Connect with us

Articles

മൃദുഹിന്ദുത്വവും കോണ്‍ഗ്രസും

Published

|

Last Updated

ഗോള്‍വാള്‍ക്കറുടെ സ്വപ്‌നമായിരുന്നു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ആര്‍ എസ് എസിന്റെ സംഘടനാശക്തിയും ഒന്നിച്ചുചേരണമെന്നത്. സ്വാതന്ത്ര്യാനന്തരം ആര്‍ എസ് എസ് നേതാക്കളും കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളും ഇതിനായുള്ള ശ്രമങ്ങള്‍ പലതലങ്ങളില്‍ നടത്തിയിരുന്നു. ഗാന്ധിയും നെഹ്‌റുവും ഇന്ത്യയുടെ ബഹുസ്വരതയും”ഭിന്ന മതസമൂഹങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രസാക്ഷാത്കാരത്തെ കുറിച്ചുള്ള പ്രത്യാശാ”ഭരിതമായ കാഴ്ചപ്പാടുകള്‍ സൂക്ഷിച്ച ദേശീയനേതാക്കളായിരുന്നല്ലോ. ഗാന്ധിജി രാമരാജ്യസങ്കല്‍പ്പം എന്ന ആശയം ആദര്‍ശാത്മകമായി അവതരിപ്പിച്ചപ്പോള്‍ തന്നെ ഇന്ത്യ ഒരു മത രാഷ്ട്രമാകരുതെന്ന നിര്‍ബന്ധ നിലപാടിലായിരുന്നു. 1942ല്‍ തന്നെ ഗാന്ധി ഇക്കാര്യം അസന്ദിഗ്ധമായ ഭാഷയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നല്ലോ. ബി ബി സി ലേഖകന്റെ ചോദ്യത്തിന് മറുപടിയായി ഗാന്ധി പറഞ്ഞത്; ഇന്ത്യ ഹിന്ദുരാജ് ആയിരിക്കില്ല, അത് മുസ്‌ലിംരാജ് ആയിരിക്കില്ല എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യമുള്ള ജനാധിപത്യ റിപ്പബ്ലിക്കായിരിക്കുമെന്നാണ്.
ഗാന്ധിയും നെഹ്‌റുവും മുറുകെപിടിച്ചിരുന്ന മതനിരപേക്ഷ ചിന്താഗതികള്‍ക്ക് ബദലായി ആര്‍ എസ് എസ് ഉയര്‍ത്തിക്കൊണ്ടുവന്ന ഹിന്ദുദേശീയതയെ കോണ്‍ഗ്രസിലെ ഉന്നത സ്ഥാനത്തിരിക്കുന്ന പലരും താലോലിച്ചുപോന്നു. വിഭജനവും തുടര്‍ന്നുണ്ടായ കലാപങ്ങളും ഇത്തരം വര്‍ഗീയ ചിന്താഗതികള്‍ക്ക് അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുത്തിയിരുന്നു. പക്ഷെ, ഗാന്ധിവധത്തോടെ കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്ന ഹിന്ദുമത കേന്ദ്രീകൃതമായ ചിന്താഗതിക്ക് വലിയ പ്രഹരമേറ്റു. ഹിന്ദുത്വ ആശയമുള്ള ഹിന്ദുമഹാസഭക്കും ആര്‍ എസ് എസിനും മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടു.
ഹിന്ദുമഹാസഭ/ആര്‍ എസ് എസ് നേതാക്കള്‍ നെഹ്‌റുവിന്റെ മതനിരപേക്ഷതാവാദത്തിന് 1947നുശേഷം ഇന്ത്യയില്‍ പ്രസക്തിയില്ലെന്ന് നിരന്തരമായി പ്രചരിപ്പിച്ചു. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മതസൗഹാര്‍ദ നിലപാടുകള്‍ക്ക് ഇന്ത്യയെ വിഭജനത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോയെന്ന് ആര്‍ എസ് എസിന്റെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗവും വാദിച്ചു. കോണ്‍ഗ്രസിലെ യാഥാസ്ഥിതികരും ഹിന്ദുദേശീയതയെ അനുകൂലിക്കുന്നവരും സംഘടിതമായ ഹിന്ദു പുനരുജ്ജീവനത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നതിന് തങ്ങളുടേതായ പങ്ക് വഹിച്ചു എന്നതാണ് ചരിത്രവസ്തുത. 1931ലെ കറാച്ചിപ്രമേയത്തിന്റെ സ്പിരിറ്റില്‍ നിന്ന് 1947 നവംബറില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ ദേശീയ നിര്‍വാഹക സമിതി ജനാധിപത്യപരവും മതനിരപേക്ഷവും വര്‍ഗീയവിരുദ്ധവുമായ ഒരു നിലപാടെടുക്കണമെന്ന് തീരുമാനിക്കുകയുണ്ടായി. അതംഗീകരിക്കാന്‍ കോണ്‍ഗ്രസിലെ ഹിന്ദുദേശീയ അനുകൂല നിലപാട് സ്വീകരിച്ച പലരും വൈമനസ്യം കാണിച്ചു. പാക്കിസ്ഥാന്റെ ജനനത്തിന് കളമൊരുക്കിയ മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിക്കണമെന്ന ഹിന്ദുത്വവാദികളുടെ ജുഗുത്സാവഹമായ നിലപാട് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ വ്യക്തമാക്കി; “1948 ഓഗസ്റ്റ് 15ാം തിയ്യതി അര്‍ധരാത്രി കഴിയുന്നതോടുകൂടി ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ദേശീയബോധമുണ്ടായതായി പറയാന്‍ കഴിയുകയില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നവര്‍ തക്കതായ സമയം വരുമ്പോള്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല.”
ഗാന്ധിയുടെ ബിര്‍ലാ ഹൗസിലെ സത്യാഗ്രഹവും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്‌ലിംകളോടും നീതികാണിക്കണമെന്ന അഭ്യര്‍ഥനയും ഹിന്ദുത്വവാദികളെ അങ്ങേയറ്റം പ്രകോപിതരാക്കി. യുധിഷ്ഠരന്റെ ധര്‍മബോധവും പാണ്ഡവരുടെ ക്ഷമാശീലവും പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും മുസ്‌ലിംകള്‍ എന്റെ സഹോദരീ സഹോദരന്മാരാണെന്ന് വിശ്വസിക്കുന്ന സനാതന ഹിന്ദുവായ ഈ ഗാന്ധി നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നത് അത്ര വലിയ അപരാധമാണോയെന്ന് വികാരഭരിതനായി ഗാന്ധിയെക്കൊണ്ട് ചോദിപ്പിക്കുന്നയിടം വരെ എത്തിയ അനിഷ്ടകരമായ സാഹചര്യത്തിലേക്ക് രാജ്യം നീങ്ങി. ഗാന്ധിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് നെഹ്‌റുവും പട്ടേലും സത്യാഗ്രഹം അവസാനിപ്പിച്ചതില്‍ പ്രകോപിതരായാണ് ഹിന്ദുത്വവാദികള്‍ ഗാന്ധിവധ നീക്കങ്ങള്‍ക്ക് തിടുക്കം കൂട്ടിയത്. പൂനയിലെ ഹിന്ദുരാഷ്ട്ര ദളിന്റെ ഓഫീസിലിരുന്ന് ഗോഡ്‌സെയും നാരായണ്‍ആപ്‌തെയും മറ്റും നടത്തിയ ഗൂഢാലോചന യോഗത്തിലെ സംഭാഷണങ്ങള്‍ ഉദ്ധരിച്ച് ജസ്റ്റിസ് ജീവന്‍ലാല്‍ കമ്മീഷന്റെ അനേ്വഷണ റിപ്പോര്‍ട്ടില്‍ ഇതെല്ലാം പ്രതിപാദിച്ചിട്ടുണ്ട്.
ഗാന്ധി വധത്തിലുള്ള അനിഷേധ്യമായ ആര്‍ എസ് എസ് ബന്ധവും പങ്കും (സംഘടനകള്‍ക്കും വ്യക്തികള്‍ക്കും) വ്യക്തമായതോടെയാണല്ലോ കേന്ദ്രസര്‍ക്കാര്‍ ആ സംഘടനയെ നിരോധിച്ചത്. ആര്‍ എസ് എസിന് ഒരു കാരണവശാലും കോണ്‍ഗ്രസില്‍ അംഗത്വം നല്‍കാന്‍ പാടില്ലെന്ന് എ ഐ സി സി വര്‍ക്കിംഗ് കമ്മറ്റി തീരുമാനിച്ചതായിരുന്നു. ഗാന്ധിവധത്തില്‍ സംഘടനക്കുള്ള പങ്കിനെക്കുറിച്ച് ഉദാസീനത പുലര്‍ത്തിയ കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളായ നേതാക്കളുടെ സമ്മര്‍ദഫലമായിട്ടാണ് ആ സംഘടനയുടെ നിരോധം പിന്‍വലിക്കപ്പെട്ടത്. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്നതിന്റെ പേരിലും മഹാത്മാ ഗാന്ധിയെ വധിച്ചതിന്റെ പേരിലും നിരോധിക്കപ്പെട്ട ആ സംഘടനയുടെ നിരോധം കേവലം ഒരു വര്‍ഷം മാത്രമാണല്ലോ നീണ്ടുനിന്നത്! നെഹ്‌റു വിദേശപര്യടനത്തിനുപോയ തക്കംനോക്കി ആര്‍ എസ് എസുകാര്‍ക്ക് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കാനുള്ള തീരുമാനം പുനഃസ്ഥാപിക്കുകയും ചെയ്തു. 1949 നവംബറില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ നെഹ്‌റുവിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ആ തീരുമാനം റദ്ദുചെയ്തത്.
നമ്മുടെ മതനിരപേക്ഷതയുടെ കുംഭഗോപുരങ്ങള്‍ തന്നെയാണ് ബാബ്‌റി മസ്ജിദ് തകര്‍ത്തതിലൂടെ സംഘപരിവാര്‍ നിലംപരിശാക്കിയത്. ഗാന്ധിവധത്തിനുശേഷം രാജ്യം ദര്‍ശിച്ച ഹീനമായ രാഷ്ട്രീയ ഉപജാപമാണ് 1992 ഡിസംബര്‍ 6ന് അയോധ്യയില്‍ അരങ്ങേറിയത്. സ്വതന്ത്ര ഇന്ത്യയില്‍ ബാബരിമസ്ജിദ് തര്‍ക്കഭൂമിയായി കണ്ട് പൂട്ടിയിട്ടത് ഡല്‍ഹിയിലെയും യു പിയിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകളാണ്. 1949 ഡിസംബര്‍ 22നാണല്ലോ ബാബരി മസ്ജിദിനുള്ളിലേക്ക് രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിവെച്ചതിനുശേഷം രാമവിഗ്രഹങ്ങള്‍ സ്വയംഭൂവായെന്ന് നുണപ്രചരണം നടത്തിയത്. 400 വര്‍ഷത്തിലേറെക്കാലം മുസ്‌ലിംകള്‍ തലമുറകളായി നിസ്‌കരിച്ചുപോന്ന ഒരാരാധനാലയം കൈയടക്കാനുള്ള ഹിന്ദുത്വവാദികളുടെ ഈ നീക്കത്തിന് എല്ലാ സഹായവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസിലെ മൃദു ഹിന്ദുത്വശക്തികളായിരുന്നു.
അഖണ്ഡരാമായണ യജ്ഞത്തിന് സമാപനം കുറിച്ചുകൊണ്ട് പള്ളിക്കകത്തേക്ക് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭാ നേതാക്കള്‍ യു പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായിരുന്നു. ബാബാ രാഘവദാസ്, ദ്വിഗ്‌വിജയ്‌നാഥ്, സ്വാമി സര്‍പത്‌നി തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ നടന്ന അഖണ്ഡ രാമായണ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ടാണ് പള്ളിക്കകത്തേക്ക് അതിക്രമിച്ചു കടന്നത്. ഇതിനെല്ലാം സഹായവും ഫൈസാബാദ് ഡിസ്ട്രിക്ട് കലക്ടറായിരുന്ന കെ.കെ.നായരുടെ ഭാഗത്തുനിന്ന് ഹിന്ദുത്വവാദികള്‍ക്ക് ലഭിച്ചു. യു പിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഗോവിന്ദവല്ല ഭായ്പന്തിന്റെ സഹായവും അനുഗ്രഹാശിസുകളും ഉദാരമായിതന്നെ ഈ കൊടുംപാതകത്തിന് ഉണ്ടായിരുന്നു.
വിവരമറിഞ്ഞ നെഹ്‌റു വിഗ്രഹങ്ങള്‍ എടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞുകളയാനാണ് ഗോവിന്ദ്‌വല്ലഭായ്പന്തിനോട് ആവശ്യപ്പെട്ടത്. നെഹ്‌റുവിന്റെ അഭ്യര്‍ഥനകളെ ഹിന്ദുത്വവാദികള്‍ക്കുവേണ്ടി നിരസിച്ച മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ പൂജ നടത്താന്‍ എല്ലാ സൗകര്യങ്ങളും ഹിന്ദുത്വവാദികള്‍ക്ക് ചെയ്തുകൊടുക്കുകയാണുണ്ടായത്. നെഹ്‌റു ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഹിന്ദുത്വവാദികള്‍ക്ക് പാദസേവചെയ്ത കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ തലമുറ ഗോവധമുള്‍പ്പെടെയുള്ള ഹിന്ദുത്വ അജന്‍ഡയുടെ തുറന്ന വക്താക്കളായി പഴയപണി തുടരുകയാണല്ലോ.
കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികളുടെ ബാബ്‌രിമസ്ജിദ് നയത്തില്‍ പ്രതിഷേധിച്ച് അന്നത്തെ ഫൈസാബാദ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം പി ആചാര്യ നരേന്ദ്രദേബ് എം പി സ്ഥാനം രാജിവെക്കുകയുണ്ടായി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അദ്ദേഹം സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. അദ്ദേഹം ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി. അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് ബാബരി മസ്ജിദിലേക്ക് വിഗ്രഹം ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭക്കാരനായ ബാബാരാഘവദാസിനെയായിരുന്നല്ലോ.
ബാബരി മസ്ജിദ് സംഭവത്തില്‍ യു പി സര്‍ക്കാറും കോണ്‍ഗ്രസും സ്വീകരിച്ച ഹീനമായ നീക്കങ്ങളില്‍ പ്രതിഷേധമുയര്‍ത്തി ഫൈസാബാദിലെ ഡി സി സി സെക്രട്ടറിയായിരുന്ന അക്ഷയബ്രഹ്മചാരി പരസ്യമായി രംഗത്തുവന്നു. ഹിന്ദുത്വശക്തികളും കോണ്‍ഗ്രസും നടത്തുന്ന ഈ വര്‍ഗീയ ഒത്തുകളി രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസും യു പി സര്‍ക്കാറും വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങുന്നതിനെതിരെ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചു. ഹിന്ദുമഹാസഭക്കാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഫൈസാബാദിലെ അദ്ദേഹത്തിന്റെ ആശ്രമം അഗ്നിക്കിരയാക്കുകയായിരുന്നു. അതിനെതുടര്‍ന്ന് അദ്ദേഹത്തിന് ലക്‌നൗവിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഉടുതുണി പോലുമില്ലാതെ ആ കോണ്‍ഗ്രസ് ജില്ലാകമ്മറ്റി സെക്രട്ടറിക്ക് മതഭ്രാന്തരായ സ്വന്തം അണികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടിപ്പോകേണ്ടിവന്നു.
1975-ലെ അടിയന്തിരാവസ്ഥക്കു ശേഷം കോണ്‍ഗ്രസ് ആസൂത്രിതമായി തന്നെ ഹിന്ദുകാര്‍ഡ് ഇളക്കിക്കളിക്കുകയായിരുന്നു. അടിയന്തിരാവസ്ഥയുടെ രണ്ടാംഘട്ടം ആകുമ്പോഴേക്കും ഇന്ദിരാഗന്ധി അമേരിക്കന്‍ അനുകൂല നിലപാടുകളിലേക്ക് പരസ്യമായി പതിക്കുന്നതാണ് കണ്ടത്. ലോകബേങ്കിന്റെയും അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുടെയും വ്യവസ്ഥകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വഴങ്ങി സമ്പദ്ഘടനയെ ഘടനാപരമായ ക്രമീകരണങ്ങള്‍ക്ക് വിധേയമാക്കാന്‍ ഇന്ദിരാഗാന്ധി നീക്കങ്ങള്‍ ആരംഭിച്ചു. പുറംകാഴ്ചയില്‍ സോവിയറ്റ് അനുകൂലമെന്ന് തോന്നിച്ച ഇന്ദിരാനിലപാടുകള്‍ അടിയന്തിരാവസ്ഥാ “ഭീകരതയില്‍ നഗ്നമായ അമേരിക്കന്‍ സേവയായും പരിണമിക്കുകയായിരുന്നു.
ഇതോടെ ആര്‍ എസ് എസ് ആദ്യം അഞ്ചിന പരിപാടിക്കും പിന്നീട് ഇരുപതിന പരിപാടിക്കും പരസ്യപിന്തുണ നല്‍കി. തങ്ങള്‍ക്കെതിരായ നിരോധനം പിന്‍വലിക്കണമെന്നും തങ്ങളെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ ആര്‍.എസ്.എസ് മേധാവി ദേവറസ് ഇന്ദിരക്ക് കത്തയച്ചു. 1977ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടായി. ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ജെ പിയുടെ നിര്‍ദേശമനുസരിച്ച് ജനസംഘം പിരിച്ചുവിട്ട് അവര്‍ ജനതാപാര്‍ട്ടിയുടെ “ഭാഗമായി. ജനതാ പാര്‍ട്ടിക്കകത്ത് ആര്‍ എസ് എസ് അംഗത്വം വിവാദമാവുകയും രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്ക് വഴിവെക്കുകയും പഴയ ജനസംഘം ബി ജെ പി എന്ന നിലയില്‍ പുഃനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്തു.
ആഭ്യന്തര വൈരുധ്യങ്ങള്‍ ജനതാ പാര്‍ട്ടിയെ ശിഥിലമാക്കുകയും 1980ല്‍ ഇന്ദിരാ ഗന്ധി അധികാരത്തില്‍ തിരിച്ചുവരികയും ചെയ്തു. ഒന്നാം ഐ എം എപ് വായ്പയും പരസ്യമായ ഹിന്ദുത്വ നിലപാടുകളും സ്വീകരിച്ചുകൊണ്ട് ഇന്ദിരാഗാന്ധി വോട്ടു ബേങ്ക് രാഷ്ട്രീയം കളിക്കുന്നതാണ് പിന്നീട് കണ്ടത്. 1983ല്‍ ഇന്ദിരാ ഗാന്ധി ഹരിദ്വാറിലെ ഏകാത്മാ യജ്ഞത്തില്‍ പങ്കെടുത്തത് തന്റെ ഹിന്ദുത്വാനുകൂല നിലപാട് വെളിപ്പെടുത്താന്‍ വേണ്ടിയായിരുന്നു. രാഷ്ട്രീയ രംഗത്ത് ഈ ഹിന്ദുത്വാനുകൂല നിലപാട് ഇന്ദിരാഗാന്ധിക്ക് പരസ്യമായ ആര്‍ എസ് എസ് പിന്തുണ നേടികൊടുക്കുന്നതിലേക്ക് എത്തി. ആ വര്‍ഷം ജമ്മു കാശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ എസ് എസ് കോണ്‍ഗ്രസിനെ പിന്തുണച്ചു. ആര്‍ എസ് എസ് നേതൃത്വം ബി ജെ പി സ്ഥാനാര്‍ഥികള്‍ക്കല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കാണ് വോട്ടുനല്‍കേണ്ടതെന്ന് നിര്‍ദ്ദേശം നല്‍കി.
(തുടരും)

Latest