Connect with us

Kerala

ജിഷയുടെ കൊലപാതകം:അന്വേഷണം വഴിമുട്ടുന്നു

Published

|

Last Updated

പെരുമ്പാവൂര്‍:ദളിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതക കേസില്‍ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ത്തപ്പുന്നു. തെളിവുകളോ വ്യക്തമായ സാക്ഷികളോ ഇല്ലാതെ കേസ് സംശയാസ്പദമായവരുടെ പുറകെ മാത്രം സഞ്ചരിക്കുന്ന അവസ്ഥയാണിപ്പോള്‍. കസ്റ്റഡിയില്‍ എടുക്കുന്നവരെല്ലാം ഏതെങ്കിലും വിധത്തില്‍ ജിഷയുമായോ കുടുംബമായോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടുള്ളവരാണെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നും തന്നെ ഇല്ലാത്തതാണ് അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്.

അതിനിടെ, തനിക്ക് ഇതരസംസ്ഥാന തൊഴിലാളി സുഹൃത്തുണ്ടെന്ന് പ്രചരിപ്പിക്കുന്ന പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ ജിഷയുടെ സഹോദരി ദീപ രംഗത്തെത്തി. ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മലയാളമല്ലാതെ ഒരു ഭാഷയും സംസാരിക്കാന്‍ പോലുമറിയാത്ത താന്‍ എങ്ങനെ ഇതര സംസ്ഥാന തൊഴിലാളികളുമായി പരിചയപ്പെടുമെന്ന് അവര്‍ ചോദിക്കുന്നു.
വീട് നിര്‍മിക്കാന്‍ എത്തിയവര്‍ ഭീഷണിപ്പെടുത്തിയതായി ജിഷ പറഞ്ഞിരുന്നു. ഇവര്‍ മലയാളികളാണെന്നും ദീപ പറഞ്ഞു. അയല്‍വാസികള്‍ക്ക് ഞങ്ങളുമായി ശത്രുതയുണ്ട്. അറിയാവുന്ന കാര്യങ്ങള്‍ പോലീസിനോടും വനിതാ കമ്മീഷനോടും പറഞ്ഞിട്ടുണ്ട്. ദീപയുടെ സുഹൃത്താണ് കേസിലെ പ്രതിയെന്ന പോലീസ് വാദം ശക്തിപ്പെടുന്നതിനിടയിലാണ് ദീപയുടെ അഭിപ്രായപ്രകടനം.

അതിനിടെ, ദീപയുടെ സുഹൃത്തായ ഒരാള്‍ ബെംഗളൂരുവില്‍ നിന്ന് പിടിയിലായതായി പോലീസ് പറയുന്നു. ഇയാള്‍ മുമ്പ് ഒരു വീട്ടില്‍ കയറി അക്രമം നടത്തിയ കേസില്‍ പ്രതിയാണ്. കൊലപാതകം നടന്ന ദിവസം ഇയാള്‍ ജിഷയുടെ വീടിരിക്കുന്ന മൊബൈല്‍ പരിധിയിലുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കൊപ്പം സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി നിരീക്ഷണത്തിലുണ്ടെന്നും സൂചനയുണ്ട്. ഇയാളുടെ പുതിയൊരു രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്.

ഇതര സംസ്ഥാനക്കാരന്റേതെന്ന് തോന്നിക്കുന്നതാണ് ചിത്രം. എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ രേഖാചിത്രം പോലീസ് പരസ്യപ്പെടുത്തിയിട്ടില്ല. ഇന്നലെ ജിഷയുടെ വീടിനടുത്തെ ഇരിങ്ങോള്‍ക്കാവില്‍ തിരച്ചില്‍ നടത്തി. കൊലനടന്ന ദിവസം ഒരാളെ കാവില്‍ കണ്ടതായുള്ള മൊഴിയെ തുടര്‍ന്നായിരുന്നു പരിശോധന. സമീപവാസികളുടെ മൊഴികള്‍ അനുസരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെങ്കിലും വ്യക്തമായ മൊഴി നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

അതേസമയം, ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ പ്രതിഷേധം തുടരുകയാണ്. ഇന്നലെ വൈകീട്ട് വനിതാ സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മാര്‍ച്ചിന് നേരെ പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് നാല് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റു. ജസ്റ്റിസ് ഫോര്‍ ജിഷ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് പെരുമ്പാവൂര്‍ ഡി വൈ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. എല്‍ ഡി എഫ് നടത്തുന്ന രാപ്പകല്‍ സമരം തുടരുകയാണ്.

Latest