Connect with us

Kerala

ബിജെപി ശക്തമായ മണ്ഡലങ്ങളില്‍ സിപിഎം മൂന്നാംസ്ഥാനത്ത്; വിശദീകരണവുമായി ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: കുട്ടനാട്ടില്‍ തന്റെ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. താന്‍ വിശദീകരിക്കാന്‍ ശ്രമിച്ചതെന്താണെന്ന് മനസിലാക്കാതെയാണ് വിവാദമുണ്ടാക്കാന്‍ ശ്രമം നടക്കുന്നത്. തന്റെ പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു താന്‍. മഞ്ചേശ്വരത്തും കാസര്‍കോടും യുഡിഎഫ് ഒന്നാമത് നില്‍ക്കുമ്പോള്‍ രണ്ടാംസ്ഥാനത്ത് ബിജെപിയാണ്. ഇതാണ് പല മണ്ഡലങ്ങളിലും കാണുന്നത്. ഇവിടങ്ങളില്‍ സിപിഎം മൂന്നാംസ്ഥാനത്താണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും എങ്ങനെ ധാരണയുണ്ടാക്കും? സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയിട്ട് അത് മറച്ചുവെക്കാനാണോ യെച്ചൂരി ശ്രമിക്കുന്നതെന്നാണ് താന്‍ ചോദിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ദേശീയ തലത്തില്‍ ബിജെപിയെ എതിര്‍ക്കാനും തോല്‍പ്പിക്കാനും ശക്തിയുള്ള ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ധാരണയുണ്ടെന്നു പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണ് സിപിഎം ശ്രമിക്കുന്നത്. അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.