Connect with us

Ongoing News

കുഞ്ഞാപ്പയുടെ മണ്ഡലത്തില്‍ കുതിപ്പിനൊരുങ്ങി എല്‍ഡിഎഫ്

Published

|

Last Updated

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നു എന്നതുകൊണ്ട് മാത്രം ശ്രദ്ധേയമായ മണ്ഡലമാണ് വേങ്ങര. 2011ല്‍ നിലവില്‍ വന്ന വേങ്ങര മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്കിത് രണ്ടാമത്തെ തിരഞ്ഞെടുപ്പാണ്. മന്ത്രിസഭയിലെ രണ്ടാമനോട് ഏറ്റുമുട്ടുന്ന സി പി എം സ്ഥാനാര്‍ഥി അഡ്വ. പി പി ബശീറിനും ഇതോടെ ഗ്ലാമര്‍ പരിവേഷം കൈവന്നിട്ടുണ്ട്. നിയമസഭയിലേക്ക് എട്ടാം തവണയാണ് കുഞ്ഞാലിക്കുട്ടി പോരാട്ടത്തിനിറങ്ങിയതെങ്കില്‍ ബശീറിന് കന്നിയങ്കമാണ്. കഴിഞ്ഞ തവണ ഐ എന്‍ എല്‍ സ്ഥാനാര്‍ഥി കെ പി ഇസ്മാഈലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ എതിരാളി. അന്ന് സംസ്ഥാനത്തെ ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷവുമായി കുഞ്ഞാലിക്കുട്ടി നിയമസഭയിലെത്തി. 38,237 വോട്ടിന്റെ ഭൂരിപക്ഷം.
മുസ്‌ലിം ലീഗിന്റെ പടനായകന്‍ 2006ല്‍ കുറ്റിപ്പുറത്ത് ശിഷ്യനായ കെ ടി ജലീലിന് മുന്നില്‍ സുല്ലിട്ടതോടെയാണ് പോര്‍ക്കളം വേങ്ങരയിലേക്ക് മാറ്റിയത്. ആ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടായിരുന്നു പീന്നീട് കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും വലിയ വാഗ്ദാനങ്ങള്‍ക്ക് അദ്ദേഹം മുതിരുന്നില്ല. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ എന്തും സംഭവിക്കാമെന്ന തിരിച്ചറിവ് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് നേതൃത്വത്തിനുമുണ്ട്. ഭൂരിപക്ഷത്തില്‍ വ്യക്തമായ ഇടിവുണ്ടാകുമെന്ന് രഹസ്യമായി പ്രവര്‍ത്തകര്‍ പറയുകയും ചെയ്യുന്നു. എങ്കിലും ചൂടുപിടിച്ച പ്രചാരണമാണ് മണ്ഡലത്തില്‍ നടക്കുന്നത്. കുടുംബ യോഗങ്ങളും കണ്‍വെന്‍ഷനുകളും സജീവമാണ്. വികസന നേട്ടങ്ങള്‍ വിവരിക്കുന്ന എല്‍ സി ഡി പ്രൊജക്ടര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ മണ്ഡലത്തിലൂടെ ചീറിപ്പായുന്നു. നാലാള്‍ കൂടുന്നിടത്തെല്ലാം വികസന നേട്ടങ്ങള്‍ വീഡിയോ സഹിതം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വോട്ടഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന ബുക്ക്‌ലെറ്റുകള്‍ വീടുകള്‍ കയറി വിതരണം ചെയ്ത് വോട്ട് ഉറപ്പിക്കാനും യു ഡി എഫ് സമയം കണ്ടെത്തുന്നു. കടലുണ്ടി പുഴക്ക് കുറുകെ മൂന്ന് പാലങ്ങള്‍, മണ്ഡലത്തിലെ പ്രധാന റോഡുകളുടെ നവീകരണം, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം, സിഡ്‌കോയുടെ നിര്‍മാണ യൂനിറ്റ്, സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനം, സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയ പ്രധാന വികസന പ്രവര്‍ത്തനങ്ങളെല്ലാമാണ് യു ഡി എഫ് ഉയര്‍ത്തിക്കാണിക്കുന്നത്.
മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രത്തില്‍ വോട്ടര്‍മാര്‍ കൈവിടില്ലെന്ന് ഉറച്ച വിശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടിയെങ്കില്‍, ഇത്തവണ പാര്‍ട്ടി ചിഹ്‌നത്തില്‍ സി പി എം സ്വന്തം സ്ഥാനാര്‍ഥിയെ തന്നെയാണ് കളത്തില്‍ ഇറക്കിയിരിക്കുന്നത്. വികസനം തന്നെയാണ് ഇടതുപക്ഷവും പ്രചാരണ ആയുധമാക്കുന്നത്. വ്യവസായ, ഐ ടി മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മണ്ഡലത്തില്‍ ഒരു വ്യവസായമോ ഐ ടി അധിഷ്ഠിത സ്ഥാപനമോ ആരംഭിക്കാനായില്ലെന്ന പ്രധാന വിമര്‍ശമാണ് ഇടതുപക്ഷം പ്രചാരണങ്ങളില്‍ എടുത്തുകാണിക്കുന്നത്. റോഡിനും പാലങ്ങള്‍ക്കുമപ്പുറം മണ്ഡലത്തില്‍ കാര്യമായ വികസനം സാധ്യമാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതായി അഭിഭാഷകന്‍ കൂടിയായ ബശീര്‍ പറയുന്നു. കുടിവെള്ളം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളെ പൂര്‍ണമായി അവഗണിച്ച അഞ്ച് വര്‍ഷമാണ് കടന്നുപോയതെന്നും ഇടതുപക്ഷം ആരോപിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ അനുവദിച്ച ആര്‍ട്‌സ് കോളജ് സ്വകാര്യ മേഖലയിലേക്ക് മാറ്റി കച്ചവടം നടത്തുകയാണ് ചെയ്തതെന്ന വിമര്‍ശവും നിലനില്‍ക്കുന്നുണ്ട്. വിജയിച്ച് കഴിഞ്ഞാല്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ അക്കമിട്ട് നിരത്തുന്ന പ്രകടന പത്രികയും എല്‍ ഡി എഫ് പുറത്തിറക്കിയിട്ടുണ്ട്. കുടുംബ യോഗങ്ങളില്‍ ശ്രദ്ധയൂന്നിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയ ബശീര്‍ ഇനിയുള്ള ദിവസങ്ങളില്‍ മണ്ഡലത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഓടിയെത്താനാണ് ശ്രമിക്കുക. ഇത്തവണ പാര്‍ട്ടി ചിഹ്‌നമായതിനാല്‍ സി പി എം പ്രവര്‍ത്തകരും സജീവമായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ലീഗ്-കോണ്‍ഗ്രസ് പോര് നിയമസഭാ തിരഞ്ഞെടുപ്പില്‍ തുണക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകളില്‍ ഇരു പാര്‍ട്ടികളും പരസ്പരം മത്സരിച്ചിരുന്നു. രണ്ടിടത്തും ലീഗ് തനിച്ചാണ് ഭരണം നടത്തുന്നത്. പറപ്പൂരില്‍ കോണ്‍ഗ്രസും സി പി എമ്മും ചേര്‍ന്ന് ജനകീയ മുന്നണിയുണ്ടാക്കി ഭരണത്തിലെത്തുകയും ചെയ്തു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചതായും നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഒറ്റക്കെട്ടായിട്ടാണ് നീങ്ങുന്നതെന്നുമാണ് നേതാക്കളുടെ അവകാശവാദം. ബി ജെ പി സ്ഥാനാര്‍ഥിയായി ന്യൂനപക്ഷ മോര്‍ച്ച നേതാവ് പി ടി ആലിഹാജി, എസ് ഡി പി ഐയുടെ കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടിക്കായി സുരേന്ദ്രന്‍ കരീപ്പുഴ, പി ഡി പിക്കായി സുബൈര്‍ സ്വബാഹി എന്നിവരും വേങ്ങരയില്‍ മുന്നേറ്റമുണ്ടാക്കാനിറങ്ങിയവരാണ്. സ്ഥാനാര്‍ഥികളുടെ ആധിക്യം ഏത് മുന്നണിയെ ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.

Latest