Connect with us

Gulf

വിമാനത്തില്‍ നിന്നിറങ്ങാത്ത പ്രവാസി പ്രശ്‌നങ്ങള്‍

Published

|

Last Updated

പ്രവാസിയായ, പ്രവാസികളുടെ പ്രശ്‌നങ്ങളറിയുന്ന സ്ഥാനാര്‍ഥി എന്ന വിശേഷണത്തോടെ ഒരാള്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്, കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല. രാഷ്ട്രീയമായി അദ്ദേഹത്തിന്റെ ഭാഗധേയത്വം മണ്ഡലവാസികള്‍ തീരുമാനിക്കട്ടെ. പക്ഷേ, പ്രവാസത്തെക്കുറിച്ച് വിമാനത്തില്‍ നിന്നിറങ്ങിയിട്ടില്ലാത്ത കേരള രാഷ്ട്രീയ, സാമൂഹിക പൊതുബോധത്തില്‍ നിന്ന് ഒരു സെന്റീമീറ്റര്‍ വളര്‍ച്ച പ്രാപിക്കാന്‍ ടിയാനും കഴിഞ്ഞിട്ടില്ല എന്നു കുറ്റപ്പെടുത്തുന്നതില്‍ മുസ്ലിം ലീഗുകാര്‍ ചീത്ത വിചാരിക്കരുത്, ബോധ്യത്തില്‍ നിന്നുതന്നെ പറയുന്നതാണ്.
ഖത്വറിലെ ദീര്‍ഘകാല പ്രവാസി എന്ന നിലയില്‍ വോട്ടു ചോദിക്കാന്‍ പാറക്കല്‍ അബ്ദുല്ല രണ്ടുദിവസത്തേക്കു ദോഹയില്‍ വന്നു. അപ്പോള്‍ നടത്തിയ വാര്‍ത്താ സമ്മളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു, പ്രവാസി എന്ന നിലയില്‍ പ്രവാസി പ്രശ്‌നങ്ങളില്‍ താങ്കളുടെ നിലപാടും ഇടപെടലുകളുമെന്തായിരിക്കും. ദേ കിടക്കുന്നൂ വിമാനപ്രശ്‌നം. പന്നെ മൃതദേഹം കൊണ്ടുപോകല്‍, പുരനധിവാസം, ക്ഷേമപെന്‍ഷന്‍, എംബസി…. പ്രവാസമലയാളത്തിന്റെ പര്യായമായി മാറിയ പദാവലികള്‍ക്കപ്പുറം ഒരുകാര്യവും അദ്ദേഹം കരുതിവെച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ ചിലതു ഉണര്‍ത്തിയപ്പോഴും ആ വഴിക്കു വരാന്‍ അദ്ദേഹം ഗൃഹപാഠം ചെയ്തിട്ടില്ലെന്നു മനസ്സിലായി.
ഇതൊരു സ്ഥാനാര്‍ഥിയുടെയോ പാര്‍ട്ടിയുടെയോ മാത്രം പ്രശ്‌നമല്ല. നടേ പറഞ്ഞ രാഷ്ട്രീയ, സാമൂഹിക പൊതുബോധത്തിന്റെ പ്രശ്‌നമാണ്. പ്രവാസികളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശകലനങ്ങളിലെ പദാവലികള്‍ നോക്കൂ, ഒന്ന്: പ്രവാസി പ്രശ്‌നം, രണ്ട്: പ്രവാസിക്ഷേമം. പ്രശ്‌നങ്ങളില്ലാത്തവരോ ക്ഷേമം ആവശ്യമില്ലാത്തവരോ അല്ല പ്രവാസികള്‍ എന്നല്ല, ആവോളം ആവശ്യമുണ്ട്. പക്ഷേ, ദശലക്ഷക്കണക്കിനു പ്രവാസികളെ പ്രശ്‌നത്തിന്റെയും ക്ഷേമത്തിന്റെയും അരികിലേക്കു നീക്കി നിര്‍ത്താനേ നമ്മുടെ രാഷ്ട്രീയബോധം വികാസം പ്രാപിച്ചിട്ടുള്ളൂ എന്നര്‍ഥം. എന്തുകൊണ്ടാണ് പ്രശ്‌നത്തിന്റെയും ക്ഷേമത്തിന്റെയും പിറകേ മാത്രം സഞ്ചരിക്കുന്നത്. ഗള്‍ഫ് മലയാളികളിലെ ബഹുഭൂരിഭാഗം വരുന്ന അഭ്യസ്ഥവിദ്യരും തൊഴില്‍, വ്യവസായ, വാണിജ്യ, മാനേജ്‌മെന്റ് വൈദഗ്ധ്യമുള്ളവരും രാഷ്ട്രീയം, സാമൂഹികം, കല, സാഹിത്യം, സാങ്കേതികം തുടങ്ങിയ മേഖലകലില്‍ പരിജ്ഞാനമുള്ളവരും അതിവൈദഗ്ധ്യമുള്ളവരുമായ മനുഷ്യവിഭവങ്ങള്‍ പ്രവാസി മലയാളികളിലില്ലേ, അല്ലെങ്കില്‍ പ്രവാസി മലയാളികളിലല്ലേ അവര്‍ കൂടുതലുള്ളത്. അവശര്‍ക്ക് ക്ഷേമവും പ്രശ്‌നം നേരിടുന്നവര്‍ക്ക് പരിഹാരവും രൂപപ്പെടുമ്പോഴും പോസിറ്റീവായ, ഗുണാത്മകവും രചനാത്മകവും വികസനോന്മുഖവുമായ ഭാഗത്തേക്ക് ശ്രദ്ധ തിരിയാത്തതെന്തു കൊണ്ടായിരിക്കും.
പ്രവാസികളില്‍ ബഹുഭൂരിഭാഗവും യുവാക്കളാണ്. യുവജനക്ഷേമ വകുപ്പ് ഏതുവിധമാണ് ഗള്‍ഫിലേക്കോ ഇതര വിദേശ രാജ്യങ്ങളിലേക്കോ ചേക്കേറിയ യുവാക്കളെ സംബോധന ചെയ്യുന്നത്. അവര്‍ രാജ്യത്തിന്റെ പൗരന്‍മാരല്ലേ, നാട്ടിലേക്കു തിരിച്ചു വരേണ്ടവരല്ലേ, അവരുടെ ബുദ്ധിയും അധ്വാനവും നാടിനു കൂടി പ്രയോജനപ്പെടേണ്ടതല്ല, പണമായെങ്കിലും പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നതല്ലേ. ഗള്‍ഫില്‍ ജീവിക്കുന്ന കലാപ്രതിഭകള്‍, എഴുത്തുകാര്‍ തുടങ്ങിയ മേഖലകളിലുള്ള വിഭവങ്ങളോട് സംവാദത്തിലേര്‍പ്പെടാനെങ്കിലും സാംസ്‌കാരിക വകുപ്പിന് ആലോചനകളില്ലാത്തതെന്താണ്. ഗള്‍ഫില്‍ വളരുന്ന കുട്ടികള്‍ നമ്മുടെ നാടിന്റെ അസറ്റാണല്ലോ. ചുരുങ്ങിയപക്ഷം, ഗള്‍ഫ് നാടുകളിലെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വിവിധങ്ങളായ പ്രശ്‌നങ്ങളുണ്ട്. ഇതുവരെ പുറത്തിറങ്ങിയ ഒരു മുന്നണിയുടെ പ്രകടന പത്രികയലും ഗള്‍ഫിലെ മലയാളി കുട്ടികളുടെ വിദ്യാഭ്യാസ സാഹചര്യത്തെ സംബോധന ചെയ്തു കണ്ടില്ല. ഇക്കാലമത്രയും വിദ്യാഭ്യാസവകുപ്പ് അതു പരിഗണിച്ചു കണ്ടിട്ടില്ല. ക്ഷേമത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറയുമ്പോഴും നാട്ടില്‍ കൂലിപ്പണിക്കു പോകുന്നവരുടെ ശമ്പളം പോലും കിട്ടാതെ ഗള്‍ഫില്‍ വീട്ടുജോലികളിലും കണ്‍സ്ട്രക്ഷന്‍ സൈറ്റിലും കഷ്ടപ്പെടുന്ന മലയാളികലുണ്ട്. ഗള്‍ഫുകാരന്‍ എന്ന ലേബലില്‍ ദാരിദ്യരേഖക്കു താഴത്തു നിന്നും ആട്ടിപ്പുറത്താക്കപ്പെട്ട ഈ വിഭാഗഗങ്ങളെയും ആരും തിരിഞ്ഞു നോക്കുന്നില്ല.
ലോകത്തു തന്നെ ഏറ്റവുമധികം പ്രവാസികളെ സംഭാവന ചെയ്യുന്ന കൊച്ചു സ്റ്റേറ്റായിരിക്കും കേരളം. സ്റ്റേറ്റിന്റെ പരിഗണന പക്ഷേ പ്രവാസികളായ മനുഷ്യസമൂഹത്തെ സംബോധന ചെയ്യുന്ന രാഷ്ട്രീയ ഉള്ളടക്കത്തിലേക്കു പ്രവേശിക്കുന്നില്ല. സ്റ്റേറ്റിന്റെ അധികാരത്തിലേക്കു പ്രവേശം തേടുന്ന പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെ പ്രകടനപത്രികകളിലും പ്രശ്‌നങ്ങളും ക്ഷേമങ്ങളും വിമാനമിറങ്ങി നിലം തൊടുന്നില്ല. സാമ്പ്രദായികതയില്‍നിന്ന് അല്‍പം ഉയര്‍ന്ന് പ്രവാസി പ്രൊഫഷനലുകളുടെ കൂട്ടായ്മയുണ്ടാക്കുന്നതിനെക്കുറിച്ച് ഇടതുമുന്നണി പ്രകടന പത്രിക സൂപിപ്പിക്കുന്നുണ്ട്, അത്രയും നല്ലത്. രാഷ്ട്രീയബോധത്തിന്റെ കാറ്റ് ചെറുതായി വീശിത്തുടങ്ങട്ടെ പ്രവാസത്തിന്റെ മരുഭൂമിയിലേക്ക്. ആരുവരും, തുടരും, വഴികാട്ടും എന്നു ശങ്കിക്കുമ്പോഴും പ്രവാസികളെപ്രതി ഇവര്‍ക്കാര്‍ക്കും അത്ര തിരിഞ്ഞിട്ടില്ല എന്നു മാത്രം മനസ്സിലാക്കേണ്ടി വരുന്നു.

വാല്‍ക്കമ്പി: ഇത്തവണ ഒരുപാട് സ്ഥാനാര്‍ഥികള്‍ വോട്ടുതേടി വിമാനം കയറി ഇവിടെ വന്നിറങ്ങി. പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വോട്ടുണ്ടല്ലോ. വരുംകാലങ്ങളില്‍ ഇനിയുമൊരുപാടു പേര്‍ വരും. തുടരണം ഈവഴി വരവ് അപ്പോള്‍ മാത്രം എല്ലാം ശരിയാകും.