Connect with us

Articles

എണ്ണയില്ലാതെ ജീവിക്കാന്‍ സഊദിയുടെ സുതാര്യ ദര്‍ശനം

Published

|

Last Updated

pump-jack group

“2020ല്‍ എണ്ണയില്ലെങ്കില്‍ പോലും ഞങ്ങള്‍ ജീവിക്കും”. സഊദി ഡെപ്യൂട്ടി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ വാക്കുകളാണിത്. കഴിഞ്ഞ വാരത്തില്‍ ലോകം മുഴുവന്‍ ശ്രദ്ധിച്ച പ്രഖ്യാപനം. പടിഞ്ഞാറിനെയും കിഴക്കിനെയും ഒരു പോലെ കണ്ണു തുറപ്പിക്കുകയും അറബ് ലോകത്ത്, വിശിഷ്യാ അറേബ്യന്‍ ഗള്‍ഫില്‍ ഉണര്‍വും ആത്മവിശ്വാസവും വളര്‍ത്തിയ വാക്കുകളായിരുന്നു ഇത്. പ്രഖ്യാപനത്തിനു ശേഷം വിശദമായ വാര്‍ത്താ സമ്മേളനം, മുഹമ്മദ് ബിന്‍ സല്‍മാനോട് ചോദ്യങ്ങളുന്നയിക്കാന്‍ അവസരം തേടി കൈ ഉയര്‍ത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചിത്രം രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ കൗതുകപൂര്‍വം പ്രസിദ്ധപ്പെടുത്തി. പിന്നീട് പ്രമുഖ അറബ് ടെലിവിഷനായ അല്‍ അറേബിയയയില്‍ ഒരു മണിക്കൂറോളം നീണ്ട ഇന്റര്‍വ്യൂ. സഊദി അറേബ്യയുടെ സമഗ്രവികസനം ലക്ഷ്യം വെക്കുന്ന ദേശീയ ദര്‍ശന രേഖ (വിഷന്‍ 2030) അവതരിപ്പിക്കുമ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഊന്നിപ്പറയുന്നത് സുതാര്യതയെക്കുറിച്ചാണ്. സുതാര്യതയുടെ കെമിസിട്രിയും ശരീരഭാഷയയും വ്യക്തമാക്കുക കൂടിയായിരുന്നു അദ്ദേഹം. സഊദിയെക്കുറിച്ച് ലോകം മനസ്സിലാക്കിവെച്ച ധാരണകളെയെല്ലാം മാറ്റിമറിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
അല്‍ അറബിയ ഇന്റര്‍വ്യൂവില്‍ വാര്‍ത്താ തലക്കെട്ടുകളാകാന്‍ സാധ്യതയുള്ള വാചകത്തെ ഖണ്ഡിക്കുന്നുണ്ട് അദ്ദേഹം, ഇത് “പുതിയ സഊദി” സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ആശയമല്ല എന്നായിരുന്നു തിരുത്ത്. രാജ്യത്തിന്റെ നവീകരണമാണ്, സാമ്പത്തിക വൈവിധ്യവത്കരണത്തിലൂടെ, വ്യവസായത്തെയും ടൂറിസത്തെയും ബന്ധിപ്പിച്ച് നാടിന്റെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വികസനം. പൗരന്മാര്‍ക്കെല്ലാം പാര്‍പ്പിടവും തൊഴിലും. ജീവിതനിലവാരത്തിന്റെ ഉയര്‍ച്ച, മികച്ച വിദ്യാഭ്യാസം, വിനോദം തുടങ്ങി ജനതയുടെ പുരോഗതിക്കൊപ്പം സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള ഭരണകൂട നയം. ഇത്ര ശക്തമായി അവതരിപ്പിക്കപ്പെട്ട കാഴ്ചപ്പാട്, സമകാലിക അറേബ്യന്‍ രാഷ്ട്രീയ ചരിത്രത്തലുണ്ടോ എന്ന് നിരീക്ഷകര്‍ കൗതുകം പ്രകടിപ്പിക്കുന്നു. വെള്ളം, വൈദ്യുതി, എണ്ണ തുടങ്ങിയവക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കുന്നതിന് അദ്ദേഹം മുന്നോട്ടുവെക്കുന്ന ന്യായം അത്രക്കു സൂക്ഷ്മമാണ്. എഴുപത് ശതമാനം വരുന്ന ഉപരിവര്‍ഗ, ധനാഢ്യ സമൂഹത്തിന് ആസ്വദിക്കുന്നതിന് വേണ്ടിയാണ് സബ്‌സിഡിയെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടും മൂന്നും വീടുകളും അഞ്ചും ആറും വാഹനങ്ങളും സൗകര്യങ്ങളുമെല്ലാമായി ഇവര്‍ വെള്ളവും വൈദ്യുതിയും ഇന്ധനവും സര്‍ക്കാര്‍ സഹായത്താല്‍ ഉപയോഗിച്ചു തീര്‍ക്കുന്നു. 30 ശതമാനം പാവപ്പെട്ടവര്‍ക്കു മാത്രമാണ് സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുന്നത്. അതുകൊണ്ട് രാജുകുടുംബാംഗങ്ങളുള്‍പ്പെടെ ഉപരിവര്‍ഗത്തിന് സുഖിക്കാന്‍ സൗജന്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ഇടര്‍ച്ചയില്ലാത്ത പറച്ചില്‍. ഇതൊരു വാഗ്ദാനമാണോ എന്ന അല്‍ അറബിയ ചാനലിന്റെ ഇടക്കു കയറിയുള്ള ചോദ്യത്തിന്, വാഗ്ദാനമല്ല, സംഭവിക്കാന്‍ പോകുന്നതാണ് എന്നായിരുന്നു മറുപടി. 30 ശതമാനം പാവപ്പട്ടെവരെ സഹായിക്കാന്‍ പദ്ധതികളുണ്ട് എന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസവും ഇടങ്കോലുകളുമാകുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അക്രമിക്കുകയാണ്. ബ്യൂറോക്രസിയുടെ ശത്രുവാണ് താന്‍ എന്ന് പരസ്യമായി പ്രഖ്യാപിച്ചു കൊണ്ടാണ്, സല്‍മാന്‍ രാജാവ് അധികാരമേറ്റ ശേഷം ബ്യൂറോക്രസിയുടെ അവസരങ്ങള്‍ കുറച്ചുകൊണ്ടു വരുന്നതിന് സ്വീകരിച്ച പരിഷ്‌കാരങ്ങള്‍ അദ്ദേഹം വിവരിച്ചത്. ഭരണ സംവിധാനത്തിലെ പിരമിഡ് രീതിയില്‍ വരുത്തിയ പുനഃക്രമീകരങ്ങളിലൂടെ ഇടനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെക്യൂരിറ്റി, പൊളിറ്റിക്കല്‍, ഇകണോമിക്, ഡെവലപ്‌മെന്റ് കൗണ്‍സിലുകള്‍ പിരിച്ചുവിട്ട് രണ്ട് കൗണ്‍സിലുകള്‍ മാത്രമാക്കുകയും എക്‌സിക്യൂട്ടീവിലേക്ക് അധികാരം കേന്ദ്രീകരിക്കുകയും ചെയ്തത് ഭരണവേഗത്തിനു വഴിയൊരുക്കി. നമുക്കു കാത്തിരിക്കാന്‍ സമയമില്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ആസൂത്രണത്തിനു പോലും കാത്തുനില്‍ക്കുന്നില്ല. പെട്ടെന്നുള്ള തീരുമാനങ്ങള്‍ക്ക് 2015 സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2016 കുറേക്കൂടി വ്യവസ്ഥാപിതമായി തന്നെ ആസൂത്രണം ചെയ്യുന്നു. 2017ല്‍ വിഷന്‍ പ്രോഗ്രാമിലേക്ക് രാജ്യം പ്രവേശിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു.
അഴിമതിക്കെതിരായ നിലപാടുകളിലും ഈ അറബ് ഭരണാധികാരിയുടെ നിലപാടുകള്‍ ഉറച്ചതാണ്. രാജ്യത്തെ സര്‍വ മേഖലയിലും അഴിമതിയും ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളും നിലനില്‍ക്കുന്നു എന്നു സമ്മതിച്ചു കൊണ്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നത്. കൈക്കൂലിക്കെതിരായ ദേശീയ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണ്. ഒരു വര്‍ഷം മുമ്പ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ മേധാവിയെ മാറ്റിയ കാര്യം എടുത്ത് പറഞ്ഞ് അനുയോജ്യരായ ഉദ്യോഗസ്ഥരായിരിക്കും ചുമതലകളിലുണ്ടാകുക എന്ന സന്ദേശവും നല്‍കി. അഴിമതിക്കതിരെ ശക്തമായ നിലപാട് രാജ്യം സ്വീകരിക്കുന്നു. ഇതുവഴി ഇപ്പോള്‍ ലോകത്ത് ശരാശരി അഴിമതി കുറഞ്ഞ രാജ്യമാണ് സഊദി. അഴിമതി കുറയ്ക്കാന്‍ സ്വകാര്യവത്കരണവും ഒരു ഓപ്ഷനായി അവതരിപ്പിക്കുന്നുണ്ട്. സഊദി അറേബ്യയിലെ വന്‍കിട കമ്പനിയായ അരാംകോയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതു വഴി കൈവരുന്ന രാജ്യാന്തര സ്വഭാവമുള്ള മാനേജ്‌മെന്റ് സംവിധാനത്തിലൂടെ അഴിമതി ഇല്ലായ്മ ചെയ്യാനാകുമെന്നാണ് കണക്കു കൂട്ടല്‍.
സുതാര്യതയെക്കുറിച്ച് വല്ലാതെ സംസാരിക്കുന്നുണ്ടല്ലോ, സത്യത്തില്‍ എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന സംശയത്തിന് സുതാര്യതയുടേതാണ് നാളത്തെ ലോകം എന്ന കാഴ്ചപ്പാടിലൂടെയാണ് മുഹമ്മദ് തന്റെ തുറന്ന നയം വിശദീകരിക്കുന്നത്. സുതാര്യതയില്ലാതെ സമൂഹത്തില്‍ ജീവിക്കുക സാധ്യമല്ല. പുതിയ സമൂഹത്തില്‍ നിന്ന് എന്തെങ്കിലും മറച്ചുപിടിക്കുക വെല്ലുവിളിയാണ്. പൗരന്‍മാര്‍ക്ക് എല്ലാ വിവരങ്ങളും നല്‍കണം. സ്വകാര്യ മേഖല, പൊതുമേഖല തുടങ്ങിയ എല്ലാ വിഭാഗങ്ങളും എല്ലാം അറിയണം. അവരുമായി സംവാദങ്ങളും നടക്കണം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കും സെന്‍സര്‍ഷിപ്പിനും ഏറ്റവും സഹായകമായ ഘടകം സുതാര്യതയാണെന്നും അദ്ദേഹം പറയുന്നു.
ഖുര്‍ആനും സുന്നത്തും കഴിഞ്ഞാല്‍ പിന്നെ എണ്ണ എന്നതായിരുന്നു നമ്മുടെ ഒരു പൊതു കാഴ്ചപ്പാട്. എണ്ണ തീര്‍ച്ചയായും ഒരു ഘടകമാണ്. എന്നാല്‍ അതൊരു നിക്ഷേപം മാത്രമാണ്. നിക്ഷേപം ഇല്ലെങ്കിലും നമുക്കു ജീവിക്കണം. എണ്ണവില ഇടിഞ്ഞതു കൊണ്ട് തയ്യാറാക്കുന്ന ആശയമല്ല വിഷന്‍. എണ്ണക്ക് വില കിട്ടിയാല്‍ അതു നമ്മെ കുറേ സഹായിക്കും. എന്നാല്‍ എണ്ണയില്ലാതെയും ജീവിക്കാനാകണം. എണ്ണക്കു വില കൂടിയില്ലെങ്കിലും സഊദി ലോകത്തെ വന്‍ ശക്തയായി നിലനില്‍ക്കും. ലോകത്തെ വലിയ നിക്ഷേപധനമുള്ള രാജ്യമാകും സഊദി. ലോകത്ത് ഒരിടത്തും സഊദി നിക്ഷേപധനത്തിന്റെ സമ്മതമില്ലാതെ ഒരു നിക്ഷേപവും നിക്ഷേപനീക്കവും നടക്കില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു വെക്കുന്നുണ്ട്. നിക്ഷേപത്തിലൂടെ വരുമാനമുണ്ടാക്കാനാണ് സഊദി ഉന്നം വെക്കുന്നത്.
സഊദി അറാംകോയുടെ അഞ്ച് ശതമാനം ഓഹരികള്‍ പൊതു മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചു കൊണ്ടാണ് സാമ്പത്തിക വൈവിധ്യവ്തകരണത്തിന്റെ ദേശീയ ദര്‍ശനം സഊദി അവതരിപ്പിക്കുന്നത്. എന്തുകൊണ്ട് അഞ്ച് ശതമാനം മാത്രം എന്ന നിസ്സാരവത്കരണത്തോട് അറാംകോയുടെ അഞ്ചു ശതമാനം എന്നാല്‍ എത്ര ഡോളറാണെന്ന് അറിയാമോ എന്ന മറുചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്. രണ്ടു ട്രില്യന്‍ ഡോളറാണത്. അഥവാ ഏഴു ട്രില്യന്‍ സഊദി റിയാല്‍ (700 ലക്ഷം റിയാല്‍). അറാംകോയുടെ ഒരു ശതമാനമാണെങ്കില്‍ പോലും അത് ചരിത്രത്തിലെ ഏറ്റവും വലിയ ഐ പി ഒ ആയിരിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ദേശീയ ദര്‍ശനരേഖയിലെ വിശദാംശങ്ങളേക്കാള്‍ അതു നടപ്പിലാക്കാന്‍ സഊദിയുടെ ഭരണ രംഗത്തും മനോഭാവങ്ങളിലും വന്ന മാറ്റങ്ങളെ വിശദീകരിക്കാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യഘട്ടത്തില്‍ സന്നദ്ധനാകുന്നത്. അഥവാ സഊദി ഏറെ മാറുന്നു, ലോകത്തിന് വലിയ സന്ദേശം നല്‍കുന്നു എന്ന മുഖവുരയോടെ. സൈനിക മേഖലയിലെ ഒഴിവാക്കാവുന്ന ചെലവുകളുള്‍പ്പെടെ എടുത്തു പറഞ്ഞ് സാമ്പത്തിക നിയന്ത്രണത്തിന്റെ സൂക്ഷ്മതകള്‍ സൂചിപ്പിക്കുമ്പോഴും സഊദി പൗരന്‍മാരുടെ വിദ്യാഭ്യാസ, തൊഴില്‍, ജീവിത രംഗത്തെ പുരോഗതിയെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നു. തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് പൗരന്‍മാരെ പഠിപ്പിക്കും. എല്ലാവരും ജോലി ചെയ്യണം എന്നതാണ് കാഴ്ചപ്പാട്. യുവാക്കള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് അവരോട് സംവാദങ്ങള്‍ നടത്തി സോഷ്യല്‍ മീഡിയ ആശയവിനിമയങ്ങളിലൂടെ ന്യൂജന്‍ മനസ്സുകളെ സ്വാധീനിച്ചാണ് വിഷന്‍ പ്രയോഗത്തിലേക്ക് വരുന്നത്.
സഊദി കിംഗ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി പ്രഥമഘട്ടത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത ശേഷം മാത്രം സര്‍ക്കാര്‍ രംഗത്തേക്കു വരികയും റോയല്‍ കോര്‍ട്ട് ചീഫായും പ്രിന്‍സ് കോര്‍ട്ട് മേധാവിയായും പ്രവര്‍ത്തിച്ച് കഴിഞ്ഞ വര്‍ഷം ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായി അധികാരമേല്‍ക്കുകയും സഊദിയുടെ നേതൃത്വത്തില്‍ യമനില്‍ ഹൂത്തികള്‍ക്കെതിരായ സൈനിക പോരാട്ടത്തിനു നിര്‍ദേശം നല്‍കുകയും ചെയ്ത് ഭരണ, നയതന്ത്ര രംഗത്ത് മികവു പുലര്‍ത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു വര്‍ഷത്തെ വിശദമായ കൂടിയാലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വിഷന്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകരിച്ച ശേഷം ദര്‍ശന രേഖയെ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതെല്ലാം മുഹമ്മദാണ്. തന്റെ ഭരണ നിര്‍വഹണ രംഗത്ത് ബിസിനസ് പ്രൊഫഷനലുകളെ ചുമതലപ്പെടുത്തി വേഗവും സുതാര്യതയും ആധുനികവത്കരണവും കൊണ്ടുവരാനും അദ്ദേഹം തയ്യാറായിരിക്കുന്നു.
ഭരണ രംഗത്തെ പ്രൊഫഷനലിസത്തെയും മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിമാനത്തോടെ വിവരിക്കുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍വഹിക്കുന്നതിലെ കാര്യക്ഷമതക്ക് പി എം ഒ അദ്ദേഹം പരിചയപ്പെടുത്തുന്നു. എന്താണ് പി എം ഒ എന്ന ചോദ്യം ചോദിപ്പിച്ചാണ് അദ്ദേഹം പ്രൊജക്ട് മാനേജ്‌മെന്റ് ഓഫീസ് എന്നു വിശദീകരിക്കുന്നത്. കൂടാതെ ഗവണ്‍മെന്റ് പെര്‍ഫോമന്‍സ് ഇവാല്യൂഷന്‍ സെന്റര്‍ സ്ഥാപിച്ചിരിക്കുന്നു. ഓരോ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് കുറവുകള്‍ കണ്ടെത്തി മൂന്നു മാസത്തിലൊരിക്കല്‍ മന്ത്രിസഭക്കു സമര്‍പ്പിക്കുകയാണ് സെന്ററിന്റെ ദൗത്യം. മന്ത്രിസഭ ഇതു ചര്‍ച്ചക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കുന്നു. മുഹമ്മദിന്റെ വിശദീകരണങ്ങള്‍ ലോകത്തെ ഒരുപാട് രാജ്യങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്, പാഠപുസ്തകമാണ്. സഊദിയുടെ കാര്യക്ഷമത വികസിപ്പിക്കുകയാണ് ഞങ്ങള്‍ എന്ന് അദ്ദേഹം വിനയാന്വിതനാകുകയും ചെയ്യുന്നു.
ഉംറ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ത്തുക, രാജ്യത്ത് ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുക, വിനോദ അവസരങ്ങള്‍ സൃഷ്ടിക്കുക, നിക്ഷേപങ്ങളിലൂടെ കൂടുതല്‍ വ്യവസായം കൊണ്ടുവരിക, വിദേശികള്‍ക്ക് കൂടുതല്‍ വാസാവകാശങ്ങള്‍ നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് തുടങ്ങി സഊദി സമ്പദ്ഘടനയെ സ്വയം പര്യാപ്തമാക്കുന്നതിനൊപ്പം രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരവും അടിസ്ഥാന സൗകര്യങ്ങളും വന്‍തോതില്‍ വികസിപ്പിക്കുന്ന സമഗ്ര ദര്‍ശനത്തെക്കുറിച്ചുള്ള വിശകലനങ്ങളും പഠനങ്ങളും രാജ്യാന്തര, അറബ്, മിഡില്‍ ഈസ്റ്റ് മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുകയാണ്. വ്യവസായവും വികസനവും ലക്ഷ്യം വെക്കുന്നതു കൊണ്ടു തന്നെ രാജ്യത്ത് തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുന്നതോടെ വിദേശികള്‍ക്കും അവസരങ്ങള്‍ വര്‍ധിക്കും. എന്നാല്‍ സബ്‌സിഡി നിര്‍ത്തലാക്കുക പോലുള്ള നിയന്ത്രണങ്ങളുടെ ഭാരം പ്രവാസികളും വഹിക്കേണ്ടി വരും. നടന്നു വരുന്ന ഒരു പദ്ധതിയും സാമ്പത്തിക പ്രതസന്ധിയുടെ പേരില്‍ നിര്‍ത്തലാക്കില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഇരു ഹറമുകളിലുള്‍പ്പെടെ വലിയ വികസനം വൈകാതെ ആരംഭിക്കുമെന്നും പറയുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ ദര്‍ശനരേഖയിലെ ഓരോ അധ്യായത്തെക്കുറിച്ചുമുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയാണ് അറബ് മാധ്യമങ്ങളിപ്പോള്‍.