Connect with us

Gulf

വരവായി ഈത്തപ്പഴക്കാലം

Published

|

Last Updated

മസ്‌കത്ത്:ചൂട് കനത്തു. ഈന്തപ്പനകള്‍ കായ്ച്ചുതുടങ്ങി. മരുഭൂവില്‍ ഇനി ഈത്തപ്പഴക്കാലം. ചൂട് കനത്തതോടെയാണ് ഈന്തപ്പനകള്‍ കായ്ച്ചുതുടങ്ങിയത്. വരും നാളുകളില്‍ മൂപ്പെത്തും. തുടര്‍ന്ന് വിളവെടുപ്പ് ആരംഭിക്കും. ഇതോടെ ഒരു ഈത്തപ്പഴക്കാലത്തിനു കൂടി തുടക്കമാവും.
ഇത്തവണ വൈകിയാണ് ചൂടെത്തിയത്. അതുകൊണ്ട് തന്നെ ഈന്തപ്പനകള്‍ കായ്ക്കാനും വൈകി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വിളവെടുപ്പിനു പാകമായിരുന്നു. ജൂണ്‍ മാസത്തോടെ വിളവെടുപ്പും ആരംഭിച്ചു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മണലാരണ്യത്തിലെ പ്രധാന കൃഷിയായ ഈന്തപ്പന കൃഷിയേയും ബാധിച്ചു. മിക്കയിടങ്ങളിലെയും ഈത്തപ്പനകള്‍ കായ്ച്ചു തുടങ്ങിയിട്ടുണ്ട്. പഴങ്ങള്‍ വലുതായി വരുന്നതേയുള്ളൂ. ചിലയിടങ്ങളില്‍ പൂക്കുലകള്‍ മാത്രമാണ് വിരിഞ്ഞിരിക്കുന്നത്.
കൃഷിയിടങ്ങളിലെയും, പാതയോരങ്ങളിലെയും ഉദ്യാനങ്ങളിലെയും ഈത്തപ്പനകള്‍ കായ്ച്ചു. ഇതോടെ ഈന്തപ്പന കര്‍ഷകരും ഉണര്‍ന്നു. പഴങ്ങള്‍ നശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും ആരംഭിച്ചു. രോഗം ബാധിച്ചും ഉണങ്ങിയും നശിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് പുലര്‍ത്തുന്നത്. ഈന്തപ്പനക്കുലകള്‍ പ്രത്യേക വലകള്‍ ഉപയോഗിച്ച് സൂക്ഷിക്കുന്നു.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഈന്തപ്പനകള്‍ ഇതിനകം കായ്ച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ എവിടെയും വിളവെടുപ്പിനു പാകമായിട്ടില്ല. പഴുക്കാന്‍ നാളുകളെടുക്കും. ചൂട് ഒന്നുകൂടി കനക്കുന്നതോടെ മാത്രമെ പാകമാകൂ. അതു കൊണ്ടുതന്നെ ഈന്തപ്പന കര്‍ഷകര്‍ വിളവെടുപ്പിനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടില്ല. അതേസമയം, പ്രത്യേക പരിചരണം ആരംഭിച്ചിട്ടുണ്ട്.
ഈന്തപ്പനകളും, അതിന്റെ ചുവടുകളും വൃത്തിയാക്കുന്ന ജോലികള്‍ പലയിടത്തും ആരംഭിച്ചുകഴിഞ്ഞു. വിളവെടുത്താല്‍ പഴം സൂക്ഷിക്കുന്നതിനു പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തയ്യാറെടുപ്പുണ്ട്. രാജ്യത്തെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളിലൊന്നായതിനാല്‍ ഈത്തപ്പഴത്തിനു പ്രത്യേക പരിഗണനയും ശ്രദ്ധയുമാണ് ഭരണകൂടം നല്‍കുന്നത്.
രാജ്യത്തെ പ്രധാന ചന്തകളിലെല്ലാം ഈത്തപ്പഴത്തിനായി പ്രത്യേക ചന്തകളാണ് ഒരുക്കാറുള്ളത്. പച്ചക്കറിമാര്‍ക്കറ്റിനു വെളിയിലാണ് ഈത്തപ്പഴത്തിനായി പ്രത്യേക ചന്തകള്‍ ഒരുക്കിയിരുന്നത്. ഒമാന് പുറമെ ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഈത്തപ്പഴങ്ങളും ചന്തയില്‍ ലഭ്യമായിരുന്നു.
ഇക്കുറി വിശുദ്ധ റമസാനാരംഭത്തിലും ഈത്തപ്പഴ വിളവെടുപ്പിനു സാധ്യതയുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. റമസാന് ഇനി ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. പാകമാകാത്ത സാഹചര്യത്തില്‍ വിളവെടുപ്പ് സാധ്യമാകാനിടയില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനലവധിക്കു നാട്ടില്‍ പോകുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ ഈത്തപ്പഴം ധാരാളം കൊണ്ടുപോയിരുന്നു. ഇത്തവണ അവര്‍ക്കും അസാധ്യമാകും.
അടുത്തമാസം അവസാന വാരമാണ് വേനലവധിക്കു വിദ്യാലയങ്ങള്‍ അടക്കുക. ഇതോടെ പ്രവാസി കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്ക് യാത്രയാകും. മറ്റേതിനേക്കാളുമുപരി ഈത്തപ്പഴം നാട്ടില്‍ കൊണ്ടുപോകാനാണ് പലരും താത്പര്യപ്പെട്ടിരുന്നത്.

Latest