Connect with us

Malappuram

മണ്ഡലം കാണാതെ വിജയിച്ച് കയറിയ ഖാഇദെ മില്ലത്ത്‌

Published

|

Last Updated

മലപ്പുറം: നാല് വോട്ട് കിട്ടാന്‍ ഉറക്കമൊഴിച്ചും മണ്ഡലത്തില്‍ പ്രചരണം നടത്തുന്ന സ്ഥാനാര്‍ഥികളുടെ കാഴ്ചയാണ് എവിടെയും. എന്നാല്‍ മണ്ഡലത്തില്‍ ഒരിക്കല്‍ പോലുമെത്തുകയോ വോട്ടര്‍മാരെ കാണുകയോ ചെയ്യാതെ പാട്ടുംപാടി ജയിച്ച ഒരാളുണ്ട് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍. മറ്റാരുമല്ല, മുസ്‌ലിംലീഗിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്.
മഞ്ചേരി മണ്ഡലത്തിലെ വോട്ടര്‍മാരായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്താത്ത സ്ഥാനാര്‍ഥിയെ ജയിപ്പിച്ച് വിട്ടത്. 1962ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ് അദ്ദേഹം മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലാതിരുന്ന അദ്ദേഹം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെയും എം കെ ഹാജിയുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ സമ്മതം മൂളുകയായിരുന്നു. മത്സരിച്ചാല്‍ തന്നെ അധികാര മോഹിയായി ചിത്രീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക.
ഇതിന് പ്രതിവിധിയായി അദ്ദേഹത്തോട് മണ്ഡലത്തിലേക്ക് പ്രചരണത്തിന് വരേണ്ടതില്ലെന്നും എല്ലാം പ്രവര്‍ത്തകര്‍ നോക്കുമെന്നും ഉറപ്പ് നല്‍കുകയായിരുന്നു. അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ ഈ ഉറപ്പിന്‍മേലാണ് ഖാഇദെ മില്ലത്ത് മത്സരത്തിനൊരുങ്ങിയത്. കോണ്‍ഗ്രസിന്റെ പി വി ഷൗക്കത്തലിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാക്കുളം മുഹമ്മദ് കുഞ്ഞുമായിരുന്നു എതിരാളികള്‍.
ഫലം വന്നപ്പോള്‍ മണ്ഡലത്തില്‍ ഒരിക്കല്‍ പോലും വരാത്ത ഇസ്മാഈല്‍ സാഹിബ് 4438 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് കയറി. 97290 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. ഷൗക്കത്തലിക്ക് 49971 വോട്ടും പ്രാക്കുളം മുഹമ്മദ് കുഞ്ഞിന് 92852 വോട്ടും ലഭിച്ചു. ഏറനാട്, വള്ളുവനാട് താലൂക്കുകള്‍ ചേര്‍ന്നതായിരുന്നു അന്ന് മഞ്ചേരി മണ്ഡലം. പിന്നീട് 1967ലും 1971ലും അദ്ദേഹം ജനവിധി തേടുകയും വിജയിക്കുകയും ചെയ്തു. 1971ലെ തിരഞ്ഞെടുപ്പില്‍ എതിരാളിയായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി എസ് പി മുഹമ്മദലിയോട് 1,19,837 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. തമിഴ്‌നാട് തിരുനെല്‍വേലി പേട്ടയില്‍ ജനിച്ച അദ്ദേഹം 1972 ഏപ്രില്‍ അഞ്ചിനാണ് അന്തരിച്ചത്.

Latest