Connect with us

National

പിതാവ് ചായവില്‍പ്പനക്കാരനായതിനാല്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ചായ വില്‍പ്പനക്കാരനായിരുന്നെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്ത് പിതാവ് ചായ വില്‍പ്പനക്കാരനാണെന്ന കാരണത്താല്‍ പബ്ലിക് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥിയെ പുറത്താക്കി. ഉത്തര്‍പ്രദേശിലെ ബാഗ്പതിലെ മഹാവീര അക്കാദമി സ്‌കൂളിലാണ് സംഭവം.

ബാഗ്പത് സ്വദേശിയായ അരിഹന്ദ് ജെയിന്‍ എന്ന വിദ്യാര്‍ഥിയെയാണ് സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയത്. സംഭവം രണ്ട് വര്‍ഷം മുമ്പാണ് നടന്നതെങ്കിലും വിവാദമാകുന്നത് ഇപ്പോഴാണ്. സ്‌കൂള്‍ അധികൃതരുടെ നടപടി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവാദം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതോടെ ദേശീയമാധ്യമങ്ങളിലും സജീവ ചര്‍ച്ചയായിമാറി. അരിഹന്ദിന്റെ പിതാവ് മന്‍ഗത്രായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചായ വില്‍പ്പന നടത്തിവരികയാണ്. ഇവരുടെ കുടുംബത്തിന്റെ ആകെയുള്ള വരുമാന മാര്‍ഗമാണിത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതെന്ന് മന്‍ഗത്രായി പറയുന്നു. അവനെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. പഠനത്തില്‍ മാത്രമല്ല, കലാ, കായിക മേഖലകളിലും മകന്‍ മികവ് കാണിച്ചിരുന്നു. ഒരു സ്‌കൂളും ഇത്തരം നിലപാട് സ്വീകരിക്കരുതെന്നും അദ്ദേഹം പറയുന്നു.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പലരെയും അന്ന് സമീപിച്ചു. എന്നാല്‍, ഒരു നടപടിയുമുണ്ടായില്ല. വിഷയം ഇനി മന്ത്രി സ്മൃതി ഇറാനിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്‍ഗത്രായി പറഞ്ഞു.

പിതാവ് മന്‍ഗത്രായി (ഇന്‍സെറ്റില്‍ അരിഹന്ദ്)