Connect with us

Kerala

ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന: മുസ്‌ലിം ലീഗും യോജിക്കുന്നുണ്ടോ- കോടിയേരി

Published

|

Last Updated

മലപ്പുറം: ബി ജെ പി ശക്തി കേന്ദ്രങ്ങളില്‍ മത്സരം ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും മുസ്‌ലിം ലീഗും യോജിക്കുന്നുണ്ടോയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ വിഷയത്തില്‍ ഇരുകൂട്ടരും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബിന്റെ നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന തിരഞ്ഞെടുപ്പില്‍ വഴിമുട്ടിയ ബി ജെ പിക്ക് വഴികാണിച്ച് കൊടുക്കുന്ന സമീപനമാണ്. ഇതുവഴി ബി ജെ പിക്ക് കൂടുതല്‍ വോട്ട് നേടി കൊടുക്കാന്‍ വഴിയൊരുക്കും. നിയമസഭയില്‍ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചാല്‍ അതിന് ഉത്തരവാദി ഉമ്മന്‍ചാണ്ടി മാത്രമായിരിക്കുമെന്ന് കോടിയേരി വ്യക്തമാക്കി. ഈ വിഷയത്തില്‍ കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരമെന്ന എ കെ ആന്റണിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ വനിതാ ഓഫീസര്‍മാര്‍ അടങ്ങിയ വിദഗ്ധ സംഘത്തെ നിയോഗിക്കണം. നിലവില്‍ അന്വേഷണം ഫലപ്രദമല്ല, അതിനാലാണ് കൊലപാതകം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയാത്തത്. എന്നാല്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണങ്ങള്‍ ലക്ഷ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും സൗമ്യ വധക്കേസും നിലമ്പൂരിലെ രാധാവധക്കേസും ഇതിന് ഉദാഹരണങ്ങളാണെന്ന് കോടിയേരി അറിയിച്ചു.

Latest