആ ഓര്‍മ മാത്രം മതിയെന്നാണ് മാര്‍സ പറയുന്നത്.
മറ്റൊരു സ്‌പോര്‍ട്‌സ് മാത്രം എ എസ് എഴുതിയത് നീണാള്‍ വാഴും മാഡ്രിഡ് എന്നാണ്. മിലാന്‍, മാഞ്ചസ്റ്റര്‍ നഗരങ്ങള്‍ക്കൊന്നുമില്ലാത്ത പ്രശസ്തിയാണ് ചാമ്പ്യന്‍സ് ലീഗിലെ ഫൈനല്‍ പ്രവേശത്തോടെ മാഡ്രിഡ് ക്ലബ്ബുകള്‍ മാഡ്രിഡിന് സമ്മാനിച്ചിരിക്കുന്നതെന്ന് എ എസ് എഡിറ്റര്‍ ആല്‍ഫ്രഡോ റെലാനോ പറഞ്ഞു.
ചുമതലയേറ്റ് നാല് മാസങ്ങള്‍ക്കുള്ളില്‍ റയല്‍മാഡ്രിഡിന് പുതിയ ദിശാബോധം നല്‍കിയ കോച്ച് സിനദിന്‍ സിദാനെയും എ എസ് എഡിറ്റര്‍ പ്രത്യേകം പ്രശംസിക്കുന്നു. മൂന്ന് വ്യത്യസ്ത റോളുകളില്‍ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്താനുള്ള അവസരമാണ് സിദാന് മുന്നിലുള്ളത്. 2002 ല്‍ സിദാന്റെ കണ്ണഞ്ചിപ്പിക്കുന്ന ഗോളില്‍ ബയെര്‍ ലെവര്‍കൂസനെ തോല്‍പ്പിച്ച് റയല്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായി. 2014 ല്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ അസിസ്റ്റന്റ് കോച്ച് എന്ന നിലയില്‍ റയലില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാവായി. ഇത്തവണ, കോച്ചെന്ന നിലയിലാണ് അതിനുള്ള അവസരം എന്ന് എ എസ് പത്രം എഴുതുന്നു. എല്‍ പെയ്‌സ് പത്രം സിദാന്റെ മാജിക് എന്നാണ് വിജയത്തെ വിശേഷിപ്പിച്ചത്.

---- facebook comment plugin here -----

Latest