Connect with us

Saudi Arabia

ഹറം പള്ളിയില്‍ ഫോട്ടോ എടുക്കുന്നത് നിഷിദ്ധം

Published

|

Last Updated

മക്ക: മറ്റുള്ളവരെ അറിയിക്കുവാനായി കഅബാ പ്രദക്ഷിണം നടത്തുമ്പോഴും സഫാ മര്‍വ്വക്കിടയില്‍ സഅയ് ചെയ്യുമ്പോഴും പള്ളിയില്‍ വിശ്രമിക്കുമ്പോഴും ഫോട്ടോ എടുക്കുന്നത് ഹറാമാണെന്നു മസ്ജിദുല്‍ ഹറാമില്‍ ചേര്‍ന്ന പണ്ഡിതചര്‍ച്ചയില്‍ പങ്കെടുത്ത പണ്ഡിതന്മാര്‍ ഓര്‍മ്മപ്പെടുത്തി. അത്തരം കാര്യങ്ങള്‍ ആരാധനയുടെ സത്ത നഷ്ടപെടുത്തുമെന്നും അതിനാല്‍ വിലക്കുകളുടെ കൂട്ടത്തിലേക്ക് കടന്നുവരാന്‍ സാധ്യത കൂടുതലാണെന്നും അവര്‍ വ്യക്തമാക്കി. “വിശുദ്ധ പള്ളിയിലെ മഹത്വവും മര്യാദയും വിധികളും” എന്ന വിഷയത്തില്‍ ഉമ്മുല്‍ ഖുറാ യൂണീവേഴ്‌സിറ്റിയിലെ ഇസ്ലാമിക് ഡിപ്പാര്‍ട്ടുമെന്റും വിശുദ്ധ ഹറമുകളുടെ ഭരണസമിതിയും സഹകരിച്ച് നടത്തിയ ചര്‍ച്ചയിലാണ് പണ്ഡിതര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. നിസ്‌കരിക്കുക ഖുര്‍ആന്‍ പാരായണം ചെയ്യുക ദിക്ര്‍ ചൊല്ലുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട അല്ലാഹുവിന്റെ പള്ളികളില്‍ വെച്ച് ഫോട്ടോ എടുക്കുന്നതും ആവശ്യമില്ലാതെ സംസാരിക്കുന്നതും പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നതും ആരാധനക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു , ചര്‍ച്ചയില്‍ ഹറം പള്ളികളിലെ ഇമാമുമാരും ഖതീബുമാരും സൗദി പണ്ഡിതസഭയിലെ പ്രമുഖരും പങ്കെടുത്തു .
വിശുദ്ധ പള്ളികളില്‍ വെച്ച് കച്ചവടം നടത്തുന്നതും സാധനങ്ങള്‍ വാങ്ങുന്നതും മറ്റു ഇടപാടുകള്‍ നടത്തുന്നതും പണ്ഡിതര്‍ ശക്തമായി മുന്നറിയിപ്പ് നല്‍കി, എന്നാല്‍ നടക്കുവാന്‍ വളരെ പ്രയാസപ്പെടുന്ന വര്‍ക്ക് മാത്രം പള്ളികളിലെ വീല്‍ചെയര്‍ വാടകക്ക് എടുക്കാവുന്നതാണ് കൂടാതെ വഴിയില്‍ ഇരിക്കുന്നതും നിസ്‌കരിക്കുന്നതും, ഭക്ഷണങ്ങളും പാനീയങ്ങളും അകത്തേക്ക് കൊണ്ടുപോവുന്നതും, പുരുഷന്‍മാരുടെ ഭാഗത്ത് സ്ത്രീകള്‍ ഇരിക്കുന്നതും സന്ദര്‍ശകര്‍ ഒഴിവാക്കുവാന്‍ അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണം . വീല്‍ചെയറിനായി പള്ളിക്ക് പുറത്തുള്ള സൗകര്യപ്രദമായ സ്ഥലം കണ്ടെത്തണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു .
അതുപോലെ പള്ളികളിലും പുറത്തും നടക്കുന്ന ക്ലാസ്സുകളിലും പ്രസംഗങ്ങളൂലും ഖുതുബകളിലും ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും വിശുദ്ധ ഹറം പള്ളികളുടെ മഹത്വവും പ്രാധാന്യവും അതില്‍ പാലിക്കേണ്ട മര്യാദകളും സംബന്ധിച്ചു ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest