Connect with us

Ongoing News

കുടിവെള്ളം നിഷേധിച്ചു; 40 ദിവസം കൊണ്ട് യുവാവ് കിണര്‍ നിര്‍മ്മിച്ചു

Published

|

Last Updated

നാഗ്പൂര്‍: ഉയര്‍ന്ന ജാതിക്കാരനായ പ്രദേശവാസി തന്റെ ഭാര്യയെ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ അനുവദിക്കാതിരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സ്വന്തമായി 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ച് ഭര്‍ത്താവിന്റെ മധുരപ്രതികാരം. മഹാരാഷ്ട്രയിലെ വസിം ജില്ലയിലെ കലംബേശ്വറിലാണ് സംഭവം. ബാപുറാവു താജ്‌നെ എന്നയാളാണ് ഒറ്റയ്ക്കു കിണര്‍ കുഴിച്ചത്. സാധാരണയായി നാലഞ്ചുപേര്‍ ചേര്‍ന്ന ചെയ്യുന്ന ജോലിയാണ് ബാപുറാവു ഒറ്റയ്ക്കു ചെയ്തു തീര്‍ത്തത്.

ദലിത് വിഭാഗത്തില്‍പ്പെടുന്നതിനാലാണ് തന്നെയും പ്രദേശത്തെ മറ്റ് ദലിത് വിഭാഗത്തില്‍പ്പെടുന്നവരേയും അയല്‍വാസിയുടെ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ സമ്മതിക്കാത്തതെന്ന് തജ്‌നേ പറഞ്ഞു. തജ്‌നേ സ്വന്തമായി കിണര്‍ കുഴിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളെല്ലാം ഇപ്പോള്‍ ഇവിടെ നിന്നാണ് ആവശ്യത്തിനുള്ള വെള്ളമെടുക്കുന്നത്. കര്‍ഷക തൊഴിലാളിയായ തജ്‌നേ ജോലിക്കു പോകുന്നതിനു മുന്‍പ് 4 മണിക്കൂറും ജോലിക്കുശേഷം 2 മണിക്കൂറും കിണര്‍ കുഴിച്ചു ഇങ്ങനെ ഒരു ദിവസം ഇദ്ദേഹം 14 മണിക്കൂറോളം നിര്‍ത്താതെ ജോലിചെയ്തിരുന്നു. 40 ദിവസത്തെ തജ്‌നയുടെ നിതാന്ത പരിശ്രമത്തിനു ശേഷം കിണറില്‍ വെള്ളം കണ്ടു.ഇദ്ദേഹത്തിന്റെ കുടുംബാഗംങ്ങള്‍ പോലും കിണര്‍ കുഴിക്കുന്നതിനായി തജ്‌നയെ സഹായിച്ചില്ല. സമീപത്തെ മൂന്ന് കുഴല്‍ക്കിണറുകള്‍ കടുത്ത വേനലില്‍ വറ്റിയതാണ് ഇവിടെ ജലക്ഷാമത്തിന് ഇടയാക്കിയത്.

WELL2തന്റെ കഠിനാധ്വാനം ഫലം കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് തജ്‌നെ പറഞ്ഞു. ഭൂമിശാസ്ത്രപരമായി സ്ഥാനം നോക്കിയല്ല താന്‍ കിണര്‍ കുഴിക്കുന്നതിനായുള്ള സ്ഥാനം നിര്‍ണ്ണയിച്ചതെന്ന് തജ്‌നേ പറഞ്ഞു.തനിക്ക് സ്ഥാനം നിര്‍ണ്ണയിക്കാന്‍ അറിയില്ല, പണി ആരംഭിക്കുന്നതിനു മുന്‍പ് ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും തജ്‌നേ പറഞ്ഞു.

തജ്‌നേ കുഴിച്ച കിണറിന് ഇപ്പോള്‍ 15 അടി താഴ്ചയാണുള്ളത്. അത് 20 അടി ആക്കണമെന്നാണ് തജ്‌നേയുടെ ആവശ്യം. ആറടി വ്യാപ്തി എട്ടടിയാക്കാനുമാണ് തജ്‌നേയുടെ അടുത്ത പരിശ്രമം. ഇതിന് ഗ്രാമവാസികള്‍ തന്റെ സഹായത്തിനുണ്ടാകുമെന്ന് തജ്‌നെ കരുതുന്നു. ഇനി മറ്റുള്ളവരുടെ പരിഹാസം കേള്‍ക്കാതെ സ്വന്തം കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ കഴിയുമല്ലോ എന്ന സന്തോഷത്തിലാണ് തജ്‌നെയുടെ ഭാര്യയും കൂട്ടുകാരും.

Latest