Connect with us

Ongoing News

ആയുര്‍വേദ നാട്ടില്‍ കരുത്തരുടെ പടയോട്ടം

Published

|

Last Updated

ചരിത്രം വഴിമാറി വന്ന കുറ്റിപ്പുറത്ത് നിന്ന് പിറവി എടുത്തതാണ് കോട്ടക്കല്‍ മണ്ഡലം. എതിരാളികള്‍ ആരായാലും വിയര്‍പ്പറിയിക്കാതെ വിനയത്തിന്റെ കോണികയറ്റിവിട്ടിരുന്ന ലീഗ് കോട്ടയായിരുന്നു കുറ്റിപ്പുറം. കൊരമ്പയില്‍ അഹ്മദ് ഹാജിക്ക് മുപ്പതിനായിരത്തിന്റെ ഭൂരിപക്ഷം കൈവെള്ളയില്‍ വെച്ചു കൊടുത്ത നാടായിരുന്ന കുറ്റിപ്പുറമാണ് പിന്നീട് കോട്ടക്കലായത്. കന്നി അങ്കത്തില്‍ അബ്ദുസമദ് സമദാനിയും എന്‍ സി പി യിലെ സി പി കെ ഗുരുക്കളും തമ്മിലായിരുന്നു പോരാട്ടം. തണുപ്പന്‍ പ്രതികരണത്തോടെ നീങ്ങിയ മത്സരം ലീഗിന് വന്‍ വിജയം സമ്മാനിച്ചു. പക്ഷേ, ഇക്കുറി മണ്ഡലത്തിന്റെ ചരിത്രം അതല്ല. ഇരു പക്ഷത്തും സ്ഥാനാര്‍ഥികള്‍ കരുത്തരാണ്.
സിറ്റിംഗ് എം എല്‍ എ അബ്ദുസമദ് സമദാനിക്ക് പകരം ആബിദ് ഹുസൈന്‍ തങ്ങളാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. തൊട്ടടുത്ത മണ്ഡലമായ മങ്കടയിലെ മുസ്‌ലിം ലീഗ് പ്രസിഡന്റാണ് ആബിദ് തങ്ങള്‍.
മുസ്‌ലിം ലീഗ് നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് കൊണ്ട് ലീഗ് പ്രചാരണത്തില്‍ മുന്നേറി. എന്‍ സി പിയുടെ എന്‍ എ മുഹമ്മദ് കുട്ടിയാണ് ഇടത് സ്ഥാനാര്‍ഥി. ഇടതിന്റെ കരുത്തനായ സ്ഥാനാര്‍ഥിയാണിദ്ദേഹം. പ്രചാരണത്തില്‍ മുന്നിലെത്തിയിരുന്ന ലീഗിനൊപ്പം ഇവരും കുതിച്ചെത്തിയതോടെ പോരാട്ടം മുറുകി. ലീഗ് വിജയം ഉറപ്പിച്ച മണ്ഡലമാണെങ്കിലും നാളുകള്‍ പിന്നിടും തോറും ചെറിയ ആശങ്ക ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. മുന്‍ എം എല്‍ എയുടെ വികസന പ്രവര്‍ത്തനങ്ങളെക്കാളെറെ തുടര്‍ന്ന് നടപ്പിലാക്കുന്ന വികസന കാര്യങ്ങളാണ് ലീഗ് മുന്നോട്ട് വെക്കുന്നത്. കുടിവെള്ളമാണ് മണ്ഡലം നേരിടുന്ന മുഖ്യ പ്രശ്‌നം. ഇതിനായി നടപ്പിലാക്കുന്ന തിരുന്നാവായ ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതി അവസാന ഘട്ടത്തിലാണെന്ന് ലീഗ് പറയുന്നു. മാറാക്കര, തിരുന്നാവായ പഞ്ചായത്തുകളിലാണ് ഇവ അവസാന ഘട്ടത്തില്‍ എത്തി നില്‍കുന്നതെന്നാണ് അവകാശം.
സര്‍ക്കാര്‍ തലത്തില്‍ കോളജ് മണ്ഡലത്തല്‍ കൊണ്ടു വരുമെന്നും ലീഗ് പ്രചാരണത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നു. പ്രചാരണത്തില്‍ കഴിഞ്ഞ തവണ എം എല്‍ എ നടപ്പലാക്കിയ കാര്യങ്ങള്‍ എടുത്ത് പറയുന്നുണ്ട്. 450 കോടിയുടെ സമഗ്രവികസനം മണ്ഡലത്തില്‍ നടത്തിയെന്ന് മണ്ഡലം എം എല്‍ എ അവകാശപ്പെടുന്നു. കോട്ടക്കല്‍ റൂറല്‍ ട്രഷറി , കാടാമ്പുഴ പോലീസ് സ്റ്റേഷന്‍, വളാഞ്ചേരി കുടിവെള്ള പദ്ധതി, കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് നിര്‍മാണം, കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായ നിറവ്പദ്ധതി, ഐറിഷ് മോഡല്‍ ഡ്രൈനേജ്, മാറാക്കരയില്‍ ജില്ലാ മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍, ഇരിമ്പിളിയത്തും കോട്ടക്കലിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങിയവയാണ് വികസന നേട്ടങ്ങളായി എടുത്ത് കാണിക്കുന്നത്.
അതേ സമയം ശക്തമായ പ്രചാരണവുമായി കടന്നു വന്ന ഇടത് മുന്നണി ലീഗിന്റെ എല്ലാ അവകാശ വാദങ്ങളും പൊളിച്ച് കൈയില്‍ കൊടുക്കുന്നുണ്ട്. കുടിവെള്ളം, ഗതാഗതം, സര്‍ക്കാര്‍ ആശുപത്രി തുടങ്ങി ഒന്നു പോലും കോട്ടക്കലില്ല. ഏറെ പ്രസിദ്ധമായ കോട്ടക്കല്‍ ഗ്രാമത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പോലും കഴിഞ്ഞ തവണത്തെ മണ്ഡലം പ്രതിനിധിക്കായില്ലെന്ന് സ്ഥാപിക്കുകയാണ് ഇടത് പക്ഷം.
നാടിനപ്പുറം പ്രസിദ്ധിയുള്ള മണ്ഡലത്തില്‍ ഗവ. കോളജ് പോലുമില്ല. ആശുപത്രിയുടെ അവസ്ഥയും ഇത് തന്നെ. എന്ന പ്രചാരണമാണ് ഇടത് പക്ഷത്ത് നിന്നുയരുന്നത്. ഇതിനൊപ്പം മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സറിഞ്ഞ വികസ സ്വപ്‌നങ്ങളും ഇവര്‍ പ്രചാരണ ആയുധമാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭമാണ് പ്രധാനം. വ്യവസായ രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച തങ്ങളുടെ സ്ഥാനാര്‍ഥിയെ തന്നെയാണ് ഇവര്‍ ഇതിനായി പരിചയപ്പെടുത്തുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വെല്ലുവിളി നേരിടുന്ന കേരളത്തില്‍ വിപ്ലവകരമായ ആശയത്തിലൂടെ മാറ്റങ്ങള്‍ സൃഷ്ടിച്ച സംരഭകനാണ് ഇടത് സ്ഥാനാര്‍ഥിയായ എന്‍ എ മുഹമ്മദ് കുട്ടി എന്നും അദ്ദേഹത്തിന്റെ സാനിദ്ധ്യം മണ്ഡലത്തില്‍ വന്‍ മുന്നേറ്റത്തിന് കാരണമാകുമെന്നും എല്‍ ഡി എഫ് ചൂണ്ടിക്കാണിക്കുന്നു. ഇതൊടൊപ്പം മണ്ഡലത്തില്‍ ഉണ്ടായ പുതിയ തരംഗങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയും ഇടതിനുണ്ട്.
അടിയൊഴുക്കുകളും യു ഡി എഫിനകത്തെ പടലപ്പിണക്കവും തങ്ങള്‍ക്കനുകൂലമാകുമെന്ന് വിശ്വസിക്കുന്നുണ്ടിവര്‍. കോണ്‍ഗ്രസില്‍ നല്ലൊരു വിഭാഗം ഇടഞ്ഞ് നില്‍ക്കുന്നുണ്ട് മണ്ഡലത്തല്‍. മാറാക്കരയാണ് ഇക്കാര്യത്തില്‍ മുമ്പില്‍. ഇവിടെ ലീഗ് വിരുദ്ധ മുന്നണിക്കാണ് ഭരണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടാക്കിയ കൂട്ടി യോജിപ്പിക്കല്‍ പോലും ഇവിടെ ഫലം കണ്ടിട്ടില്ല. കോട്ടക്കല്‍ നഗരസഭ, വളാഞ്ചേരി നഗരസഭ, എടയൂര്‍, ഇരിമ്പിളിയം, മാറാക്കര, കുറ്റിപ്പുറം, പൊന്‍മള പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കോട്ടക്കല്‍ മണ്ഡലം.
കോട്ടക്കല്‍, വളാഞ്ചേരി മുനിസിപ്പാലിറ്റികളും കുറ്റിപ്പുറം പഞ്ചായത്തും യു ഡി എഫ് ഭരണത്തിലാണ്. ഇരിമ്പിളിയത്ത് ജനതാദളിന്റെ പിന്തുണയോടെയാണ് ഭരണം. ഒരു സ്വാതന്ത്ര അംഗത്തിന്റെ ബലത്തിലാണ് പൊന്‍മള പഞ്ചായത്ത് ഭരണം യു ഡി എഫ് നയിക്കുന്നത്. മാറാക്കരയില്‍ ലീഗ് വിരുദ്ധ സമ്പാര്‍ മുന്നണിക്കാണ് അധികാരം. എടയൂര്‍ ഇടതിന്റെ കൈയിലാണ്. കുറ്റിപ്പുറത്തിന്റെ ആവര്‍ത്തനമാണ് ഇടത് ലക്ഷ്യം. എന്ത് വന്നാലും ചരിത്രം വഴി മാറുന്നതിനു മുമ്പുള്ള കുറ്റിപ്പുറമാണ് ലീഗ് ലക്ഷ്യവെക്കുന്നത്. ഇവര്‍ക്ക് പുറമെ ബി ജെ പി യുടെ വി ഉണ്ണി കൃഷ്ണനും പി ഡി പിയുടെ കുഞ്ഞുമുഹമ്മദും എസ് ഡി പി ഐ സ്ഥാനാര്‍ഥിയായി കെ പി ഒ റഹ്മത്തുല്ലയും മത്സര രംഗത്തുണ്ട്.

Latest