Connect with us

International

തുര്‍ക്കി പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നു

Published

|

Last Updated

അങ്കാറ: തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലു പ്രധാനമന്ത്രിപദം ഒഴിയുന്നു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളാണ് പ്രധാനമന്ത്രി പദം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് സൂചന. പ്രധാനമന്ത്രിയായി ഇനി തുടരില്ലെന്നും ഭരണകക്ഷിയായ എ കെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ താനുണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എ കെ പാര്‍ട്ടിയുടെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി നേതൃത്വം, പ്രധാനമന്ത്രിപദം എന്നിവ സംബന്ധിച്ച് ഒരു തീരുമാനത്തിലെത്തിയിട്ടുണ്ട്. ഇത് സമാധാന പൂര്‍ണമായ വഴിയിലൂടെ ആയിരിക്കും. പാര്‍ട്ടിയുടെ സമഗ്രതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ തീരുമാനത്തിലെത്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പാര്‍ട്ടിയുടെ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് ചര്‍ച്ച, പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലുവിന്റെ ഭാവി നിര്‍ണയിക്കുന്നതായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഈ മാസം 22ന് നടക്കുന്ന കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വ്യക്തതകള്‍ ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമന്ത്രി രാജിവെക്കണമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവര്‍ക്കുമിടയില്‍ മാസങ്ങളായി ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആഭ്യന്തരവും വിദേശസംബന്ധവുമായ വിഷയങ്ങളിലാണ് ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതെന്ന് സൂചനയുണ്ട്. ഇരുവരും തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടത്ര വിജയം കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ എ കെ പാര്‍ട്ടി പ്രധാനമന്ത്രിക്ക് നേരെ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. പ്രധാനമന്ത്രി ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം തുറക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സംബന്ധിക്കാന്‍ പോയ സമയത്ത്, പാര്‍ട്ടി യോഗം കൂടി ഇദ്ദേഹത്തിനുള്ള ചില അധികാരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. പ്രാദേശിക, പ്രവിശ്യാ നേതാക്കളെ നിര്‍ണയിക്കാനുള്ള പ്രധാനമന്ത്രിയുടെ അധികാരമാണ് പാര്‍ട്ടി ഇല്ലാതാക്കിയിരുന്നത്. ഇതിന് ശേഷം, പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്ന് സൂചിപ്പിച്ച്, പ്രസിഡന്റ് ഉര്‍ദുഗാന്റെ അടുത്ത ചില ആളുകളുടെ ബ്ലോഗുകളില്‍ ലേഖനങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു.