Connect with us

Editorial

ജിഷ വധം: പോലീസ് വീഴ്ച അന്വേഷിക്കണം

Published

|

Last Updated

ജിഷ വധക്കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും കേവല രാഷ്ട്രീയപ്രേരിതമായ ആരോപമാണിതെന്നുമായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. കേസുകള്‍ തെളിയിക്കാന്‍ സമയം വേണ്ടിവരുമെന്നതിനാലാണ് പ്രതികളെ പിടികൂടുന്നതില്‍ താമസം നേരിടുന്നതെന്നും അദ്ദേഹം ന്യായീകരിക്കുകയുണ്ടായി. എന്നാല്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത ഉദാസീനത ഉണ്ടായിട്ടുണ്ടെന്ന ആരോപണം വസ്തുതാപരമാണെന്ന് പോലീസ് മേധാവികള്‍ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഡി ജി പി സെന്‍കുമാര്‍ ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേസന്വേഷണം ആരംഭിക്കുന്നതിലും തെൡവ് ശേഖരണത്തിലും പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് മന്ത്രാലയം ഇക്കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
തങ്ങളുടെ കുടുംബത്തിന് ആക്രമണ ഭീഷണിയുണ്ടെന്ന് ജിഷ അക്രമിക്കപ്പെടുന്നതിന് നാളുകള്‍ക്ക് മുമ്പ് ജിഷയും മാതാവും പോലീസില്‍ പരാതിപ്പെട്ടതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പോലീസ് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകയോ അവര്‍ക്ക് സുരക്ഷ നല്‍കുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജിഷയുടെ മാതാവ് രാജേശ്വരി ഒരു സ്ഥിരം പരാതിക്കാരിയായത് കൊണ്ടാണ് അത് കാര്യമാക്കാതിരുന്നതെന്നാണ് അധികൃതരുടെ ന്യായീകരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചതും ചട്ടങ്ങള്‍ പാലിക്കാതെയാണ്. പോസ്റ്റ്‌മോര്‍ട്ടം വേളയില്‍ സി ഐയോ അതിന്റെ മുകളിലുള്ള പോലീസുദ്യോഗസ്ഥനോ സ്ഥലത്തുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. അന്വേഷണത്തിന്റെ ഭാഗമായി ഏതെല്ലാം അവയവങ്ങളുടെ സാമ്പിളുകളാണ് എടുക്കേണ്ടത് ഡോക്ടറോട് നിര്‍ദേശിക്കാനാണ് പോലീസ് ഉദ്യാഗസ്ഥന്റെ സാന്നിധ്യം. ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം വേളയില്‍ സ്ഥലത്ത് നിയമാനുസൃതമുള്ള ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. ഇതുമൂലം തെളിവ് ശേഖരണത്തിനുള്ള മുഖ്യമായൊരു സാധ്യതയാണ് നഷ്ടമായത്. ബലാത്സംഗം നടന്നതായി സന്ദേഹിക്കുന്ന കേസുകളില്‍ പുരുഷബീജത്തിന്റെ സാന്നിധ്യമൂണ്ടോ എന്ന് പരിശോധിക്കുന്നത് ഉള്‍പ്പെടെ പോലീസിന്റെ ഭാഗത്ത് നിന്ന് പല പ്രത്യേക നിര്‍ദശങ്ങളും ഉണ്ടാകാറുണ്ട്. കേസന്വേഷണത്തില്‍ നിര്‍ണായകമായിരിക്കും പലപ്പോഴും ഇത്തരം തെളിവുകള്‍.
കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും കേരള പോലീസ് മിടുക്കന്മാരാണെന്നാണ് പറയപ്പെടാറ്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ കുറ്റം തെളിയിക്കുന്നവ ദേശീയ തലത്തില്‍ 45 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 77.8 ശതമാനം വരുമെന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. 1922ല്‍ 19.6 ശതമാനം കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് തെളിയിക്കപ്പെട്ടിരുന്നത്. 2002ല്‍ ഇത് 50.2ശതമാനവും 2012ല്‍ 65 ശതമാനവും 2013ല്‍ 68 ശതമാനവുമായി ഉയര്‍ന്നു. അന്വേഷണ രീതികളിലെ നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗവും പ്രോസിക്യൂഷന്‍ നടപടികളിലെ കാര്യക്ഷമതയുമാണ് കേസന്വേഷണത്തിലെ പുരോഗതിക്ക് നിദാനമെന്നാണ് വിലയിരുത്തല്‍. തീര്‍ച്ചയായും ഇത് അഭിമാനിക്കത്തക്ക നേട്ടമാണ്. വസ്തുത ഇതാണെങ്കിലും ചില കേസുകളില്‍ പ്രത്യേകിച്ചും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും ദളിതുകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ അന്വേഷിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പലപ്പോഴും ഉദാസീനത കാണിക്കുന്നുണ്ട്. ദളിതനെന്ന് കേട്ടാല്‍ ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്ക് പൊതുവെ പുച്ഛമാണ്. കൂടെ ജോലി ചെയ്യുന്ന ദളിതുകളെ പോലും രണ്ടാം നമ്പറായി കാണുന്ന മനോഭവമാണ് അവര്‍ക്കിടയില്‍. 2013 മെയില്‍ കൊല്ലത്ത് നടന്ന പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഇക്കാര്യം പോലീസ് മേധാവികളുടെ മുഖത്ത് നോക്കി വെട്ടിത്തുറന്നു പറഞ്ഞതാണ്. ദളിത് വിഭാഗത്തില്‍ പെട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ കിട്ടുമെന്നായാല്‍ അവരെ ദ്രോഹിച്ചും പീഡിപ്പിച്ചും പുറത്ത് ചാടിക്കുന്ന നയമാണ് പോലീസിന്റേതെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. കോട്ടയം എം ജി സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥിനി ദീപയോട് സര്‍വകലാശാലാ അധികൃതര്‍ കാണിച്ച വിവേചനവും പീഡനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നാനോ സയന്‍സില്‍ പി എച്ച് ഡി ചെയ്യുന്ന ദീപക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇരിപ്പിടവും ലാബ് സൗകര്യവും നിഷേധിച്ചും മുറിയില്‍ പൂട്ടിയിട്ടുമായിരുന്നു അധികൃതര്‍ പീഡിപ്പിച്ചത്. ദളിത് ഉദ്യോഗസ്ഥന്‍ ഇരുന്ന കേസരയിലേക്ക് ഒരു “ഉന്നത” ജാതിക്കാരന്‍ സ്ഥലം മാറി വന്നപ്പോള്‍ ഓഫീസും പരിസരവും “ശുദ്ധികലശം” നടത്തിയതും കുളത്തില്‍ നിന്ന് കീഴ്ജാതിക്കാരന്‍ വെള്ളം ഉപയോഗിച്ചതിന് കുളത്തിലെ വെള്ളം മുഴുവന്‍ വറ്റിച്ചു “അശുദ്ധി” നീക്കിയതും ഈ സാംസ്‌കാരിക കേരളത്തിലായിരുന്നല്ലോ.
ഇതിന്റെ ബാക്കിപത്രം തന്നെയായിരിക്കണം ജിഷയുടെ അന്വേഷണത്തില്‍ പോലീസ് കാണിച്ച മെല്ലെപ്പോക്കും ഉദാസീനതയും. ദളിതരാകുമ്പോള്‍ അത്രയൊക്കെ മതിയെന്ന മനോഭാവം. പോലീസിന്റെ ഈ കൃത്യവിലോപത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് സാഹചര്യം മുന്നില്‍ കണ്ട് ഇത്തരം വീഴ്ചകളെ തമസ്‌കരിക്കുന്ന സര്‍ക്കാര്‍ നടപടി അപകടമാണ്.