Connect with us

International

ഇദ്‌ലിബില്‍ അഭയാര്‍ഥി ക്യാമ്പ് ആക്രമിച്ചു; 30 മരണം

Published

|

Last Updated

ദമസ്‌കസ്: സിറിയ- തുര്‍ക്കി അതിര്‍ത്തിയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇദ്‌ലിബ് പ്രവിശ്യയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘടന വ്യക്തമാക്കി. കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായും മരണ സംഖ്യ ഇനിയും കൂടുമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. സിറിയന്‍ സൈന്യമാണ് വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അഭയാര്‍ഥി ക്യാമ്പിലെ ആളുകളെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയിട്ടില്ലെന്നാണ് സിറിയന്‍ സൈന്യത്തിന്റെ വിശദീകരണം. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സി സനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അഭയാര്‍ഥി ക്യാമ്പിന് മുകളില്‍ തങ്ങളുടെ ഒരു യുദ്ധവിമാനവും പറന്നിട്ടില്ലെന്ന് റഷ്യന്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. അല്‍ഖാഇദയുമായി ബന്ധമുള്ള അന്നുസ്‌റ ഫ്രണ്ടായിരിക്കും ഈ പ്രദേശത്തിന് നേരെ ആക്രമണം നടത്തിയതെന്നും റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. മെയ് നാലിനും അഞ്ചിനും തങ്ങളുടെ യുദ്ധവിമാനങ്ങളുടെ സഞ്ചാരത്തെ കുറിച്ച് മുഴുവന്‍ വിവരങ്ങളും ശേഖരിച്ചതായും എന്നാല്‍ ഈ പ്രദേശത്ത് കൂടി തങ്ങളുടെ ഒരു യുദ്ധവിമാനവും പറന്നിട്ടില്ലെന്നും റഷ്യന്‍ സൈനിക വക്താവ് ഇഗോര്‍ കൊനാഷെന്‍കോവ് ചൂണ്ടിക്കാട്ടി. അന്നുസ്‌റ ഫ്രണ്ട് പോലുള്ള തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഷെല്ലുകള്‍ ആണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ആക്രമണസ്ഥലത്തെ ഫോട്ടോയും സാഹചര്യവും പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടുത്തെ സന്നദ്ധ സംഘടനകളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുന്നത്.
എന്തായാലും ആക്രമണം യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അടിയന്തരമായി ഇതിനെ കുറിച്ച് അന്വേഷിച്ച് വസ്തുത പുറത്തുകൊണ്ടുവരണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നു.
അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം 80ലധികം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. നിരവധി ടെന്റുകള്‍ ആക്രമണത്തെ തുടര്‍ന്ന് അഗ്നിക്കിരയാകുകയും ചെയ്തു. നിലവില്‍ ഇദ്‌ലിബ് വെടിനിര്‍ത്തല്‍ കരാര്‍ മേഖലയില്‍ ഉള്‍പ്പെട്ട പ്രവിശ്യയല്ല.