Connect with us

Kerala

കേരളത്തിലെ പ്രബുദ്ധരായ ജനത ബി ജെ പിയെ തള്ളിക്കളയും: നിതീഷ് കുമാര്‍

Published

|

Last Updated

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി ജെ പിയെയും കടന്നാക്രമിച്ചും എല്‍ ഡി എഫിനെതിനെ മൗനം പാലിച്ചും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കേരളത്തില്‍ യു ഡി എഫിനായി പ്രചാരണത്തിനെത്തിയ അദ്ദേഹത്തോട് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ എല്‍ ഡി എഫിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും വ്യക്തമായ ഒരു മറുപടിയും നല്‍കാന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമായി. രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. മദ്യ ലഭ്യത കുറയുന്ന തരത്തില്‍ കേരള സര്‍ക്കാര്‍ നയം നടപ്പാക്കി. ഇതിന്റെ ചുവട് പിടിച്ച് ബീഹാര്‍ സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. ബീഹാറിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും ജനങ്ങളുടെയും പിന്തുണയോടെയാണ് ഇത് നടപ്പാക്കിയത്. ഗുജറാത്തില്‍ നേരത്തെ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ തന്നെ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും രാജ്യത്തും നിരോധനം ഏര്‍പ്പെടുത്തുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം.
അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ബി ജെ പി വെച്ചു പുലര്‍ത്തുന്നത്. കേരളത്തിലെ പ്രബുദ്ധരായ ജനത ഇവരെ തള്ളിക്കളയുമെന്ന കാര്യം ഉറപ്പാണ്. കേരളം മത സൗഹാര്‍ദ്ദത്തത്തിന്റെ നാടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എത്ര തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചാലും ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ കേരള ജനത സ്വീകരിക്കില്ല. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന പ്രചാരണങ്ങളായിരുന്നു ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി നടത്തിയത്. ബീഫ് നിരോധനവും ഘര്‍ വാപസിയും ലൗ ജിഹാദുമെല്ലാം അവര്‍ തിരഞ്ഞെടുപ്പ് വിഷയമാക്കി. എന്നാല്‍ ബീഹാര്‍ ജനത ഇതിനെ ചെറുത്ത് തോല്‍പ്പിച്ചു. ബി ജെ പി അധികാരത്തില്‍ എത്തിയാല്‍ വിദേശ ബേങ്കുകളിലുള്ള കള്ളപ്പണം തിരികെ കൊണ്ടുവരും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, കര്‍ഷക രക്ഷാ പദ്ധതികള്‍ നടപ്പാക്കും തുടങ്ങിയ നിരവധി കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മോഡി പറഞ്ഞിരുന്നു. എന്നാല്‍ അധികാരത്തില്‍ എത്തിയിട്ട് ജനങ്ങള്‍ക്കായി ശ്രദ്ധേയമായ ഒരു പദ്ധതി പോലും നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് നിതീഷ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് മോദി നിരവധി വാഗ്ദാനങ്ങള്‍ നല്‍കും. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ കാണില്ലെന്നും നിതീഷ് ആരോപിച്ചു.
കേരളത്തില്‍ ജെ ഡി യു ഉള്‍ക്കൊള്ളുന്ന യു ഡി എഫിന്റെ മുഖ്യ എതിരാളിയായ എല്‍ ഡി എഫിനെതിരെ ഒന്നും പ്രതകരിക്കാത്തത് എന്തെന്ന ചോദ്യത്തിന് ഇരു മുന്നണിയെയും ജനം വിലയിരുത്തും. കേരളത്തില്‍ ജെ ഡി യു യു ഡി എഫിനൊപ്പമാണ് മത്സരിക്കുന്നത്. മുമ്പ് എല്‍ ഡി എഫിനൊപ്പം മത്സരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ ജെ ഡിയുവും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണിയില്‍ ചേരാതെ ഇടത് പാര്‍ട്ടികള്‍ ഒറ്റക്ക് മത്സരിച്ചത് മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കിയെന്ന് കേരള മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഓരോ പാര്‍ട്ടിക്കും അതത് സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നയങ്ങളാണെന്ന് അദ്ദേഹം മറുപടി നല്‍കി. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന സി പി എം ബംഗാളില്‍ സഖ്യത്തിലാണ്. പ്രാദേശികമായ നയങ്ങളുടെ ഭാഗമാണിതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ജെ ഡി യു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ പങ്കെടുത്തു.
സംഗിച്ചു.

Latest