Connect with us

Kerala

ചരിത്രം തിരുത്തി ഗവര്‍ണര്‍ വോട്ട് ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് ചെയ്യുന്ന ഗവര്‍ണറാകാന്‍ തയ്യാറെടുത്ത് പി സദാശിവം. ആദ്യമായാണ് കേരള ഗവര്‍ണര്‍ക്ക് കേരളത്തില്‍ വോട്ടവകാശം ലഭിക്കുന്നത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് ഗവര്‍ണറുടെ വോട്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച ഗവര്‍ണര്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെ രാജ്ഭവനിലെത്തിയ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ ഗവര്‍ണര്‍ക്കും ഭാര്യ സരസ്വതി സദാശിവത്തിനുമുള്ള വോട്ടര്‍ സ്ലിപ്പ് കൈമാറി. ജവഹര്‍ നഗര്‍ എല്‍ പി സ്‌കൂള്‍ ആന്‍ഡ് നഴ്‌സറി സ്‌കൂളിലെ 68ാം നമ്പര്‍ ബൂത്തിലാണ് ഇരുവര്‍ക്കും വോട്ട്.
ഗവര്‍ണറുടെ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ധോദാവത്ത്, ഡെപ്യൂട്ടി കലക്ടര്‍ (തിരഞ്ഞെടുപ്പ്) ഷീബാ ജോര്‍ജ്, തഹസീല്‍ദാര്‍ എന്‍ രാജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാബു മാത്യു, ശാസ്തമംഗലം വില്ലേജ് ഓഫീസര്‍ ഡി ഹരികുമാര്‍ എന്നിവരും വോട്ടര്‍ സ്ലിപ്പ് കൈമാറിയ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം ഈമാസം 11ന് മുമ്പായി വോട്ടര്‍ സ്ലിപ്പുകളുടെ വിതരണം പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ലിപ്പ് യഥാസമയം കിട്ടാത്തവര്‍ ബി എല്‍ ഒമാരുമായി ബന്ധപ്പെട്ട് സ്ലിപ്പ് കൈപ്പറ്റണം. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ഥമായി ഇത്തവണം പോളിംഗ് ബൂത്തുകളില്‍ സ്ലിപ്പ് വിതരണം ഉണ്ടാകില്ല. 11 വരെയായി സ്ലിപ്പ് വിതരണം പൂര്‍ത്തിയാക്കിയ ശേഷം ബാക്കിയാവുന്ന സ്ലിപ്പുകള്‍ തഹസീല്‍ദാര്‍ സൂക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest