Connect with us

Kerala

തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി മാവോയിസ്റ്റ പോസ്റ്റര്‍

Published

|

Last Updated

താമരശ്ശേരി: തിരഞ്ഞെടുപ്പ് ബഹിഷ്‌കരണമെന്ന ആഹ്വാനവുമായി പുതുപ്പാടിയില്‍ മാവോയിസ്റ്റ പോസ്റ്റര്‍. മാവോയിസ്റ്റ് സംഘടനയായ പോരാട്ടത്തിന്റെ പേരിലാണ് ഈങ്ങാപ്പുഴ ബസ്റ്റാന്റ് പരിസരത്തും കോടഞ്ചേരി റോഡിലും പഞ്ചായത്ത് ബസാറിലും പത്തോളം പോസ്റ്ററുകള്‍ പതിച്ചത്. വിനാശ വികസനത്ത്, സാമ്രാജ്യത്വ സേവകര്‍ക്ക്, ജന ശത്രുക്കള്‍ക്ക് നാം എന്തിനു വോട്ട ചെയ്യണം എന്നു ചോദിച്ചാണ് പോരാട്ടം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്.

കര്‍ഷകരെ, തൊഴിലാളികളെ, ആദിവാസികളെ, ദളിതരെ, മുസ്‌ലിംകളെ സ്ത്രീകളെ, മതന്യൂനപക്ഷങ്ങളെ ദേശീയതകളെ മര്‍ദിച്ചൊതുക്കുന്ന പാര്‍ലിമെന്ററി തിരഞ്ഞെടുപ്പല്ല വിമോചനത്തിന്റെ പാത, ജനകീയ പോരട്ടങ്ങളാണ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക, യതാര്‍ഥ ജനാധിപത്യത്തിനായി പോരാടുക എന്നും പോസ്റ്ററില്‍ പറയുന്നു. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ പോസ്റ്ററിലുണ്ടെങ്കിലും ഇത് സ്വിച്ചോഫ് ചെയ്ത നിലയിലാണ്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് വിവരം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പോസ്റ്ററുകള്‍ കസ്റ്റഡിയിലെടുത്ത താമരശ്ശേരി പോലീസ് യു എ പി എ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോസ്റ്ററിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ആരംഭിച്ചു. തൃശൂര്‍ ഈസ്റ്റ്, വയനാട് എന്നിവിടങ്ങളില്‍ അടുത്തിടെ ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇതിന്നുപിന്നാലെയാണ് പുതുപ്പാടിയിലും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ചുരത്തിലും പുതുപ്പാടിയിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തണ്ടര്‍ബോള്‍ഡും ലോക്കല്‍ പോലീസും പലപ്പോഴായി വനപ്രദേശത്ത് പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ പുതുപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

---- facebook comment plugin here -----

Latest