Connect with us

Editorial

കടല്‍ക്കൊല കേസ് വിധി

Published

|

Last Updated

കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയായ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷനില്‍ നിന്നുണ്ടായ വിധി പ്രസ്താവമെന്താണ്? കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ തടവില്‍ കഴിയുന്ന പ്രതികളിലൊരാളായ സാല്‍വത്തോറെ ഗിറോണിനെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നാണ് ഉത്തരവെന്ന് ഇറ്റലി പറയുന്നു. വിധി തങ്ങള്‍ക്ക് അനുകൂലമെന്ന മട്ടിലാണ് അവരുടെ പ്രതികണം. അതേസമയം ഉത്തരവ് ഇറ്റലി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്. വിധി ഇന്ത്യക്ക് അനുകൂലമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവകാശപ്പെടുകയുമുണ്ടായി. ജാമ്യവ്യവസ്ഥ സുപ്രീം കോടതിക്ക് നിശ്ചയിക്കാമെന്ന് വിധിയില്‍ പയുന്നുണ്ടത്രെ. ഇത് സുപ്രീം കോടതിയുടെ അധികാരം ഉറപ്പിക്കുന്നതും ഇന്ത്യയുടെ ഉറച്ച നിലപാടിനുള്ള അംഗീകാരവുമാണെന്നും ജെയ്റ്റ്‌ലി പറയുന്നു. എന്താണ് വസ്തുത? ആരാണിവിടെ അനുകൂല വിധി നേടിയത്? ദുര്‍വ്യാഖ്യാനം ചെയ്യുന്നതാരാണ്?
2012 ഫെബ്രുവരി 15നാണ് നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, കന്യാകുമാരിയിലെ അജീഷ് പിങ്കു എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നാവികരെ കേരള പോലീസ് അറസ്റ്റ് ചെയ്യുകയും സുപ്രീം കോടതിയില്‍ കേസിന്റ വിചാരണ നടന്നു വരികയുമാണ്. അതിനിടെ കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലത്തോര്‍ ചികിത്സക്കെന്ന പേരില്‍ നേരത്തെ ഇന്ത്യ വിട്ടു. ഇയാളെ പിന്നീട് തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാറിനായില്ല. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ അയാള്‍ വിശ്രമത്തിലാണന്നാണ് ഇറ്റലി പറയുന്നത്. കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ വിധി അനുസരിച്ചു രണ്ടാം പ്രതിയെയും വിട്ടയക്കാന്‍ ഇന്ത്യ ഇപ്പോള്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഇത് സര്‍ക്കാറിന്റെ പിടിപ്പുകേട് മൂലമാണെന്നാണ് പ്രതിപക്ഷ ആരോപണം. കോടതി വിധിയുടെ പശ്ചാത്തലം പ്രതിപക്ഷ ആരോപണം ബലപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ കഴിയുന്ന നാവികന്‍ സാല്‍വതോര്‍ ഗിറോണിനെ വിട്ടയക്കുന്നതിന് ഉത്തരവിടണമെന്നായിരുന്നു കോടതിയില്‍ ഇറ്റലിയുടെ മുഖ്യആവശ്യം. അല്ലാത്തപക്ഷം ഒരു കുറ്റവും ചാര്‍ത്തപ്പെടാതെ നാല് വര്‍ഷം കൂടി ഗിറോണിന് നഷ്ടപ്പെടുമെന്നും അത് കടുത്ത മനുഷ്യാവകാശ ലംഘനമാകുമെന്നും അവര്‍ ബോധിപ്പിക്കുകയുണ്ടായി. കോടതി അവരുടെ ആവശ്യം അപ്പടി അംഗീകരിക്കുകയാണുണ്ടായത്. ഇറ്റലിയുടെ വാദത്തെ ചെറുക്കുന്നതില്‍ ഇന്ത്യ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ അവരുടെ ആവശ്യം കോടതി അംഗീകരിക്കുമായിരുന്നില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. ഇന്ത്യയില്‍ ഇവിടുത്തെ നിയമങ്ങള്‍ക്ക് അനുസൃതമായ വിചാരണ നടക്കണമെന്ന കര്‍ക്കശ നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അതുണ്ടായില്ല.
വ്യക്തമായ നിബന്ധനകളോടെയാണ് വിട്ടയക്കുന്നതെന്നും വിചാരണ നടത്താന്‍ ഇന്ത്യക്കുള്ള അധികാരം ഉറപ്പിച്ചുകഴിഞ്ഞാല്‍ രണ്ട് നാവികരും തിരിച്ചെത്താന്‍ നിര്‍ബന്ധിതരാണെന്നുമാണ് കേന്ദ്രവൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഇത് പക്ഷേ കേസ് കൈകാര്യം ചെയ്യേണ്ടതാരാണെന്ന നിലപാടിനെ ആശ്രയിച്ചാണിരിക്കുന്നത്. തൊഴിലാളികള്‍ ഇന്ത്യക്കാരായതിനാല്‍ ഇന്ത്യന്‍ കോടതിയാണ് കേസ് നടത്തേണ്ടതെന്ന നമ്മുടെ വാദം ഇറ്റലി ഇതുവരെ അംഗീകരിച്ചിട്ടില്ല. വിചാരണ ഇറ്റലിയിലോ അന്താരാഷ്ട്ര കോടതിയിലോ ആയിരിക്കണമെന്നാണ് അവരുടെ പക്ഷം. നാവികര്‍ ഇറ്റലിയില്‍ എത്തിക്കഴിഞ്ഞാല്‍ ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന് പിടികൊടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്. പ്രതികളെ തിരിച്ചെത്തിക്കാനാകുമെന്ന കേന്ദ്രത്തിന്റെ വാദം മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണ്.
കേസില്‍ തുടക്കം മുതലേ ഒരു തരം അഴകൊഴമ്പന്‍ നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. കര്‍ക്കശമായ നിലപാട് സ്വീകരിച്ചു ഇറ്റലിയുമായും യൂറോപ്യന്‍ യൂനിയനുമായുമുള്ള ബന്ധം വഷളാക്കേണ്ടെന്ന നിലപാടാണ് കഴിഞ്ഞ യു പി എ സര്‍ക്കാറിനും ഇപ്പോള്‍ മോദി സര്‍ക്കാറിനും. യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിക്ക് പോകും മുമ്പേ കേസില്‍ ഒരു സമവായമുണ്ടാക്കാന്‍ മോദി ശ്രമിച്ചിരുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂനിയന്റെ പ്രീതി സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. കുറ്റക്കാരായ നാവികര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുത്തു കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളോടുള്ള കടപ്പാടും ബാധ്യതയും നിര്‍വഹിക്കുന്നതിന് പകരം തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ഡല്‍ഹി വാഴുന്നോരുടെ ശ്രദ്ധ. അതേസമയം ഇറ്റലി തങ്ങളുടെ പൗരന്മാരെ കൈകാര്യം ചെയ്യാന്‍ മറ്റൊരു രാജ്യത്തിന് വിട്ടുകൊടുത്തുകൂടെന്ന കര്‍ക്കശ നിലപാടിലുമാണ്. നാവികരെ മോചിപ്പിച്ചു ഇറ്റലിയിലെത്തിക്കാനും കേസില്‍ നിന്ന് രക്ഷപ്പെടുത്താനും അവര്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഈ ആവശ്യവുമായി യു എന്നിനേയും യൂറോപ്യന്‍ യൂനിയനേയും നാറ്റോയെയും അവര്‍ സമീപിക്കുകയുണ്ടായി. ഒടുവില്‍ തങ്ങളുടെ രണ്ട് പൗരന്മാരെയും അവര്‍ മോചിപ്പിക്കുകയും ചെയ്തു. നിയമത്തിന്റെ കരങ്ങളില്‍ നിന്ന് അവരെ രക്ഷപ്പെടുത്താനും ഇറ്റലി ഏതറ്റം വരെയും പോകും. പൗരന്മാരുടെ സംരക്ഷണത്തിലുള്ള കാഴ്ചപ്പാടിന്റെയും പ്രതിബദ്ധതയും രണ്ട് മുഖങ്ങളാണ് ഇതിലൂടെ കാണുന്നത്.

Latest